കൊൽക്കത്ത: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബംഗാളിൽ എത്തിയതാണ് ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിൽ എത്തിയ കേന്ദ്രമന്ത്രി കർഷകരുടെ ഇടയിലേക്കും ഇറങ്ങിച്ചെന്നു. ഇന്ന് ഉച്ചയ്ക്ക് അദ്ദേഹം ഭക്ഷണം കഴിച്ചത് ബംഗാളിലെ ഒരു കർഷകന്റെ കുടുംബത്തിൽ നിന്ന് ആയിരുന്നു. ഈസ്റ്റ് മിഡ്നാപുരിലെ ബാലിജുരി ഗ്രാമത്തിലെ ഒരു കർഷകന്റെ വസതിയിൽ നിന്നാണ് ഉച്ചഭക്ഷണം അമിത് ഷായും ബി ജെ പി നേതാക്കളും കഴിച്ചത്. വിവാദമായ കാർഷിക നിയമങ്ങളെക്കുറിച്ച് കർഷകർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ട് ആയിരുന്നു ഇത്.
അമിത് ഷായ്ക്കൊപ്പം ബി ജെ പി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ, ബി ജെ പി നേതാവ് ദിലിപ് ഘോഷ് എന്നിവരും കർഷകന്റെ വീട്ടിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാൻ ഉണ്ടായിരുന്നു. ഈ വർഷം നവംബർ മുതൽ ഇത് രണ്ടാം തവണയാണ് അമിത് ഷാ ബംഗാളിൽ എത്തുന്നത്. റാലിയെ അഭിസംബോധന ചെയ്യാനാണ് അമിത് ഷാ
എത്തിയത്. റാലിയെ അഭിസംബോധന ചെയ്യുന്നതിന് മുമ്പാണ് അമിത് ഷാ കർഷകന്റെ വീട്ടിലെത്തിയത്.
അതേസമയം, അമിത് ഷാ ഉച്ചഭക്ഷണം കഴിക്കാൻ എത്തിയതിൽ കർഷകനായ സനാതൻ സിംഗ് സന്തോഷം രേഖപ്പെടുത്തി. 'എന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ അമിത് ഷാ എത്തുമെന്ന് ക്ലബ് അംഗങ്ങൾ എന്നെ അറിയിച്ചു.
അദ്ദേഹം എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു ദിവസം ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ ഒരു കർഷകനാണ്. ഒന്നു വിളമ്പാൻ കഴിയാത്തത്ര ദരിദ്രനാണ് ഞാൻ. അതിനാൽ അദ്ദേഹത്തിന് ചോറും പയറും വിളമ്പി' - കർഷകനായ സനാതൻ സിംഗ് പറഞ്ഞു.
രാജ്യം സമാധാനത്തിലും ഐക്യത്തിലും നിലനിർത്താൻ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കും. അത്തരമൊരു വിശിഷ്ട വ്യക്തിത്വത്തെ സ്വാഗതം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഏകദേശം 50 വർഷമായി ഞാൻ ഈ പാർട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നെന്നും സനാതൻ പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.