• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇത് അഡ്വാന്‍സ്; കേരളത്തെ ഇനിയും സഹായിക്കും: ഗവര്‍ണറോട് പ്രധാനമന്ത്രി


Updated: August 26, 2018, 3:15 PM IST
ഇത് അഡ്വാന്‍സ്; കേരളത്തെ ഇനിയും സഹായിക്കും: ഗവര്‍ണറോട് പ്രധാനമന്ത്രി

Updated: August 26, 2018, 3:15 PM IST
ന്യൂഡൽഹി: പ്രളയക്കെടുതിയിൽ കേരളത്തിന് ഇപ്പോൾ അനുവദിച്ച 600 കോടിയുടെ ധനസഹായം അഡ്വാൻസ് മാത്രമാണെന്നും, ഇനിയും സഹായം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി സന്ദർശിച്ച ഗവർണർ ജസ്റ്റിസ് പി സദാശിവത്തോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രളയം മൂലം കേരളത്തിലെ ജനങ്ങള്‍ നേരിട്ട യാതനയെയും സംസ്ഥാനത്തെ രക്ഷാ, പുനരധിവാസപ്രവര്‍ത്തനങ്ങളെയും പറ്റി ഇരുവരും ചര്‍ച്ച നടത്തി.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് യാതൊരു മടിയും കൂടാതെ സമയോചിതമായി തന്നെയാണ് സഹായം നല്‍കിയിട്ടുള്ളതെന്നും ഓഗസ്റ്റ് 17, 18 തീയതികളിലെ കേരള സന്ദര്‍ശനത്തിനുശേഷം രക്ഷാപ്രവര്‍ത്തനം താന്‍ കൃത്യമായി എന്നും നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഗവര്‍ണറെ അറിയിച്ചു. തന്റെ നിര്‍ദേശപ്രകാരം തന്നെയാണ് കാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായ ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി നിത്യേന യോഗം ചേര്‍ന്ന് ഓഗസ്റ്റ് 16 മുതല്‍ 21 വരെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്തത്. ഉയര്‍ന്ന സൈനിക, സിവില്‍ ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണസേനാ പ്രതിനിധികളും മറ്റുമടങ്ങിയ ഈ സമിതിയില്‍ കേരള ചീഫ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി പങ്കെടുത്തിരുന്നു.

ഈ യോഗങ്ങളുടെ പശ്ചാത്തലത്തിലാണ് 40 ഹെലിക്കോപ്റ്റര്‍ 31 വിമാനം, 182 രക്ഷാടീമുകള്‍, 18 സൈനിക മെഡിക്കല്‍ സംഘങ്ങള്‍, 58 ദേശീയ ദുരന്തനിവാരണസേനാ ടീമുകള്‍ , ഏഴു കമ്പനി കേന്ദ്ര സായുധസേന , നേവി , കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍, രക്ഷാസന്നാഹങ്ങളുള്ള 500 ബോട്ടുകള്‍ എന്നിവയെ വിന്യസിച്ചുകൊണ്ട് കേന്ദ്രം ഒരു വിപുലമായ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നോട്ടിഫൈ ചെയ്യപ്പെട്ട ഏത് ദുരന്തത്തിലും രക്ഷാപ്രവര്‍ത്തനത്തിനായി ധനസഹായമനുവദിക്കുന്നത് ദേശീയ, സംസ്ഥാന പ്രതികരണനിധിയുടെ മാനദണ്ഡം അനുസരിച്ചാണ്. സംസ്ഥാന ദുരന്തപ്രതികരണനിധിഎന്ന നിലയില്‍ ഓരോ സംസ്ഥാനത്തിനും അനുവദിച്ച ഫണ്ടിന്റെ 75% തുകയും ധനകാര്യ കമ്മീഷന്‍ അനുമതിപ്രകാരം കേന്ദ്രം നല്‍കിയിട്ടുള്ളതാണ്. പ്രത്യേക പരിഗണയര്‍ഹിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണനിധിയിലേക്ക് 90% ആണ് കേന്ദ്രം നല്‍കുക.

സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ജൂലൈ 21ന് സര്‍ക്കാര്‍ ഒരു ഇടക്കാല മെമ്മോറാണ്ടം കേന്ദ്രത്തിന് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 12 ന് ഒരു കേന്ദ്ര ഇന്റര്‍ മിനിസ്റ്റീരിയല്‍ ടീം കേരളം സന്ദര്‍ശിച്ച് നഷ്ടത്തിന്റെ കണക്കെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ രാജ്നാഥ് സിംഗ്, സഹമന്ത്രി ശ്രീ കിരണ്‍ റിജിജു എന്നിവരുടെ സന്ദര്‍ശനവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഇപ്പോഴത്തെ പ്രളയം വരുത്തിയ നഷ്ടത്തെക്കുറിച്ചുള്ള ഒരു അഡീഷണല്‍ മെമോറാണ്ടം രക്ഷാപ്രവര്‍ത്തനം തീരുന്നമുറയ്ക്ക് സംസ്ഥാനം നല്‍കുമെന്നാണ് അറിയുന്നത്. എന്നാല്‍, ഇതിനുള്ള കാലതാമസം പരിഗണിച്ചാണ് 600 കോടി രൂപ സഹായമായി അനുവദിച്ചത്. ഇതാകട്ടെ, സംസ്ഥാന ദുരന്ത പ്രതികരണനിധിയിലേക്ക് കേരളത്തിന് നല്‍കിയിട്ടുള്ള 562.45 കോടി രൂപയ്ക്കു പുറമേയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക സഹായത്തിനുപുറമേ ആഹാരം, ജലം, മരുന്നുകള്‍, ധാന്യങ്ങള്‍ തുടങ്ങിയവയും കേരളത്തിന്റെ ആവശ്യമനുസരിച്ച് എത്തിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ അടിയന്തരസാഹചര്യം പരിഗണിച്ച നടപടിക്രമങ്ങള്‍ ഒഴിവാക്കിയാണ് സഹായം എത്തിച്ചത്.

ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 600 കോടി രൂപ കേരളത്തിനുള്ള സഹായത്തിന്റെ അഡ്വാന്‍സ് മാത്രമാണ്. ദേശീയ ദുരന്ത പ്രതികരണനിധിയുടെ മാനദണ്ദമനുസരിച്ച് അധിക ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഗവര്‍ണര്‍ക്ക് ഉറപ്പുനല്‍കി.

പ്രധാനമന്ത്രിയെ കണ്ടശേഷം ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ രാജ് നാഥ് സിംഗിനെയും സന്ദര്‍ശിച്ച് സംസ്ഥാനത്തെ ക്രമസമാധാനത്തെയും അതിനെക്കാള്‍ പ്രധാനമയി രക്ഷാ , പുനരധിവാസ പ്രവര്‍ത്തനത്തെയും കുറിച്ച് ധരിപ്പിച്ചു. നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അധിക ധനസഹായം ലഭ്യമാക്കുമെന്ന് അദ്ദേഹവും ഉറപ്പുനല്‍കി.
First published: August 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍