• HOME
  • »
  • NEWS
  • »
  • india
  • »
  • ALLAHABAD COURT RULED THAT MUSLIM COP IS NOT ALLOWED TO GROW BEARD SAR

മുസ്ലിം പോലീസ് കോൺസ്റ്റബിളിന് താടി വളർത്താൻ അനുമതിയില്ല; സേനയുടെ അച്ചടക്കം പാലിക്കണമെന്ന് കോടതി

ഇസ്ലാം വിശ്വാസപ്രകാരം താടി വെക്കാൻ അനുമതി വേണമെന്ന മുഹമ്മദ് ഫർമാന്റെ ആവശ്യത്തെ അയോധ്യ (ഫൈസാബാദ്) ഡെപ്യൂട്ടി ഇൻസ്പെക്ടർ പോലീസ് ജെനറൽ/സീനിയർ പോലീസ് സൂപ്രണ്ട് തള്ളിയിരുന്നു.

representative image

representative image

  • Share this:
    താടി വളർത്തൽ മതസ്വാതന്ത്ര്യത്തിൽ പെടില്ലെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിധി പോലീസ് സേനയിലെ അംഗങ്ങൾ താടി വെക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും വഴിവച്ചിരിക്കുകയാണ്. ‘അച്ചടക്കുമുള്ള സേനയിലെ അംഗത്തിനുള്ള’ നിയമം ഇന്ത്യൻ ഭരണഘടനയുടെ 25 ാം വകുപ്പിന്റെ ലംഘനമല്ലെന്നാണ് കോടതി പറയുന്നുത്.

    ആരാണ് മുഹമ്മദ് ഫർമാൻ?

    2020 ഒക്ടോബറിൽ ഉത്തർപ്രദേശ് ഡിജിപി പുറപ്പെടുവിച്ച പോലീസ് സേനാംഗങ്ങൾ താടി വെക്കാൻ പാടില്ല എന്നു തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ച യുപി പോലീസ് കോൺസ്റ്റബിളാണ് മുഹമ്മദ് ഫർമാൻ. കഴിഞ്ഞ വർഷം നവംബറിൽ ഇദ്ദേഹത്തെ സേനയിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. ഇതേതുടർന്ന് ഫർമാൻ സസ്പെൻഷനെ ചോദ്യം ചെയ്തും തനിക്കെതിരെ ഫയൽ ചെയ്ത കുറ്റപത്രം നീക്കം ചെയ്യണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചു.

    ഇസ്ലാം വിശ്വാസപ്രകാരം താടി വെക്കാൻ അനുമതി വേണമെന്ന മുഹമ്മദ് ഫർമാന്റെ ആവശ്യത്തെ അയോധ്യ (ഫൈസാബാദ്) ഡെപ്യൂട്ടി ഇൻസ്പെക്ടർ പോലീസ് ജെനറൽ/സീനിയർ പോലീസ് സൂപ്രണ്ട് തള്ളിയിരുന്നു. ഈ നടപടിയെയും ഫർമാൻ കോടതിയിൽ ചോദ്യം ചെയ്തു. ഖണ്ടസ പോലീസ് സ്റ്റേഷനിലായിരുന്നു ഫർമാൻ സേവനം അനുഷ്ടിച്ചിരുന്നത്.

    എന്താണ് സംഭവിച്ചത്?

    2020 ഒക്റ്റോബർ 26 ന് യുപി ഡിജിപി പോലീസ് സേനയിലെ അംഗങ്ങളുടെ വസ്ത്ര ധാരണം, വേഷം എന്നിവ എങ്ങനെ വേണം എന്നത് സംബന്ധിച്ച് പുതിയ ഉത്തരവിറക്കിയിരുന്നു. എന്നാൽ അയോദ്ധ്യയിലെ ഖണ്ടസ സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഫർമാൻ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നിർദ്ദേശത്തെ തുടർന്നും താടി വെട്ടാൻ സമ്മതിച്ചില്ല. കൂടാതെ, അയോദ്ധ്യയിലെ പോലീസ് സൂപ്രണ്ടും ഫർമാന് താടി വെക്കാനുള്ള അനുമതി നൽകിയില്ല.

    നവംബർ 5 ന് പോലീസ് ഫർമാനെ സസ്പെന്റ് ചെയ്യുകയും ഈ വർഷം ജൂലൈ 29 ന് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇതേ തുടർന്ന് അദ്ദേഹം യുപി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഓഗസ്റ്റ് 12 നാണ് ജസ്റ്റിസ് രാജേഷ് സിംഗ് അടങ്ങുന്ന അലഹാബാദ് ഹൈക്കോടതിയുടെ ലഖനൗ ബെഞ്ച് ഫർമാന്റെ പരാതിയിൽ വിധി പറഞ്ഞത്.

    മുൻപും ഇത്തരം കേസുകൾ

    മുൻപും പല തവണ ഇത്തരം കേസുകൾ കോടതിയിൽ എത്തിയിട്ടുണ്ട്. ഉദാഹരണത്തിന് 1985 ൽ താടി വളർത്തൽ മതത്തിൽ നിർബന്ധമുള്ള കാര്യമല്ലെന്ന് കേരള ഹൈകോടതി വിധിച്ചിരുന്നു. സംസ്ഥാനത്തെ പോലീസ് സേനയിലെ ഒരു ഹെഡ് കോൺസ്റ്റബിൾ നൽകിയ പരാതിയിലായിരുന്നു കോടതിയുടെ നിർണായക വിധി. സേനയുടെ അച്ചടക്ക രീതികൾ പിന്തുടരണമെന്ന് കോടതി പോലീസുകാരനോട് ആവശ്യപ്പെട്ടു.

    2016 ൽ കേരളത്തിലെ തന്നെ ഒരു മുസ്ലിം സൈനികനെ താടി വെച്ചതിന് സസ്പെന്റ് ചെയ്തിരുന്നു. പിന്നീട് കൊച്ചിയിലെ ആംഡ് ഫോഴ്സസ് ട്രൈബൂണലും ഈ തീരുമാനം ശരിവച്ചു. ‘അനുസരണക്കേട്’ കാണിച്ച സൈനികനെ പതിനാല് ദിവസം തടവിൽ വെക്കുകയും പിന്നീട് അദ്ദേഹത്തെ സേനയിൽ നിന്ന് പുറത്താക്കുകയുമാണ് ചെയ്തത്.

    എന്താണ് നിയമം?

    പോലീസിൽ താടി വെക്കുന്നത് സംബന്ധിച്ച് വ്യത്യസ്ത സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിയമങ്ങളാണ് നിലനിൽക്കുന്നത്. അധിക സംസ്ഥാനങ്ങളിലും സിഖുകാരല്ലാത്ത ഉദ്യോഗസ്ഥർക്ക് താടി വെക്കാൻ അനുമതിയില്ല. എന്നാൽ മീശ വെക്കാൻ അനുമതിയുണ്ട്.

    സായുധ സേനയിൽ സിഖുകാർക്ക് മാത്രമേ താടിവെയ്ക്കാനും മുടി ട്രിം ചെയ്യാതിരിക്കാനുമുള്ള അനുമതിയുള്ളൂ. എന്നാൽ കരസേനയിൽ ചില റെജിമെന്റുകളിലെ അംഗങ്ങൾക്ക് താൽകാലികമായി താടി വെക്കാൻ അനുമതി നൽകാറുണ്ട്. വ്യോമ സേനയിൽ സിഖുകാർക്ക് മാത്രമേ താടി വെക്കാനുള്ള അനുമതിയുള്ളൂ. എന്നാൽ 2002 ജനുവരി 1 ന് മുൻപ് സേനയിൽ ചേർന്ന മുസ്ലിംകൾക്ക് എൻറോൾമെന്റ് സമയത്ത് താടിയുണ്ടായിരുന്നുവെങ്കിൽ അത് തുടരാം.

    നാവിക സേനയിലെ അംഗങ്ങൾക്ക് കമാന്റിംഗ് ഓഫീസറുടെ അനുമതിയുണ്ടെങ്കിൽ മീശയും താടിയും വെക്കാവുന്നതാണ്.
    Published by:Sarath Mohanan
    First published:
    )}