2022ലെ ഉത്തര്‍പ്രദേശ് (Uttar Pradesh) തിരഞ്ഞെടുപ്പ് മുസ്ലീങ്ങളെയോ (Muslims) യാദവരെയോ ഹിന്ദുക്കളെയോ (Hindus) സംബന്ധിച്ചുള്ളതല്ലെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ (Yogi Adityanath) '80-20' പ്രസ്താവന വോട്ടിംഗ് ശതമാനത്തെക്കുറിച്ചുള്ള പരാമര്‍ശമായിരിക്കാമെന്നും നെറ്റ്വർക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍-ഇന്‍-ചീഫ് രാഹുല്‍ ജോഷിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
''ഈ തെരഞ്ഞെടുപ്പ് മുസ്ലീങ്ങളെയോ യാദവരെയോ ഹിന്ദുക്കളെയോ സംബന്ധിച്ചതാണെന്ന് ഞാന്‍ കരുതുന്നില്ല. യോഗി ജി സംസാരിച്ചത് വോട്ടിംഗ് ശതമാനത്തെക്കുറിച്ചായിരിക്കാം. അല്ലാതെ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ള അനുപാതമല്ല,'' എന്നാണ് ഷാ വ്യക്തമാക്കിയത്.
യുപി തെരഞ്ഞെടുപ്പുകള്‍ ധ്രുവീകരിക്കപ്പെടുകയാണോ എന്ന ചോദ്യത്തിന്, അത് ശരിയാണെന്നും, എന്നാല്‍ ധ്രുവീകരിക്കപ്പെടുന്നത് പാവപ്പെട്ടവരും കര്ഷകരെയുമാണെന്നുമായിരുന്നു അമിത് ഷാ നല്കിയ മറുപടി. അഭിമുഖത്തില്‍, 'വോട്ടിംഗ് പാറ്റേണിനെ ധ്രുവീകരണം എന്ന് വിളിക്കാന്‍ കഴിയില്ല' എന്നും ബി.ജെ.പി. നേതാവ് ഊന്നിപ്പറഞ്ഞു.
''ഞങ്ങള്‍ ആരെയും ഉപേക്ഷിച്ചിട്ടില്ല. ജാതിയും മതവും നോക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഞങ്ങള്‍ ആനുകൂല്യങ്ങള്‍ നല്കി. അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചു. പ്രധാനമന്ത്രി മുന്‍കൈയെടുത്ത്, യുപിയിലെ 1.66 കോടി സ്ത്രീകള്‍ക്ക് ഞങ്ങള്‍ ഗ്യാസ് നല്കി. 2.62 ലക്ഷം കുടുംബങ്ങള്‍ക്ക് ശരിയായ ശൗചാലയമില്ലായിരുന്നു. നിങ്ങള്‍ക്ക് അത് സങ്കല്പ്പിക്കാന് കഴിയുമോ? ഇന്ന് സ്ത്രീകള്‍ക്ക് തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തേണ്ടതില്ല, അവര്‍ സന്തോഷത്തിലാണ്. പ്രധാനമന്ത്രി മാതൃ വന്ദന യോജനയില്‍ നിന്ന് 40 ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനം ലഭിച്ചു,'' ഷാ പറഞ്ഞു.
സംസ്ഥാനത്തെ 1.41 കോടി വീടുകളില്‍ കഴിഞ്ഞ 70 വര്‍ഷമായി ബള്‍ബും വൈദ്യുതിയും ഇല്ലായിരുന്നു. യുപിയിലെ എല്ലാ ഗ്രാമങ്ങളിലും ഇപ്പോള്‍ വൈദ്യുതി എത്തിയിട്ടുള്ളതിനാല്‍ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നു. 2.68 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു. യുപിയിലെ 15 കോടിയോളം ആളുകള്‍ക്ക് ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം സൗജന്യ റേഷന്‍ ലഭിക്കുന്നുണ്ട്. ഇതിലേക്ക് യോഗി ജി ദരിദ്രര്‍ക്കായി പരിപ്പ്, ഭക്ഷ്യ എണ്ണ, ഉപ്പ് എന്നിവ കൂടി ചേര്‍ത്തു. ഈ സര്‍ക്കാരിന് കീഴില്‍ 42 ലക്ഷം പേര്‍ക്ക് വീട് ലഭിച്ചു, കേന്ദ്ര ആഭ്യന്തര മന്ത്രി വിശദീകരിച്ചു.
ഈ മാസം ആദ്യം, നെറ്റ്വർക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍-ഇന്‍-ചീഫ് രാഹുല്‍ ജോഷിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ യോഗി ആദിത്യനാഥും തന്റെ '80-20'' പരാമര്‍ശത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു. സുരക്ഷിതവും അഴിമതി രഹിതവുമായ ഉത്തര്‍പ്രദേശ് ആഗ്രഹിക്കുന്നവരും സംസ്ഥാനത്തിന്റെ വികസനത്തോട് നല്ല മനോഭാവം പുലര്‍ത്തുന്നവരുമായ ആളുകളെയാണ് 80 പേര് എന്ന് പരാമര്‍ശിച്ചതെന്നും 20 പേര് തങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ നിയമലംഘനം ഇഷ്ടപ്പെടുന്നവരാണെന്നും യോഗി പറഞ്ഞിരുന്നു.
''സംസ്ഥാനത്തെ 80% പേരും പോസിറ്റീവ് എനര്‍ജിയോടെ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നവരാണ്. ഉത്തര്‍പ്രദേശിലെ മെച്ചപ്പെട്ട ക്രമസമാധാന നില കണ്ടറിഞ്ഞ അവര്‍ അത് അങ്ങനെ തന്നെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. ഒപ്പം ബിജെപിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു,'' യോഗി ആദിത്യനാഥ് പറഞ്ഞു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.