• HOME
  • »
  • NEWS
  • »
  • india
  • »
  • Amit Shah | ഹിന്ദി ഇംഗ്ലീഷിന് ബദലാകണം; വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ പരസ്പരം സംസാരിക്കേണ്ടത് ഹിന്ദിയിൽ: ആഭ്യന്തരമന്ത്രി അമിത് ഷാ

Amit Shah | ഹിന്ദി ഇംഗ്ലീഷിന് ബദലാകണം; വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ പരസ്പരം സംസാരിക്കേണ്ടത് ഹിന്ദിയിൽ: ആഭ്യന്തരമന്ത്രി അമിത് ഷാ

മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് 'ഇന്ത്യയുടെ ഭാഷ'യിലായിരിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

അമിത് ഷാ

അമിത് ഷാ

  • Share this:
    ന്യൂഡൽഹി: ഇംഗ്ലീഷിന് ബദലായി ഹിന്ദി (Hindi) മാറണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഭരണ കാര്യങ്ങള്‍ക്കുള്ള മാധ്യമമായി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) തീരുമാനിച്ചു. ഈ തീരുമാനം ഹിന്ദിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

    ഇപ്പോള്‍ മന്ത്രിസഭയുടെ അജണ്ടയുടെ 70 ശതമാനവും ഹിന്ദിയിലാണ് തയ്യാറാക്കുന്നതെന്ന് മന്ത്രി സമിതി അംഗങ്ങളെ അറിയിച്ചു. രാജ്യത്തിന്റെ അഖണ്ഡതയുടെ ഭാഗമായി ഔദ്യോഗിക ഭാഷയായ ഹിന്ദിയെ മാറ്റിയെടുക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് 'ഇന്ത്യയുടെ ഭാഷ'യിലായിരിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്കാണ് ഷാ ഊന്നല്‍ നല്‍കിയത്. ഒന്നാമതായി, സമിതിയുടെ റിപ്പോര്‍ട്ടിന്റെ 1 മുതല്‍ 11 വരെയുള്ള വാല്യങ്ങളിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി ജൂലൈയില്‍ ഒരു യോഗം ചേരാൻ സമിതിയ്ക്ക് നിർദ്ദേശം നൽകി. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക ഭാഷാ സമിതി സെക്രട്ടറി അതിന്റെ അംഗങ്ങളെ അറിയിക്കണമെന്നും ഷാ പറഞ്ഞു.

    Also Read- CPM Party Congress| 'ചാമ്പിക്കോ'; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിൽ ‘ഭീഷ്മ’ സ്റ്റൈലിൽ മുഖ്യമന്ത്രി പിണറായി വിജയൻ

    രണ്ടാമതായി, ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദിയിൽ പ്രാഥമിക പരിജ്ഞാനം നല്‍കേണ്ടതിന്റെയും ഹിന്ദി അധ്യാപന പരീക്ഷകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. മൂന്നാമതായി, ഹിന്ദി നിഘണ്ടു പരിഷ്‌കരിച്ച് പുനഃപ്രസിദ്ധീകരിക്കണമെന്നും ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചു.

    കൂടാതെ, സമിതിയുടെ റിപ്പോര്‍ട്ടിന്റെ 11-ാം വാല്യം രാഷ്ട്രപതിക്ക് അയയ്ക്കുന്നതിന് ഷാ അംഗീകാരം നൽകി. സമിതിയുടെ ഈ കാലയളവില്‍ തന്നെ മൂന്ന് റിപ്പോര്‍ട്ടുകള്‍ രാഷ്ട്രപതിക്ക് അയച്ചത് എല്ലാവരുടെയും കൂട്ടായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ഭാഷാ സമിതി റിപ്പോര്‍ട്ടിന്റെ 1 മുതല്‍ 11 വരെയുള്ള വാല്യങ്ങളിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്യാന്‍ ഒരു ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സെക്രട്ടറിമാരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

    Also Read- KV Thomas| തലതൊട്ടപ്പന്മാരും വിവാദങ്ങളും; കുമ്പളങ്ങി മുതൽ ജനപഥ് വരെ കെ വി തോമസിന്റെ രാഷ്ട്രീയ രസതന്ത്രം

    എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായി 22,000 ഹിന്ദി അധ്യാപകരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒമ്പത് ആദിവാസി സമുദായങ്ങള്‍ അവരുടെ ഭാഷാ ലിപികള്‍ ദേവനാഗരിയിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പത്താം ക്ലാസ് വരെയുള്ള സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കാന്‍ സമ്മതം നല്‍കിയതായും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ അജയ് കുമാര്‍ മിശ്ര, നിസിത് പ്രമാണിക്, ഔദ്യോഗിക ഭാഷാ പാര്‍ലമെന്ററി കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഭര്‍തൃഹരി മഹ്താബ് എന്നിവരും സമിതിയിലെ മറ്റ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
    Published by:Rajesh V
    First published: