ചെന്നൈ: വനിതാ വോട്ടറുടെ വസ്ത്രങ്ങൾ അലക്കി വോട്ട് അഭ്യർത്ഥിച്ചൊരു സ്ഥാനാർത്ഥി. തമിഴ്നാട്ടിലെ നാഗപട്ടണം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി തങ്ക കതിരവനാണ് വ്യത്യസ്ത രീതിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത്.
തിങ്കളാഴ്ച്ച നാഗോറിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയതിനിടയിലാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള സ്ഥാനാർത്ഥിയുടെ പ്രകടനം. വണ്ടിപ്പേട്ടയിൽ ഓരോ വീട്ടിലും കയറി വോട്ട് തേടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സമീപത്ത് ഒരു സ്ത്രീ അലക്കുന്നത് സ്ഥാനാർത്ഥിയുടെ ശ്രദ്ധയിൽപെട്ടത്.
ഉടനെ തന്നെ സ്ത്രീയുടെ സമീപത്ത് ചെന്ന തങ്ക കതിരവൻ വസ്ത്രങ്ങൾ താൻ അലക്കാമെന്ന് പറയുകയായിരുന്നു. ഇതുകേട്ട് ആശ്ചര്യപ്പെട്ട സ്ത്രീ അദ്ദേഹത്തെ വിലക്കുകയും ചെയ്തു. എങ്കിലും സ്ഥാനാർത്ഥിയുടെ സ്നേഹപൂർവമായ നിർബന്ധത്തിനൊടുവിൽ വീട്ടമ്മ അദ്ദേഹത്തിന് അലക്കികൊണ്ടിരുന്ന വസ്ത്രങ്ങൾ നൽകി.
നിലത്ത് കുത്തിയിരുന്ന കതിരവൻ ഏതാനും മിനുട്ടുകളോളം അലക്കൽ തുടരുകയും ചെയ്തു. അലക്ക് മാത്രമല്ല, അടുത്തുണ്ടായിരുന്ന കുറച്ച് പാത്രങ്ങളും അദ്ദേഹം കഴുകി. വോട്ട് തേടിയെത്തിയ സ്ഥാനാർത്ഥി അലക്കുന്നത് കണ്ട് നാട്ടുകാരും ചുറ്റും കൂടി. എല്ലാവരോടും തനിക്ക് തന്നെ ഉറപ്പായും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചാണ് കതിരവനും സംഘവും മടങ്ങിയത്.
എന്തുകൊണ്ടാണ് അലക്കി പ്രചരണം നടത്തിയതെന്ന ചോദ്യത്തിന് കതിരവന്റെ മറുപടി ഇങ്ങനെയാണ്, "അമ്മയുടെ സർക്കാർ ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ എല്ലാവർക്കും വാഷിങ് മെഷീൻ നൽകുന്നതായിരിക്കും. വാഷിങ് മെഷീനിൽ അലക്കിയാൽ നമ്മുടെ വീട്ടമ്മമാരുടെ കൈകൾ വേദനിക്കില്ല. സർക്കാർ അത് ഉറപ്പു വരുത്തും". ഇതിന്റെ സൂചനയായിട്ടാണ് തന്റെ പ്രവർത്തിയെന്നും തങ്ക കതിരവൻ പറഞ്ഞതായി ന്യൂ ഇന്ത്യൻഎക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
Tamil Nadu: AIADMK candidate Thanga Kathiravan from Nagapattinam washed people’s clothes and promised to give washing machine after winning elections during campaigning yesterday. pic.twitter.com/gvSgUy6UT6
— ANI (@ANI) March 23, 2021
എഐഎഡിഎംകെ നാഗപട്ടണം ടൗൺ സെക്രട്ടറിയാണ് കതിരവൻ. അമ്പതുകാരനായ കതിരവൻ തന്റെ ആദ്യ അസംബ്ലി തെരഞ്ഞെടുപ്പിനാണ് തയ്യാറെടുക്കുന്നത്. ഏറെ കാലത്തെ പാർട്ടി പ്രവർത്തനത്തനം നടത്തിയ കതിരവന് ഇക്കുറി പാർട്ടി അവസരം നൽകുകയായിരുന്നു.
കേരളത്തിനൊപ്പം തമിഴ്നാട്ടിലും ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് 2 ന് ഫലം പുറത്ത് വിടും. മുതിർന്ന രാഷ്ട്രീയ നേതാക്കളായിരുന്ന കരുണാനിധി, ജയലളിത തുടങ്ങിയവർ മരണപ്പെട്ടതിന് ശേഷം തമിഴ്നാട്ടിലെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണിത്.
തെരഞ്ഞെടുപ്പ് അടുക്കുന്തോറും വാഗ്ദാനങ്ങളുടെ പെരുമഴയാണ് പാർട്ടികൾ നടത്തുന്നത്. വാഷിങ് മെഷീന് പുറമേ, സോളാർ സ്‌റ്റൗ, എല്ലാവർക്കും വീട് തുടങ്ങിയവയാണ് എഐഎഡിഎംകെയുടെ വാഗ്‌ദാനം. കോവിഡ് ധനസഹായമായി റേഷൻ കാർഡ് ഉടമകൾക്ക് 4000 രൂപ, തദ്ദേശീയർക്ക് 75 ശതമാനം തൊഴിൽ സംവരണം എന്നിവയാണ് ഡിഎംകെയുടെ പ്രകടനപത്രികയിലുള്ളത്. അധികാരത്തിലെത്തിയാൽ ആദ്യ 100 ദിനത്തിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുമെന്നും ഡിഎംകെ വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AIADMK, DMK, E k palaniswami, MK Stalin, Tamil nadu