• HOME
  • »
  • NEWS
  • »
  • india
  • »
  • Vijay Nair | സിസോദിയയുടെ അടുത്ത സഹായി; ആരാണ് ഡൽഹി മദ്യനയ അഴിമയിൽ അറസ്റ്റിലായ വിജയ് നായർ?

Vijay Nair | സിസോദിയയുടെ അടുത്ത സഹായി; ആരാണ് ഡൽഹി മദ്യനയ അഴിമയിൽ അറസ്റ്റിലായ വിജയ് നായർ?

ഇൻവേഷൻ ഫെസ്റ്റിവൽ, ബെക്കാർഡി എൻഎച്ച് 7 വീക്കെൻഡർ തുടങ്ങിയ പരിപാടികളും ദി ദേവാറിസ്റ്റ് എന്ന ടിവി ഷോയും സംഘടിപ്പിച്ചതിലൂടെയാണ് വിജയ് പ്രശസ്തനായത്

വിജയ് നായർ

വിജയ് നായർ

  • Share this:
ഡൽഹിയിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സഹായിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സഹകരിക്കാത്തതിനെ തുടർന്നായിരുന്നു അറസ്റ്റ്.

വിജയ് ഉൾപ്പെടെ കേസിൽ ആരോപണ വിധേയരായ എട്ട് സ്വകാര്യ വ്യക്തികൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ച്‌ ഒരു മാസത്തിന് ശേഷമാണ് അറസ്റ്റ് നടന്നിരിക്കുന്നത്. വിദേശത്തായിരുന്ന വിജയ് നായരെ ചോദ്യം ചെയ്യാനാണ് ചൊവ്വാഴ്ച സിബിഐ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

തലസ്ഥാനത്തെ മദ്യ ലൈസൻസുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഈ രംഗത്തെ മത്സരം ഒഴിവാക്കുന്നതിനായി ഇദ്ദേഹം ചില ലൈസൻസികളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാണ് ആരോപണം.

2021-22-ലെ ഡൽഹിയിലെ എക്സൈസ് നയവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്താൻ ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ ഉത്തരവിട്ടതിനെ തുടർന്ന്ന ഫയൽ ചെയ്ത എഫ്ഐആറിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വിജയിയും മറ്റ് 13 പേരും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ വിജയ്ക്ക് എക്സൈസ് നയവുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ നിലപാട്.

ആരാണ് വിജയ് നായർ?

ഒൺലി മച്ച് ലൗഡർ (ഒഎംഎൽ) എന്ന ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയുടെ മുൻ സിഇഒ ആയിരുന്ന വിജയ് നിലവിൽ ആം ആദ്മി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് വിഭാഗം ചുമതലക്കാരനാണ്. വിവിധ സ്റ്റാൻഡ് അപ്പ് കൊമേഡിയന്മാരുമായും അവരുമായി ബന്ധപ്പെട്ട കമ്പനികളുമായും ഇദ്ദേഹത്തിന് ബന്ധമുണ്ട്. ഇദ്ദേഹത്തിൻ്റെ സഹ ഡയറക്ടർമാർ വഴി മറ്റു പല കമ്പനികളുമായും ഇദ്ദേഹം ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

വെയർഡാസ് കോമഡി, മോട്ടോർമൗത്ത് റൈറ്റേഴ്സ്, റെബലിയൻ മാനേജ്മെൻ്റ് തുടങ്ങിയ കമ്പനികളുമായും ഓൺലൈൻ ഗെയിമിംഗ്, ബെറ്റിംഗ്, കോമഡി ഷോകൾ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളുമായും ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന്, രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

ഇൻവേഷൻ ഫെസ്റ്റിവൽ, ബെക്കാർഡി എൻഎച്ച് 7 വീക്കെൻഡർ തുടങ്ങിയ പരിപാടികളും ദി ദേവാറിസ്റ്റ് എന്ന ടിവി ഷോയും സംഘടിപ്പിച്ചതിലൂടെയാണ് വിജയ് പ്രശസ്തനായത്. എന്നാൽ, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സമയത്ത് ആശയവിനിമയത്തിനുള്ള തന്ത്രങ്ങൾ മെനയാനും അവ നടപ്പാക്കാനുമുള്ള ചുമതലയാണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നാണ് ആം ആദ്മി പാർട്ടി പറയുന്നത്. പാർട്ടി ശക്തി തെളിയിക്കാൻ പദ്ധതിയിടുന്ന, വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും വിജയ് ഇതേ ചുമതല നിലവിൽ നിർവ്വഹിച്ചുകൊണ്ടിരിക്കുകയാണ്.

വിജയ്ക്ക് എതിരെയുള്ള കുറ്റങ്ങൾ എന്തെല്ലാം?

വിജയ്ക്കു വേണ്ടി മനീഷ് സിസോദിയയുടെ സഹായി അർജുൻ പാണ്ഡേ ഒരിക്കൽ 2-4 കോടി രൂപ ബിസിനസുകാരൻ സമീർ മഹേന്ദ്രുവിൽ നിന്ന് പണമായി ശേഖരിച്ചിരുന്നു എന്ന് സിബിഐയുടെ എഫ്ഐആറിൽ ആരോപിക്കുന്നു. ഡൽഹിയിലെ മദ്യനയം രൂപീകരിച്ച് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും ഇയാൾ ഇടപെട്ടിരുന്നതായി എഫ്ഐആറിൽ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ, താൻ ഇന്ത്യ വിട്ടതായുള്ള ആരോപണങ്ങൾ തള്ളിക്കൊണ്ട്, വ്യക്തിപരമായ കാര്യങ്ങൾക്കായി വിദേശത്ത് പോയതാണെന്ന് വിജയ് പറഞ്ഞിരുന്നു. വിജയിയും ആരോപണ വിധേയരായ ലൈസൻസികളും ബിസിനസുകാരും മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പങ്കാളികളാണെന്ന് സിബിഐ ആരോപിക്കുന്നു.

എന്നാൽ, ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ വിജയിയോട് മനീഷ് സിസോദിയയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തായതായി ആം ആദ്മി പാർട്ടി ആരോപിച്ചു. ഇതിന് സമ്മതിക്കാതിരുന്നപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പാർട്ടി ആരോപിക്കുന്നു. ഒരു മാസം മുൻപ് ഇദ്ദേഹത്തിൻ്റെ വീട്ടിൽ രണ്ടു തവണ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും പാർട്ടി വ്യക്തമാക്കി.

ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് ക്യാമ്പെയ്ൻ തകർക്കാനുള്ള ബിജെപിയുടെ ശ്രമത്തിൻ്റെ ഭാഗമാണ് വിജയിയുടെ അറസ്റ്റ് എന്ന് പാർട്ടി പ്രതികരിച്ചു. രാജ്യത്താകമാനമുള്ള ആപ്പിൻ്റെ ജനപ്രീതിയിൽ ബിജെപി വിറളിപൂണ്ടിരിക്കുകയാണെന്നും ഗുജറാത്തിൽ പാർട്ടിയുടെ വോട്ട് വിഹിതം പെട്ടെന്ന് വർദ്ധിക്കുന്നത് ബിജെപിക്ക് ദഹിക്കുന്നില്ലെന്നും ആപ്പ് പ്രസ്താവനയിൽ പറഞ്ഞു. ബിജെപി സ്വീകരിക്കുന്ന ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ നടപടികളെ തള്ളിപ്പറയുന്നതായും വിജയ് നായർക്കും ആം ആദ്മി പാർട്ടിക്കും എതിരായ എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Published by:user_57
First published: