ഇന്റർഫേസ് /വാർത്ത /India / Trending Story | അപ്പോളോ ആശുപത്രിയിൽ ജയലളിതയ്ക്ക് ലഭിച്ചത് മികച്ച ചികിത്സ; ക്ലീൻ ചിറ്റ് നൽകി AIIMS സംഘം

Trending Story | അപ്പോളോ ആശുപത്രിയിൽ ജയലളിതയ്ക്ക് ലഭിച്ചത് മികച്ച ചികിത്സ; ക്ലീൻ ചിറ്റ് നൽകി AIIMS സംഘം

ജയലളിത

ജയലളിത

2016 സെപ്തംബർ 22നാണ് അർധബോധാവസ്ഥയിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രിയെ പോയസ് ഗാർഡനിൽ നിന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്

  • Share this:

മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് (Jayalalithaa) അവസാനകാലത്ത് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ (Apollo Hospital) ഏറ്റവും മികച്ച ചികിത്സയാണ് ലഭിച്ചതെന്ന് അന്വേഷണ റിപ്പോർട്ട്. ജയലളിതയുടെ ചികിത്സയിൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തിയ ആൾ ഇന്ത്യ മെഡിക്കൽ സയൻസ് (AIMS) സംഘമാണ് കണ്ടെത്തിയിരിക്കുന്നത്. ജയലളിതക്ക് വേണ്ട വിധത്തിൽ ചികിത്സ ലഭിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് സുപ്രീം കോടതി ആരോഗ്യ വിദഗ്ദർ അടങ്ങിയ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.

“മുൻ മുഖ്യമന്ത്രി (ജയലളിതയുടെ) ചികിത്സ ശരിയായ മെഡിക്കൽ പ്രാക്ടീസ് പ്രകാരമാണ് നടന്നിട്ടുള്ളത്. നൽകിയ പരിചരണത്തിൽ പിഴവുകളൊന്നും കണ്ടെത്തിയിട്ടില്ല. മെഡിക്കൽ രേഖകളുടെ അടിസ്ഥാനത്തിൽ, ശ്വാസകോശത്തിൽ അണുബാധയും ബാക്ടീരിയയും സെപ്റ്റിക് ഷോക്കുമാണ് അവസാന രോഗനി‍ർണയത്തിൽ ഡോക്ട‍ർമാർ കണ്ടെത്തിയത്,” ആഗസ്ത് 4ന് സമർപ്പിച്ച റിപ്പോർട്ടിൽ എയിംസ് സംഘം പറയുന്നു.

ജയലളിതയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ ഹൃദ്രോഗവും ഉണ്ടായിരുന്നു. കൂടാതെ പ്രമേഹം നിയന്ത്രിക്കാനാവാത്ത നിലയിലായിരുന്നു. വെ‍ർട്ടിഗോ, പ്രമേഹം, അറ്റോപിക് ഡെർമറ്റൈറ്റിസ് (ചർമ്മത്തിലെ ചൊറിച്ചിൽ ), ഇറിറ്റബിൾ ബവൽ സിൻഡ്രോം, ഹൈപ്പോതൈറോയിഡ്, ക്രോണിക് ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ ജയലളിത ചികിത്സയിലായിരുന്നുവെന്നാണ് സമിതിയുടെ നിഗമനം.

1998 മുതൽ ജയലളിതയെ ചികിത്സിച്ചിരുന്ന ഡോ ശിവകുമാർ പറയുന്നത് പ്രകാരം പ്രമേഹം മൂർച്ഛിച്ചിട്ടും മധുരം, കേക്കുകൾ, മുന്തിരി തുടങ്ങിയവ കഴിക്കുന്നതിലൊന്നും ജയലളിത ഒരു നിയന്ത്രണവും വരുത്തിയിരുന്നില്ല. 2016 സെപ്തംബർ 22നാണ് അർധബോധാവസ്ഥയിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രിയെ പോയസ് ഗാർഡനിൽ നിന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. ഹൃദയമിടിപ്പിലും പൾസിലും വലിയ ഏറ്റക്കുറച്ചിലുകൾ ആ സമയത്ത് തന്നെ ഉണ്ടായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.

സെപ്തംബർ 28 ആയപ്പോഴേക്കും ജയലളിതയുടെ ആരോഗ്യസ്ഥിതി തീർത്തും ഗുരുതരമായിരുന്നു. ഇതോടെ അവരെ വെൻറിലേറ്ററിലേക്ക് മാറ്റി. ഈ ഘട്ടത്തിലൊക്കെയും വിദേശത്തെ വിദഗ്ദ ഡോക്ടർമാരുടെ വരെ സേവനം ലഭ്യമാക്കിയാണ് അപ്പോളോയിൽ ചികിത്സ മുന്നോട്ട് പോയതെന്നാണ് എയിംസ് സംഘത്തിൻെറ കണ്ടെത്തൽ. 75 ദിവസമാണ് ജയലളിത ആശുപത്രിയിൽ കഴിഞ്ഞത്. 2016 ഡിസംബർ 5നാണ് അവർ അന്തരിച്ചുവെന്ന വാർത്ത ആശുപത്രി വൃത്തങ്ങൾ പുറത്ത് വിട്ടത്.

എയിംസിലെ കാർഡിയോളജി പ്രൊഫസർ സന്ദീപ് സേത്ത്, പൾമണറി മെഡിസിൻ മേധാവി അനന്ത് മോഹൻ എന്നിവ‍ർ സംഘത്തിലുണ്ടായിരുന്നു. അനസ്‌തേഷ്യോളജി പ്രൊഫസർ വിമി റെവാരി, കാർഡിയോതൊറാസിക് വാസ്കുലർ സർജറി പ്രൊഫസർ മിലിന്ദ് ഹോട്ടെ, എൻഡോക്രൈനോളജി പ്രൊഫസർ രാജേഷ് കഡ്ഗാവത്, ഡോ. അഭിഷേക് യാദവ്, ഡോ. അനന്ത് നവീൻ കെ റെഡ്ഡി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. സന്ദീപ് സേത്താണ് സംഘത്തിന് നേതൃത്വം നൽകിയത്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും ദുരൂഹതകളും അവസാനിപ്പിക്കാൻ വേണ്ടി സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷനെ കഴിഞ്ഞ എഐഎഡിഎംകെ സർക്കാർ നിയമിച്ചിരുന്നു. ഇവരോട് സഹകരിച്ചാണ് എയിംസ് സംഘം പ്രവർത്തിച്ചത്.

First published:

Tags: J Jayalalitha, J Jayalalithaa, Jayalalitha biopic