എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ (Asaduddin Owaisi) ഒവൈസി കേന്ദ്ര സർക്കാരിന്റെ 'Z' കാറ്റഗറി സുരക്ഷ (Z Category security) വാഗ്ദാനം സ്വീകരിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah). ഒവൈസിയുടെ കാറിന് നേരെ വെടിവെപ്പുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ ഒവൈസിയോട് കേന്ദ്രം വാഗ്ദാനം ചെയ്യുന്ന 'Z' കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്ന ആവശ്യം പാർലമെന്റിൽ ഉന്നയിച്ചത്. 'ഒവൈസിയുടെ ജീവന് ഭീഷണിയുണ്ട്, ഇതേ തുടർന്നാണ് അദ്ദേഹത്തിന് 'Z' കാറ്റഗറി സുരക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാലിത് ഒവൈസി നിരസിച്ചു. അദ്ദേഹമത് സ്വീകരിക്കണമെന്ന് സഭയിലെ അംഗങ്ങളുടെ പേരിൽ അഭ്യർത്ഥിക്കുന്നു.' - അമിത് ഷാ പറഞ്ഞു.
'പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അദ്ദേഹത്തിന് ഒന്നും പറ്റിയില്ലെങ്കിലും അദ്ദേഹത്തിന്റെ വാഹനത്തിൽ വെടിയേറ്റ പാടുകളുണ്ടായിരുന്നു. സംഭവത്തിന് മൂന്ന് പേർ ദൃക്സാക്ഷികളാണ്. സംഭവത്തിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.' - അമിത് ഷാ പറഞ്ഞു.
കേന്ദ്ര സുരക്ഷാ ഏജൻസികളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് ശേഷമാണ് എഐഎംഐഎം അധ്യക്ഷന്‍ സുരക്ഷ ഒരുക്കിയതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
Also read- AIMIM LEADER | അസദുദ്ദീന്‍ ഒവൈസിയുടെ ദീര്‍ഘായുസിനായി ഹൈദരാബാദില്‍ 101 ആടുകളെ ബലികൊടുത്ത് പ്രാര്‍ഥന
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരിൽ നിന്നും രണ്ട് പിസ്റ്റളുകൾ കണ്ടെത്തിയതായും പോലീസ് കണ്ടെടുത്തതായും അമിത് ഷാ പറഞ്ഞു. പ്രതികൾ സഞ്ചരിച്ച മാരുതി ആൾട്ടോ കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് പ്രതികളെ ചോദ്യം ചെയ്യുകയാണ്. പോലീസ് സംഭവസ്ഥലത്ത് സന്ദർശനം നടത്തിയെന്നും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ക്രമസമാധാനനില നിയന്ത്രണത്തിലാണെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
അസദുദ്ദീൻ ഒവൈസിയുടെ യാത്രാ വിവരങ്ങൾ മുൻകൂട്ടി പോലീസിനെ അറിയിച്ചിട്ടില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഹാപൂർ ജില്ലയിൽ ഒവൈസിക്ക് മുന്‍കൂറായി നിശ്ചയിച്ച പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ യാത്രാപരിപാടികളെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും പോലീസ് ജില്ലാ കണ്ട്രോള് റൂമിലേക്ക് നേരത്തെ അയച്ചിട്ടില്ലെന്നും ഷാ കൂട്ടിച്ചേർത്തു.
Also read-
Narendra Modi | 'ചരിത്രത്തിൽനിന്ന് പഠിക്കാത്തവർ ചരിത്രത്തിൽനിന്ന് തുടച്ചുനീക്കപ്പെടും'; രാഹുലിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി
വ്യാഴാഴ്ച യുപിയിലെ മീററ്റിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ്പുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒവൈസിക്ക് സിആർപിഎഫിന്റെ 'Z' കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എന്നാൽ സർക്കാർ വാഗ്ദാനം ചെയ്ത സുരക്ഷ ഒവൈസി നിരസിക്കുകയായിരുന്നു.
“എനിക്ക് Z കാറ്റഗറി സുരക്ഷ ആവശ്യമില്ല. നിങ്ങൾക്ക് എല്ലാവർക്കും തുല്യമായി ഒരു എ കാറ്റഗറി പൗരനാകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് എനിക്ക് നേരെ വെടിയുതിർത്തവർക്കെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്താത്തത്? …എനിക്ക് ജീവിക്കണം, സംസാരിക്കണം. പാവപ്പെട്ടവർ സുരക്ഷിതരായിരിക്കുമ്പോൾ എന്റെ ജീവിതം സുരക്ഷിതമാകും. എന്റെ കാറിന് നേരെ വെടിയുതിർത്തവരെ ഞാൻ ഭയപ്പെടുന്നില്ല.” - എന്നാണ് അധിക സുരക്ഷ നിരസിച്ചുകൊണ്ട് അദ്ദേഹം വെള്ളിയാഴ്ച ലോക്സഭയിൽ പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.