അമേഠി: വയനാടിനു പുറമേ അമേഠിയില്‍ നിന്നും ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയില്‍ ഇന്ന് സൂഷ്മ പരിശോധന നടക്കും. രാഹുല്‍ സമര്‍പ്പിച്ച പത്രികയില്‍ ഗുരുതര പിഴവുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടതിനെ തടര്‍ന്നാണ് സൂക്ഷ്മ പരിശോധന റിട്ടേണിംഗ് ഓഫീസര്‍ മാറ്റി വെച്ചത്.
അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ധ്രുവ് രാജാണ് നാമനിര്‍ദേശ പത്രികയില്‍ ഗുരുതര പിഴവുകളുണ്ടെന്ന ആരോപണവുമായി രംഗത്ത് എത്തിയത്. രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്നാണ് ധ്രുവ് രാജിന്റെ ആരോപണം. രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബ്രിട്ടന് ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ബ്രിട്ടീഷ് പൗരനാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് ആരോപണം.
Also Read: 'കോണ്‍ഗ്രസും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട്': പിണറായി വിജയൻ
രാഹുലിന്റെ പൗരത്വം സംബന്ധിച്ച ആരോപണത്തിന് പുറമെ കമ്പനിയുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ചും വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയും ധ്രുവ് രാജ് തെരഞ്ഞെടുപ്പ് കമ്മീഷഷന് പരാതി നല്‍കിയിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിക്കാതെ സൂക്ഷ്മ പരിശോധനയ്ക്കായി മാറ്റി വെക്കുകയായിരുന്നു.
അതേസമയം വയനാട്ടിലെ രാഹുലിന്റെ സത്യവാങ് മൂലത്തെ സംബന്ധിച്ച് എല്‍ഡിഎഫും എന്‍ഡിഎയും പരാതി ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നീട്ടി വെക്കണം എന്ന് ആവശ്യപ്പെട്ട എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. എന്നാല്‍ ആരോപണം പരാജയ ഭീതിമൂലമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
അമേത്തിയിലെ പരാതിയുടെ ചുവട് പിടിച്ചാണ് വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പരാതി. രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്നാണ് തുഷാറും ആരോപിച്ചിരിക്കുന്നത്. അമേഠിയില്‍ രാഹുലിന്റെ പത്രികയുടെ സൂക്ഷമ പരിശോധന നീട്ടിവെച്ച സാഹചര്യവും ഉള്ളതായി പരാതി ചൂണ്ടി കാണിക്കുന്നു. സമാനമായ ആരോപണവുമായി ഇടതുപക്ഷവും രംഗത്തെത്തിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ആവശ്യം എല്‍ഡിഎഫിനില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.