വിമാനത്തിൽ കയറുന്നതിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് തളർന്ന് വീണുപോയ ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. എയർ ഇന്ത്യ (Air India) ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് വീഡിയോ പോസ്റ്റ് ചെയ്തയാൾ ആരോപിക്കുന്നത്. ബോർഡിങ് ഗേറ്റിലെത്തിയിട്ടും ഇവർക്ക് അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. പാനിക് അറ്റാക്ക് (Panic Attack) ഉണ്ടായതിനെ തുടർന്ന് സ്ത്രീ താഴെ വീഴുകയായിരുന്നു. അവരെ സഹായിക്കാനോ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനോ എയർ ഇന്ത്യ അധികൃതർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. സ്ത്രീയുടെ മരുമകനാണ് സോഷ്യൽ മീഡിയയിൽ (Social Media) വീഡിയോ പോസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ പരമാവധി ഷെയർ ചെയ്യണമെന്നും തങ്ങൾക്കുണ്ടായ മോശം അനുഭവത്തിൽ എയർ ഇന്ത്യ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും വീഡിയോ പോസ്റ്റ് ചെയ്തയാൾ ആവശ്യപ്പെടുന്നു. മെഡിക്കൽ സഹായം നൽകുന്നതിന് പകരം സെക്യൂരിറ്റിയെ വിളിക്കാനാണ് എയർ ഇന്ത്യ ജീവനക്കാർ തയ്യാറായത്. ഹൃദ്രോഗവും പ്രമേഹവുമുള്ള സ്ത്രീയെ എത്രയും പെട്ടെന്ന് വിമാനത്താവളത്തിൽ നിന്ന് പുറത്താക്കാനാണ് അവർ ശ്രമിച്ചതെന്നും ആരോപിക്കുന്നു.
ഏതായാലും സംഭവവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യയുടെ വിശദീകരണവും പുറത്ത് വന്നിരിക്കുകയാണ്. ഇത് വസ്തുതകൾ മറച്ച് വെച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ആണെന്നാണ് എയർ ഇന്ത്യ പറയുന്നത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ് പ്രകാരം സംഭവം ഉണ്ടായത് ഇങ്ങനെയാണ്. സ്ത്രീയും ഒപ്പം രണ്ട് പേരുമാണ് വിമാനത്തിൽ കയറാനായി എത്തിയത്.
സെക്യൂരിറ്റി ചെക് പോയൻറിൽ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് തങ്ങളെ ബോർഡിങിന് വേണ്ടി സഹായിക്കണമെന്ന് ഇവർ ജീവനക്കാരോട് അഭ്യർഥിച്ചു. എന്നാൽ, ജീവനക്കാർ ഇവർക്ക് യാതൊരു സഹായവും ചെയ്ത് നൽകിയില്ലെന്ന് മാത്രമല്ല, ബോർഡിങ് ഗേറ്റ് തുറക്കാനും തയ്യാറായില്ലെന്നാണ് ആരോപണം. ഫ്ലൈറ്റ് മിസ്സാവും എന്ന അവസ്ഥ വന്നതോടെ സ്ത്രീക്ക് പാനിക്ക് അറ്റാക്ക് ഉണ്ടാവുകയും അവർ താഴെ വീഴുകയും ചെയ്തു.
എയർ ഇന്ത്യ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് ഇതാണ്: “ഡൽഹി എയർപോട്ടിൽ നിന്നുള്ള ഒരു യാത്രക്കാരിയുടെ വീഡിയോ സോഷ്യൽ മീഡിയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. സെക്യൂരിറ്റി ഗേറ്റിന് മുന്നിൽ വീണ് കിടക്കുന്ന സ്ത്രീയോട് എയർ ഇന്ത്യ ജീവനക്കാർ മോശമായി പെരുമാറിയെന്ന തരത്തിൽ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണ്.” ഉത്തരവാദിത്വപ്പെട്ട എയർലെൻസ് എന്ന നിലയിൽ തങ്ങൾക്ക് നിയമം പാലിക്കേണ്ടതുണ്ട്. എല്ലാ യാത്രക്കാരും കൃത്യസമയത്തിന് എത്തിയ ഒരു ഫ്ലൈറ്റ് വീണ്ടും വൈകിപ്പിക്കാൻ തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം വീഡിയോ വന്നതിന് ശേഷം എയർ ഇന്ത്യ അധികൃതർക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് എയർ ഇന്ത്യയിൽ നിന്നും യാത്രക്കാരിക്ക് നേരെ ഉണ്ടായതെന്ന് പലരും ആരോപിക്കുന്നു. ഉത്തരവാദിത്വമുള്ള എയർലൈൻസ് എന്ന നിലയിൽ യാത്രക്കാരിയുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും പ്രാധാന്യം നൽകണമായിരുന്നുവെന്നും ആവശ്യമുയരുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.