മുംബൈ: എല്ലാ സ്വകാര്യ സ്കൂളുകളിലും സിസിടിവി (CCTV) ക്യാമറകൾ നിർബന്ധമാക്കാൻ മഹാരാഷ്ട്ര (Maharashtra) സർക്കാർ. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്വാദ് എല്ലാ വിദ്യാലയങ്ങൾക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി. അടുത്ത അധ്യയന വർഷം തുടങ്ങുമ്പോഴേക്കും സ്കൂൾ പരിസരങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ (Education Minister) ഉത്തരവ്.
പൂനെയിൽ 11കാരി പെൺകുട്ടി സ്കൂളിൽ വെച്ച് ബലാത്സംഗത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികളുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് അവർ പറഞ്ഞു. സ്കൂൾ സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പുനെ സംഭവത്തിൽ പോലീസ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ അച്ഛന് അറിയാവുന്നയാളാണ് കേസിലെ പ്രതി.
അന്വേഷണം ആരംഭിച്ച് 10 മണിക്കൂറിനുള്ളിൽ തന്നെ പോലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചു. 40കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. സ്കൂളിലെ മൂത്രപ്പുരയിൽ വെച്ചാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. സംഭവം നടന്ന് അധികം വൈകാതെ തന്നെ പെൺകുട്ടി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. ഇതിന് ശേഷം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
Also read-
Suicide| സ്കൂൾ പരീക്ഷയിലെ കോപ്പിയടി പിടികൂടി; എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി
എല്ലാ സ്വകാര്യ സ്കൂളുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് 2016ൽ തന്നെ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാലിപ്പോഴും പല സ്കൂളുകളിലും ഈ ഉത്തരവ് പാലിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ മൊത്തത്തിൽ 44380 സ്വകാര്യ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളാണുള്ളത്. ഇതിൽ 47% സ്കൂളുകളിലാണ് ഇത് വരെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
സംസ്ഥാന തലസ്ഥാനമായ മുംബൈയിൽ 81% സ്കൂളുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മുംബൈ പരിധിയിൽ വരുന്ന 8486 സ്കൂളുകളും പരിസരങ്ങളിൽ ക്യാമറ വെച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. "സംഭവം നടന്ന പൂനെ സ്കൂളിൽ സിസിടിവി വെച്ചിട്ടുണ്ടെങ്കിലും അതിന് ഹാർഡ് ഡിസ്കില്ല. ഉത്തരവ് നടപ്പാക്കാൻ പേരിന് ക്യാമറകൾ വെച്ചാൽ മാത്രം മതിയാവില്ല. എല്ലാ ക്യാമറകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് സ്കൂളുകൾ ഉറപ്പാക്കണം," മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആകെയുള്ള 65000 സർക്കാർ സ്കൂളുകളിൽ വെറും 1624 എണ്ണത്തിൽ മാത്രമാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതെന്നും മന്ത്രി വർഷ ഗെയ്ക്വാദ് കൂട്ടിച്ചേർത്തു. അടുത്ത വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി എല്ലാ സർക്കാർ സ്കൂളുകളിലും ക്യാമറകൾ സ്ഥാപിക്കുമെന്നും അവർ നിയമസഭയിൽ ഉറപ്പ് നൽകി. ശിവസേന എംഎൽഎ മനീഷ കായണ്ഡെയാണ് സഭയിൽ ചോദ്യം ഉന്നയിച്ചത്. അപരിചിതനായ ഒരു വ്യക്തി എങ്ങനെയാണ് സ്കൂളിൽ കടന്നതെന്ന് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സ്കൂളുകളിലെ വിദ്യാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സഭയിൽ സുപ്രധാന ചർച്ചയാണ് നടന്നത്. സുരക്ഷ ഉറപ്പാക്കുന്നതിൻെറ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും സഖി സാവിത്രി എന്ന പേരിൽ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. 15 ദിവസത്തിനുള്ളിൽ കമ്മിറ്റി ഉണ്ടാക്കണമെന്ന് വിദ്യഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.