മുംബൈ: നാടകീയ നീക്കങ്ങൾക്കൊടുവിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പദത്തിൽ നിന്ന് അജിത് പവാർ രാജിവെച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസമാണ് രാജി വെച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ ആയിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ് നാവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്.
ഇതിനെതിരെ ത്രികക്ഷി സഖ്യം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വാദ - പ്രതിവാദങ്ങൾ കേട്ട സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച ഉത്തരവിൽ നാളെ മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് നിർദ്ദേശിച്ചു. നാളെ വൈകുന്നേരം, അഞ്ചു മണിക്കുള്ളിൽ എം എൽ എമാർ സത്യപ്രതിജ്ഞ ചെയ്ത് ഉടൻ തന്നെ വിശ്വാസവോട്ട് തേടണമെന്ന് ആയിരുന്നു നിർദ്ദേശം.
കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് അജിത് പവാർ രാജി വെച്ചിരിക്കുന്നത്. വൈകുന്നേരം മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. രാജി പ്രഖ്യാപനം നടത്തുന്നതിനു വേണ്ടിയായിരിക്കും ഫഡ് നാവിവ് മാധ്യമങ്ങളെ കാണുന്നതെന്ന് സൂചനയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.