ഡൽഹി: പൗരത്വ നിയമ ഭേദഗതിയിൽ കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അധ്യക്ഷൻ അമിത്ഷാ. നിയമ സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബൂത്ത് കാര്യകർത്താ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിൽ അമിത് ഷാ പ്രധാനമായും സംസാരിച്ചത് പൗരത്വ നിയമത്തെപ്പറ്റിയായിരുന്നു. പ്രതിഷേധങ്ങളിൽ കോൺഗ്രസിനെ അമിത് ഷാ കടന്നാക്രമിച്ചു. പൗരത്വ നിയമ ഭേദഗതിയിൽ രാഹുലും പ്രിയങ്കയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിന് ശ്രമിച്ചുവെന്ന് അമിത്ഷാ ആരോപിച്ചു.
പ്രതിപക്ഷം പ്രവർത്തിക്കുന്നത് വോട്ട് ബാങ്കിന് വേണ്ടി മാത്രമാണ്. കോൺഗ്രസിനൊപ്പം കൂടി കേജ്രിവാളും പൗരത്വ നിയമത്തെ എതിർക്കുകയാണ് . പൗരത്വം നഷ്ടപ്പെടുമെന്ന് പറഞ്ഞ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുകയാണ്-അമിത് ഷാ പറഞ്ഞു.
പൗരത്വം നഷ്ടമാവില്ലെന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഉറപ്പ് നൽകുന്നതായി അമിത് ഷാ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയിൽ ആരുടെയും പൗരത്വം റദ്ദാക്കാനുള്ള വകുപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താനിലെ നങ്കാന ഗുരുദ്വാര ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചും അമിത് ഷാ പ്രസംഗത്തിൽ പരാമർശിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെല്ലാമുള്ള മറുപടിയാണതെന്നും ആക്രമിക്കപ്പെട്ട സിഖുകാർ എവിടേക്ക് പോകുമെന്നും അമിത് ഷാ ചോദിച്ചു. ഡൽഹിയിൽ ബി.ജെ.പി.സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.