ബംഗളൂരു: അർദ്ധരാത്രി വരെ നീണ്ട സസ്പെൻസിന് ശേഷവും കർണാടകയിൽ ക്ലൈമാക്സിന് വേണ്ടിയുള്ള കാത്തിരുപ്പ് അവസാനിച്ചില്ല. വിശ്വാസ പ്രമേയത്തിൻ മേലുള്ള വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന് കോൺഗ്രസും രാത്രിയിൽ തന്നെ വേണമെന്ന് ബിജെപിയും ആവശ്യം ഉന്നയിച്ചതോടെയാണ് കഴിഞ്ഞ ദിവസവും കർ'നാടകം' അവസാനിക്കാതിരുന്നത്.
ചർച്ചകൾക്കിടെ വാക്കേറ്റവും ബഹളവും ഉണ്ടായതോടെ സഭ പലപ്പോഴും തടസപ്പെടുകയും ചെയ്തു. രാത്രി വൈകിയും തീരുമാനം എത്താതെ തർക്കം രൂക്ഷമായതോടെ വിശ്വാസ വോട്ടെടുപ്പ് ഇന്നത്തേക്ക് മാറ്റിയതായി സ്പീക്കര്‍ രമേശ് കുമാർ അറിയിക്കുകയായിരുന്നു. രാവിലെ പത്തുമണിക്ക് തന്നെ ചർച്ചകൾ പുനരാരംഭിക്കുമെന്നും നാല് മണിക്കുള്ളിൽ ചർച്ചകൾ പൂർത്തിയാക്കണമെന്നുമുള്ള കർശന നിർദേശവും നൽകി. വൈകിട്ടോടെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.
രാവിലെ 11 മണിക്ക് മുമ്പ് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് വിമത എംഎൽഎമാർക്കും സ്പീക്കർ നോട്ടീസ് നൽകിയിട്ടുണ്ട്.. ഹാജരാകാത്തവരെ അയോഗ്യരാക്കിയേക്കും. അതേസമയം വിശ്വാസ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകരുത് എന്ന സ്വതന്ത്ര എംഎൽഎമാരുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. സ്വതന്ത്ര എംഎൽഎമാരും കോൺഗ്രസും സ്പീക്കറും നൽകിയ ഹർജികളിലാണ് സുപ്രീംകോടതി ഇന്ന് നിലപാട് അറിയിക്കുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.