ലഖ്നൗ: ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് (UP Polls) മുന്നോടിയായി ജാട്ട് (Jat) നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ അമിത് ഷാ കൂടിക്കാഴ്ച നടത്തി. കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാൻ, എംപിമാരായ സത്യപാൽ സിങ്, പർവേശ് വർമ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 200 ജാട്ട് നേതാക്കളെയാണ് യോഗത്തിനു ക്ഷണിച്ചത്.
ഒരേ ശത്രുവായ 'മുഗളന്മാരുമായി' പോരാടുന്നതിനാൽ ബിജെപിയെ പിന്തുണയ്ക്കാൻ അമിത് ഷാ ആഹ്വാനം ചെയ്തു. ജാട്ട് സമുദായത്തിന്റെ പ്രതീകമായ പ്രത്യേക തലപ്പാവ് ധരിച്ച ഷാ, സമുദായവുമായി നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ച ഒരു സംഭവകഥ വിവരിച്ചു. “ഞങ്ങൾ 50 വർഷം പഴക്കമുള്ള പാർട്ടിയാണ്, പിന്നെ 650 വർഷമായി ഞങ്ങൾ ഒരുമിച്ച് പോരാടുന്നത് എങ്ങനെയെന്ന് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു നിങ്ങൾ മുഗളന്മാരോട് യുദ്ധം ചെയ്തു, ഞങ്ങളും അവരോട് യുദ്ധം ചെയ്യുന്നു. ഇതാണ് ഞങ്ങളുടെ ബന്ധം. ഇപ്പോൾ ഞങ്ങളും അത് ചെയ്യുന്നു,” ഷാ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിർണായകമായ വോട്ടുകൾ നേടാൻ പാർട്ടി ശ്രമിക്കുന്നതിനിടെയാണ് മുൻ ബിജെപി അധ്യക്ഷൻ സമുദായ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച പ്രാധാന്യമർഹിക്കുന്നത്.
Also Read-
Train Set on Fire | റെയില്‍വേ റിക്രൂട്ട്‌മെന്റ് പരീക്ഷയ്‌ക്കെതിരെ സമരം; ട്രെയിന്‍ തീയിട്ടു നശിപ്പിച്ചുആർഎൽഡി മേധാവി ജയന്ത് ചൗധരിക്കും ഷാ മുന്നറിയിപ്പ് നൽകി. “അദ്ദേഹം ഇത്തവണ തെറ്റായ വീട് (സഖ്യം) തെരഞ്ഞെടുത്തു. പക്ഷേ ഞങ്ങളുടെ വാതിലുകൾ അദ്ദേഹത്തിന് വേണ്ടി ഇപ്പോഴും തുറന്നിരിക്കുന്നു, ”ഷാ ജാട്ട് നേതാവിനോട് പറഞ്ഞു. വെസ്റ്റ് ഡൽഹി എംപി പർവേഷ് സാഹിബ് സിംഗ് വർമയുടെ വസതിയിൽ വച്ചാണ് നിർണായക യോഗം നടന്നത്.
സമാജ്‌വാദി പാർട്ടിയുമായുള്ള ആർഎൽഡി സഖ്യം ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത പ്രതിസന്ധിയാണ് നൽകുന്നത്. ജാട്ട് സമുദായ നേതാക്കൾക്കൊപ്പം വർമയുടെ ജൻപഥിലെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഉത്തർപ്രദേശിൽ സമുദായത്തിന്റെ പിന്തുണക്ക് ബിജെപി ഏറെ പ്രാധാന്യം നൽകുന്നുവെന്നതിന്റെ സൂചനയാണ്.
അമിത് ഷാ ഞങ്ങൾക്ക് ബഹുമാനം നൽകിയെന്നും ജാട്ട് സമുദായം ബിജെപിയുടെ വിജയം ഉറപ്പാക്കുമെന്നും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ പറഞ്ഞു. വർഷങ്ങളായി പാർട്ടിയെ പിന്തുണച്ചതിന് ഷാ സമുദായത്തോട് നന്ദി പ്രകടിപ്പിച്ചു.
“2014, 2017, 2019 തെരഞ്ഞെടുപ്പുകളിൽ ജാട്ടുകൾ ഞങ്ങളെ വിജയിപ്പിക്കുകയും അവരുടെ പിന്തുണ ഞങ്ങൾക്ക് സഹായകമാവുകയും ചെയ്തു, ഈ തെരഞ്ഞെടുപ്പിലും അവർ ഞങ്ങളെ വിജയിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ബിജെപിക്ക് ലഭിച്ചു. ജാട്ട് രാജാവിന്റെ പേരിൽ ഞങ്ങൾ അലിഗഡിൽ ഒരു സർവ്വകലാശാലയ്ക്ക് പേര് നൽകി, എക്സ്പ്രസ് വേകൾ നിർമ്മിച്ചു, മേഖലയുടെ തൊഴിലിനും സമൃദ്ധിക്കും വേണ്ടി ജെവാർ വിമാനത്താവളം കൊണ്ടുവന്നു, ”ഷാ നേതാക്കളോട് പറഞ്ഞു. ബിജെപി സർക്കാരിന് കീഴിൽ സംസ്ഥാനം ഒരു കലാപവും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറൻ യുപിയിൽ 7 ശതമാനമാണ് ജാട്ട് ജനസംഖ്യ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.