പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴിലുള്ള 'ലൈറ്റ് ഹൗസ് പ്രോജക്ട് - ചെന്നൈ'യുടെ ഭാഗമായി നിർമ്മിച്ച 1,152 വീടുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. 116 കോടി രൂപ ചെലവഴിച്ചാണ് വീടുകൾ നിർമിച്ചത്. അമേരിക്കയിലും ഫിൻലൻഡിലും ഉപയോഗിക്കുന്ന പ്രീകാസ്റ്റ് കോൺക്രീറ്റ് നിർമ്മാണ സംവിധാനം ഉപയോഗിച്ചാണ് വീടുകൾ നിർമിച്ചിരിക്കുന്നത്.
ഏറ്റവും മികച്ച സാങ്കേതിക വിദ്യകളും ഉത്പന്നങ്ങളും ഉപയോഗിച്ച് രാജ്യത്ത് ആദ്യമായാണ് ഇത്രയും വലിയ തോതിലുള്ള ഒരു നിർമാണം നടക്കുന്നതെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. 2021 ജനുവരി 1 ന് പ്രധാനമന്ത്രി രാജ്യത്തുടനീളമുള്ള ആറ് സ്ഥലങ്ങളിൽ ലൈറ്റ് ഹൗസ് പദ്ധതികളുടെ തറക്കല്ലിടൽ നിർവഹിച്ചിരുന്നു. ഡ്രോൺ വഴിയുള്ള നിരീക്ഷണം ഉൾപ്പെടെ പദ്ധതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പ്രധാനമന്ത്രി പതിവായി അവലോകനം ചെയ്തിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതേദിവസം തന്നെ ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിന്റെ 20-ാം വാർഷികാഘോഷ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു. ചെന്നൈയിൽ 31,400 കോടി രൂപ മുതൽമുടക്കിൽ നടപ്പിലാക്കുന്ന 11 പദ്ധതികളുടെ തറക്കല്ലിടലും മോദി നിർവഹിച്ചു. 75 കിലോമീറ്റർ മധുരൈ-തേനി പദ്ധതിയും ഇതിൽ ഉൾപ്പെടും. 500 കോടിയുടെ പദ്ധതിയിലൂടെ ഈ മേഖലയിലെ ടൂറിസം രംഗം വികസിക്കും എന്നാണ് കരുതപ്പെടുന്നത്. 590 കോടി മുതൽമുടക്കിൽ 30 കിലോമീറ്റർ തംബാരം-ചെങ്കൽപേട്ട് മൂന്നാം ലൈനിനും തുടക്കമിട്ടു. ഇതിലൂടെ കൂടുതൽ സബർബൻ സർവീസുകളും യാത്രക്കാരുടെ സൗകര്യവും മെച്ചപ്പെടും.
262 കിലോമീറ്റർ നീളമുള്ള ബെംഗളുരു-ചെന്നൈ എക്സ്പ്രസ് ഹൈവേയാണ് മറ്റൊരു പദ്ധതി. 14,870 കോടിയുടെ ഈ പദ്ധതി കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ മൂന്ന് ജില്ലകളിലൂടെയാണ് കടന്നു പോകുന്നത്. എക്സ്പ്രസ് ഹൈവേയിലൂടെ ചെന്നൈ-ബെംഗളുരു ദൈർഘ്യം 2-3 മണിക്കൂർ കുറയും. ചെന്നൈ എഗ്മോർ, രാമേശ്വരം, മധുരൈ, കട്പടി, കന്യാകുമാരി എന്നീ അഞ്ച് റെയിൽവേ സ്റ്റേഷനുകളുടെ നവീരണ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു. 1800 കോടിയുടെ പദ്ധതിയാണിത്. ചെന്നൈയിൽ 1,430 കോടിയുടെ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കിന്റെ തറക്കല്ലിടൽ ആണ് മറ്റൊന്ന്.
പദ്ധതികൾ ദക്ഷിണേന്ത്യയിലെ സാമൂഹിക-സാമ്പത്തിക അഭിവൃദ്ധി ഗണ്യമായി മെച്ചപ്പെടുത്താനും വിവിധ മേഖലകളിൽ പരിവർത്തനപരമായ സ്വാധീനമുണ്ടാക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
എന്താണ് പ്രധാനമന്ത്രി ആവാസ് യോജന (Pradhan Mantri Awas Yojana)?
എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ 2015 ജൂണിലാണ് പ്രധാനമന്ത്രി ആവാസ് യോജന കേന്ദ്രസർക്കാർ ആവിഷ്കരിച്ചത്. 2022 ഓടെ രാജ്യത്തെ എല്ലാവർക്കും ഭവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ കീഴിൽ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 80 ലക്ഷം വീടുകൾ പൂർത്തീകരിക്കുന്നതിന് 48,000 കോടി രൂപ വകയിരുത്തുമെന്ന് ഇക്കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. 2020-21സാമ്പത്തിക വർഷത്തിൽ പദ്ധതിയുടെ കീഴിൽ രാജ്യത്തെ വിവിധ ഗ്രാമങ്ങളിലായി 33.99 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കിയതായി 2022 ലെ സാമ്പത്തിക സർവേയിൽ പറഞ്ഞിരുന്നു. നഗര പ്രദേശങ്ങളിൽ 2020-21സാമ്പത്തിക വർഷത്തിൽ 14.56 ലക്ഷം വീടുകൾ നിർമിച്ചതായും സർവേ ചൂണ്ടിക്കാട്ടി.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.