ലക്നൗ: ഏകീകൃത സിവില്‍ കോഡിനെതിരെ ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്(AIMPLB) പ്രമേയം പാസാക്കി. ഞായറാഴ്ച നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് പ്രമേയം പാസാക്കിയത്. അനാവശ്യ നിയമമാണിതെന്നാണ് പ്രമേയത്തില്‍ പറയുന്നത്.
“മൗലാന റബേ ഹസാനി നദ്വിയുടെ നേതൃത്വത്തിലാണ് എഐഎംപിഎല്‍ബിയുടെ എക്സിക്യൂട്ടീവ് സമ്മേളനം നടന്നത്. ലക്നൗവില്‍ വെച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. ഏകീകൃത സിവില്‍ കോഡ് മുതല്‍ മുസ്ലിം വ്യക്തിനിയമത്തെ ബാധിക്കുന്ന നിയമ വിഷയങ്ങളെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്തു,” എഐഎംപിഎല്‍ബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. രാജ്യത്ത് വിദ്വേഷ പ്രചാരണം നിയന്ത്രിക്കാനാകാത്ത വിധം പടരുകയാണെന്ന് യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.
”വിവിധ മതത്തില്‍പ്പെട്ട ജനങ്ങള്‍ ഒരുമയോടെ ജീവിക്കുന്ന മണ്ണാണ് ഇത്. രാജ്യത്തിന്റെ പുരോഗതിയ്ക്ക് അവരോരോരുത്തരും വ്യക്തമായ സംഭാവന നല്‍കിയിട്ടുണ്ട്. ആ സാഹോദര്യം നശിപ്പിക്കുന്നത് രാജ്യത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍ ഇപ്പോള്‍ പടരുന്ന വിദ്വേഷത്തിന്റെ തീ കെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ട സമയമാണിത്,’ യോഗത്തില്‍ പറഞ്ഞു.
തനിക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും അവകാശമുണ്ടെന്നും അതില്‍ വ്യക്തിനിയമങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നും യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.
”സര്‍ക്കാര്‍ ജനങ്ങളുടെ മതസ്വാതന്ത്ര്യ അവകാശത്തെ മാനിക്കണം. എകീകൃത സിവില്‍ കോഡ് ഒരു അനാവശ്യ നിയമമാണെന്ന് മനസ്സിലാക്കണം. ഇന്ത്യയെന്നത് ഒരു വലിയ രാജ്യമാണ്. അനേകം മതങ്ങളില്‍പ്പെട്ട ജനങ്ങള്‍ ഒന്നിച്ച് കഴിയുന്ന രാജ്യമാണിത്. അത്തരമൊരു പ്രദേശത്ത് ഈ നിയമം പ്രായോഗികമല്ല. രാജ്യത്തിന് ഒരു പുരോഗതിയും ഇതിലൂടെ ഉണ്ടാകില്ല,’ പ്രമേയത്തില്‍ പറയുന്നു.
1991ല്‍ സര്‍ക്കാര്‍ പാസാക്കിയ പ്ലേസസ് ഓഫ് വര്‍ഷിപ്പ് ആക്ടും യോഗത്തില്‍ ചര്‍ച്ചയായിരുന്നു.
”1991 ലെ പ്ലേസസ് ഓഫ് വര്‍ഷിപ്പ് ആക്ട് പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്. അതിനാല്‍ ആ നിയമത്തെ അതേ രീതിയില്‍ പരിപാലിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്,’ പ്രമേയത്തില്‍ പറയുന്നു.
മതപരിവര്‍ത്തനം സംബന്ധിച്ച വിഷയത്തെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്തു. ഏത് മതത്തില്‍ വിശ്വസിക്കണമെന്നത് വ്യക്തികളുടെ സ്വാതന്ത്ര്യത്തില്‍പ്പെട്ട കാര്യമാണ് എന്നാണ് യോഗത്തിൽ പറഞ്ഞത്.
” ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. ആ അവകാശം എല്ലാ പൗരന്മാര്ക്കും ഉണ്ട്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ പൗരന്മാരുടെ ഈ അവകാശം അടിച്ചമര്‍ത്തപ്പെടുകയാണ്. അപലപനീയമാണിത്,” പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഏകീകൃത കോഡ് നടപ്പാക്കല്‍. 2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ ബിജെപി ഇക്കാര്യം വ്യക്തമാക്കിയിരുന്നതുമാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അതിന് ശേഷം ഒരു തീരുമാനത്തിലെത്തുമെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നത്. അതേസമയം ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ഫെബ്രുവരി 2ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജ്ജു പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.