ന്യൂഡല്‍ഹി: യാത്രക്കാരെ വഹിക്കാനുള്ള രാജ്യത്തെ എയര്‍പോര്‍ട്ടുകളുടെ ശേഷി വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമെന്നാണ് സൂചന.
ഇതേത്തുടര്‍ന്ന് ബെംഗളുരുവിലെയും മുംബൈയിലേയും എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരുമായി സിവില്‍ ഏവിയേഷന്‍ വകുപ്പ് സെക്രട്ടറി രാജീവ് ബന്‍സല്‍ ചര്‍ച്ച നടത്തിയിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) എന്നിവയുടെ ഡയറക്ടര്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ബെംഗളുരു, മുംബൈ എയര്‍പോര്‍ട്ടുകളില്‍ തിരക്ക് വര്‍ധിച്ച സമയത്ത് അവ നിയന്ത്രിച്ച നടപടികളെപ്പറ്റിയും ചര്‍ച്ചയില്‍ പരാമര്‍ശിച്ചു.
യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഉള്ള ക്രമീകരണങ്ങള്‍ എയര്‍പോര്‍ട്ടുകളില്‍ സ്വീകരിക്കണമെന്ന് രാജീവ് ബന്‍സല്‍ പറഞ്ഞു. എയര്പോര്ട്ടിലെത്തുന്നവരെ ബുദ്ധിമുട്ടിക്കാതെ യാത്ര സുഗമമാക്കുന്ന നയങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഒരു ഡെയ്ലി റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര മന്ത്രാലയത്തിന് സമര്‍പ്പിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. യാത്രക്കാര്‍ക്ക് നല്കുന്ന നിര്‍ദ്ദേശങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും അടങ്ങിയ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കേണ്ടത്.
Also read: ഇനി വിമാനത്താവളങ്ങളിൽ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ബാഗിൽനിന്ന് പുറത്തെടുക്കാതെ സുരക്ഷാ പരിശോധന
പ്രധാന വിമാനത്താവളങ്ങളിലെ സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിലൂടെ എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
യാത്രക്കാരുടെ വര്‍ധനവ് രാജ്യത്തെ ചില എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടിരുന്നു. എയര്‍പോര്‍ട്ടിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വളരെയധികം സമയം യാത്രക്കാര്‍ കാത്തിരിക്കേണ്ട അവസ്ഥയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഡിസംബര്‍ ഏഴിന് സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരുടെ ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിക്കൊണ്ടിരിക്കുകയാണ്. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്,
ചൈനയില്‍ വീണ്ടും കോവിഡ് തരംഗത്തിന് കാരണമായെന്ന് സംശയിക്കുന്ന കൊറോണ വൈറസിന്റെ ഒമിക്രോണ്‍ ബി.എഫ്-7 എന്ന വകഭേദമാണ് ഇന്ത്യയിലും സ്ഥിരീകരിച്ചിരിക്കുന്നത്.
വിദേശത്ത് നിന്നെത്തുന്നവരില്‍ യാത്രക്കാരുടെ സംഘത്തില്‍ നിന്ന് ചിലരെ പരിശോധിച്ച് ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയാണെങ്കില്‍ ബാക്കിയുള്ളവരെ കൂടി പരിശോധിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്യുന്ന നടപടിയിലേക്കാണ് കേന്ദ്രം കടന്നത്.
രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് നടപടി. നിലവില്‍ 3 ബിഎഫ് 7 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തില്‍ രണ്ടും ഒഡീഷയില്‍ ഒരാളിലുമാണ് ചൈനീസ് വകഭേദം സ്ഥിരീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aviation, Aviation Minister, Ministry of Civil Aviation