HOME /NEWS /India / ISRO | മുൻകൂട്ടി കാണാൻ സാധിക്കാത്ത തകരാർ; ഐഎസ്ആർഒയുടെ എസ്എസ്എൽവി ദൗത്യം പരാജയപ്പെട്ടതെങ്ങനെ?

ISRO | മുൻകൂട്ടി കാണാൻ സാധിക്കാത്ത തകരാർ; ഐഎസ്ആർഒയുടെ എസ്എസ്എൽവി ദൗത്യം പരാജയപ്പെട്ടതെങ്ങനെ?

ISROയുടെ SSLV-D1 ശ്രീഹരിക്കോട്ടയിൽ നിന്ന് ഉയരുന്നു (ഫോട്ടോ: ISRO)

ISROയുടെ SSLV-D1 ശ്രീഹരിക്കോട്ടയിൽ നിന്ന് ഉയരുന്നു (ഫോട്ടോ: ISRO)

ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിനായി ഐഎസ്ആർഒ രൂപകൽപന ചെയ്തതാണു സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ അഥവാ എസ്എസ്എൽവി

 • Share this:

  ആസാദിസാറ്റ് (AzaadiSAT) അടക്കം രണ്ട് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുളള എസ്എസ്എൽവി (Small Satellite Launch Vehicle) ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആർഒ (Indian Space Research Organization - ISRO). രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 750 വിദ്യാർത്ഥിനികൾ ചേർന്ന് വികസിപ്പിച്ചെടുത്തതാണ് ആസാദിസാറ്റ്. ഉപഗ്രഹങ്ങളില്‍ നിന്നും സിഗ്നല്‍ ലഭിക്കുന്നില്ലെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. ഇഒഎസ് 02 (EOS-02) എന്ന ഉപ​ഗ്രഹമാണ് ആസാദിസാറ്റിനൊപ്പം വിക്ഷേപിച്ചത്. വിക്ഷേപണ ദൗത്യങ്ങളിൽ ഇന്ത്യയുടെ കഴിവ് തെളിയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പുതു തലമുറ റോക്കറ്റിന് ലക്ഷ്യം കൈവരിക്കാനാകാത്തത് ഐഎസ്ആർഒയെ നിരാശയിലാക്കിയിരിക്കുകയാണ്. ഭ്രമണപഥത്തിലെത്തിക്കാൻ കഴിയാത്തതിനാൽ ഉപഗ്രഹങ്ങൾ പ്രവർത്തനക്ഷമമാകില്ലെന്നാണ് ഐഎസ്ആർഒ പുറത്തിറക്കിയ വാർത്താകുറിപ്പിൽ വിശദീകരിച്ചത്.

  "മുൻപ് പല ദൗത്യങ്ങളും നടത്തിയിട്ടുണ്ടെങ്കിലും, ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുമ്പോഴത്തെ അവസാന ഘട്ടം ഓരോ തവണയും നിർണായകവും വെല്ലുവിളി നിറഞ്ഞതുമാണ്. സ്ഥാനം, വേഗത, ദിശ എന്നിവയെല്ലാം ഇവിടെ പ്രധാന പങ്കു വഹിക്കും. ഇത് അൽപം പോലും വ്യത്യാസപ്പെടാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ, ഉപഗ്രഹത്തിന്റെ മുഴുവൻ പാതയും തകരാറിലാകുകയും മുഴുവൻ ദൗത്യത്തെയും തടസപ്പെടുത്തുകയും ചെയ്യും'', ഒരു മുതിർന്ന ശാസ്ത്രജ്ഞൻ ന്യൂസ് 18 നോട് പറഞ്ഞു. ചെറിയ എന്തെങ്കിലും വ്യതിയാനം പോലും പരാജയത്തിന് കാരണമാകാമെന്നും അത്തരം പ്രശ്നങ്ങൾ മുൻ‍കൂട്ടി കാണുക പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രയായ ഗഗൻയാൻ (Gaganyaan) ഉൾപ്പെടെയുള്ള കൂടുതൽ ദൗത്യങ്ങൾക്കായി ഐഎസ്ആർഒ തയ്യാറെടുക്കുന്നതിനാൽ, ഇത്തരം ചെറിയ തകരാറുകളെ പോലും ​​ഗൗരവമായി സമീപിക്കേണ്ടതുണ്ട്.

  റോക്കറ്റിന്റെ സെൻസർ സിസ്റ്റത്തിൽ തകരാർ സംഭവിച്ചതായി തിരിച്ചറിഞ്ഞെന്ന് ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് പറഞ്ഞു. എസ്എസ്എൽവി വിജയകരമായാണ് കുതിച്ചുയർന്നതെന്നും മറ്റെല്ലാ ഘട്ടങ്ങളും വിജയകരമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെർമിനൽ ഘട്ടത്തിലാണ് പിഴവ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിനായി ഐഎസ്ആർഒ രൂപകൽപന ചെയ്തതാണു സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ അഥവാ എസ്എസ്എൽവി. വിക്ഷേപണത്തിൽ എന്തെങ്കിലും പിഴവുണ്ടായോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഐഎസ്ആർഒ നിയോഗിച്ച സമിതി പരിശോധിക്കും. പണം വാങ്ങി ഉപഗ്രങ്ങള്‍ വിക്ഷേപിച്ചു നല്‍കുന്ന വാണിജ്യ ദൗത്യങ്ങളില്‍ വന്‍മുന്നേറ്റമുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്‍ആർഒ. ഈ സാഹചര്യത്തിൽ ഇത്തരം പിഴവുകളെല്ലാം പരിഹരിച്ച് മുൻപോട്ടു പോകുമെന്ന് സ്പേസ് ടെക് കൺസൾട്ടന്റ് ആയ ചൈതന്യ ഗിരി പറഞ്ഞു. ഈ പരാജയം ഐഎസ്ആർഒയുടെ ദൗത്യങ്ങളെ പിന്നോട്ടടിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഗഗൻയാൻ പദ്ധതിയുമായി ബഹിരാകാശ രം​ഗത്ത് ഐഎസ്ആർഒ വൻ കുതിപ്പ് നടത്താൻ പദ്ധതിയിടുന്ന സമയത്താണ് എസ്എസ്‍എൽവി ദൗത്യം പരാജയപ്പെട്ടത്. മഹാമാരി സൃഷ്ടിച്ച ആ​ഘാതത്തിൽ നിന്നും കരകയറി, തങ്ങളുടെ വാണിജ്യ ബഹിരാകാശ കഴിവുകൾ ഉപയോഗപ്പെടുത്താൻ ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികൾ മൽസരിക്കുന്ന കാലഘട്ടത്തിൽ, പിഴവുകൾ തിരിച്ചറിയുന്നതിനും തിരുത്തുന്നതിനും ഐഎസ്ആർഒ കൂടുതൽ ശ്രദ്ധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

  First published:

  Tags: Isro, ISRO scientists