• HOME
  • »
  • NEWS
  • »
  • india
  • »
  • രാജ്യത്ത് ആദ്യമായി വെള്ള ചെന്നായയെ കണ്ടെത്തി; സാന്നിദ്ധ്യം കർണാടക വനത്തിൽ

രാജ്യത്ത് ആദ്യമായി വെള്ള ചെന്നായയെ കണ്ടെത്തി; സാന്നിദ്ധ്യം കർണാടക വനത്തിൽ

പുള്ളിപ്പുലികളെക്കുറിച്ച് പഠിക്കുന്നതിനായി സംഘടിപ്പിച്ച നിരീക്ഷണത്തിനിടെയാണ് വെള്ള നിറത്തിലുള്ള ചെന്നായയെ കണ്ടെത്തിയത്.

  • Share this:

    മൈസൂരു: രാജ്യത്ത് ആദ്യമായി കർണാടക വനത്തിൽ വെള്ള ചെന്നായ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്. വെള്ള ചെന്നായയുടെ ഫോട്ടോ കണ്ടെത്തി. കർണാടകയിലെ കാവേരി വന്യജീവി സങ്കേതത്തിലാണ് ഇത്തരത്തിലുള്ള നിറം മാറ്റം വന്ന ചെന്നായയെ ആദ്യമായി കണ്ടത്തിയിട്ടുള്ളത്. ചെന്നായയുടെ നിറംമാറ്റം അവയുടെ സാന്നിദ്ധ്യമുള്ള 11 രാജ്യങ്ങളിൽ ആദ്യത്തേതാണെന്നും ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.

    ജീവശാസ്ത്രജ്ഞനായ സഞ്ജയ് ഗുബ്ബിയും അദ്ദേഹത്തിന്റെ നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനും ഹോളമത്തി നേച്ചർ ഫൗണ്ടേഷനും ചേർന്ന് കാവേരി വന്യജീവി സങ്കേതത്തിൽ നടത്തിയ നിരീക്ഷണത്തിനിടെയാണ് വെള്ള നിറത്തിലുള്ള ചെന്നായയെ കണ്ടെത്തിയത്. പുള്ളിപ്പുലികളെക്കുറിച്ച് പഠിക്കുന്നതിനായി സംഘടിപ്പിച്ച നിരീക്ഷണത്തിനിടെയാണ് വെള്ള ചെന്നായയെ കണ്ടെത്തിയത്.

    ഇപ്പോൾ കണ്ടെത്തിയ വെള്ള നിറമുള്ള ചെന്നായയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ജീവശാസ്ത്രജ്ഞൻമാർക്കിടയിലുണ്ട്. വളർത്തുനായയുമായുള്ള ചെന്നായയുടെ സങ്കരയിനമാണോയെന്നും അവരിൽ ചിലർ സംശയം ഉന്നയിക്കുന്നുണ്ട്. ഡിഎൻഎ പരിശോധനയിലൂടെ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകു. നേരത്തെ തമിഴ്നാട്ടിലെ കോയമ്പത്തൂർ വനം ഡിവിഷനിലെ ഗദ്ദേസലിൽ പ്രകൃതിശാസ്ത്രജ്ഞനും കാപ്പിത്തോട്ടക്കാരനുമായ ആർ. സി. മോറിസ്, സമാനമായ രൂപത്തിലുള്ള ചെന്നായയെ കണ്ടെത്തിയിരുന്നു. എന്നാൽ അതിന്‍റെ ചിത്രം പകർത്താൻ സാധിക്കാത്തതിനാൽ ഔദ്യോഗികമായി രേഖപ്പെടുത്താനായില്ല.

    11 ഏഷ്യൻ രാജ്യങ്ങളിലെ വനങ്ങളിലാണ് വംശനാശഭീഷണി നേരിടുന്ന ഇന്ത്യൻ ചെന്നായകളെ കാണപ്പെടുന്നത്. ഇന്ത്യയെ കൂടാതെ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, കംബോഡിയ, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിലവിൽ ചെന്നായകളുള്ളത്. ഇരകളെ ലഭിക്കാത്തത്, ആവാസവ്യവസ്ഥയുടെ നഷ്ടം, രോഗം എന്നിവയാണ് ചെന്നായകളുടെ വംശനാശത്തിന് കാരണമെന്നും പറയപ്പെടുന്നു. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റിപ്പോർട്ട് അനുസരിച്ച് അഫ്ഗാനിസ്ഥാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മംഗോളിയ എന്നിവിടങ്ങളിൽ ഇവയ്ക്ക് വംശനാശം സംഭവിച്ചിട്ടുണ്ട്.

    ഇന്ത്യയിൽ, 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ II പ്രകാരമാണ് ചെന്നായകൾ സംരക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ മേക്കേദാട്ടു അണക്കെട്ടിന്റെ നിർമ്മാണം മൂലം കർണാടകയിലെ വനപ്രദേശങ്ങളിലും ചെന്നായകൾ വംശനാശ ഭീഷണി നേരിടുകയാണ്.

    Published by:Anuraj GR
    First published: