• HOME
  • »
  • NEWS
  • »
  • india
  • »
  • അമൃത്പാൽ സിംഗ്: ഭിന്ദ്രൻവാലെ 2.0 ആകാനുള്ള തയ്യാറെടുപ്പിലോ? ഖാലിസ്ഥാന്‍ നേതാവിനെപ്പറ്റി അറിയേണ്ടതെല്ലാം

അമൃത്പാൽ സിംഗ്: ഭിന്ദ്രൻവാലെ 2.0 ആകാനുള്ള തയ്യാറെടുപ്പിലോ? ഖാലിസ്ഥാന്‍ നേതാവിനെപ്പറ്റി അറിയേണ്ടതെല്ലാം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ചും അമൃത്പാല്‍ സിംഗ് രംഗത്തെത്തിയിരുന്നു

വാരിസ് പഞ്ചാബ് ദേ യുടെ നിലവിലെ തലവനാണ് അമൃത്പാല്‍ സിംഗ്

വാരിസ് പഞ്ചാബ് ദേ യുടെ നിലവിലെ തലവനാണ് അമൃത്പാല്‍ സിംഗ്

  • Share this:

    ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ദിവസമാണ് പഞ്ചാബിലെ ഒരു പൊലീസ് സ്റ്റേഷനിലേക്ക് അമൃത്പാല്‍ സിംഗ് എന്ന നേതാവിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പേര്‍ തോക്കും, വാളുമായി എത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത തങ്ങളുടെ അനുയായികളെ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അജ്‌നാല പൊലീസ് സ്റ്റേഷനിലേക്കാണ് ഇവര്‍ ഇരച്ചുകയറിയത്. മൂന്ന് പൊലീസുകാര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.

    ഖലിസ്ഥാന്‍ അനുകൂല സംഘടന നേതാവായ അമൃത്പാല്‍ സിംഗാണ് ഈ പ്രതിഷേധത്തെ നയിച്ചത്. മണിക്കൂറുകളോളമാണ് പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. ഈ പ്രതിഷേധത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ പേരാണ് അമൃത് പാല്‍ സിംഗിന്റേത്. ഭിന്ദ്രന്‍വാല 2.0 എന്ന് പരക്കെ അറിയപ്പെടുന്ന അമൃത്പാല്‍ സിംഗ് സത്യത്തില്‍ ആരാണ്?

    ആരാണ് അമൃത്പാല്‍ സിംഗ്

    ഖലിസ്ഥാന്‍ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേ യുടെ നിലവിലെ തലവനാണ് അമൃത്പാല്‍ സിംഗ്. നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവാണ് ഈ സംഘടന സ്ഥാപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരില്‍ ദീപ് സിദ്ധു ഒരു റോഡപകടത്തില്‍ മരിക്കുകയും ചെയ്തു.

    Also read: ഗര്‍ഭനിരോധന മാർഗങ്ങള്‍ക്ക് അഫ്ഗാനിൽ വിലക്ക്; മുസ്ലിം ജനസംഖ്യ കുറയ്ക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയെന്ന് താലിബാൻ

    ഖാലിസ്ഥാന്‍ ഭീകരനായ ഭിന്ദ്രന്‍വാലയായി മാറാന്‍ ശ്രമിക്കുന്ന നേതാവാണ് അമൃത്പാല്‍ സിംഗ് എന്നാണ് പരക്കെ പറയപ്പെടുന്നത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരനാണ് ഭിന്ദ്രന്‍വാല. 1984 ജൂണ്‍ ആറിന് ഇന്ത്യന്‍ സേനയുമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഭിന്ദ്രന്‍വാല കൊല്ലപ്പെടുന്നത്.

    ഭിന്ദ്രന്‍വാലയെ ഓര്‍മ്മിപ്പിക്കുന്ന വേഷവിധാനത്തിലാണ് അമൃത്പാല്‍ സിംഗ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്. ഫൗജാന്‍ എന്നറിയപ്പെടുന്ന തന്റെ അനുയായി സംഘവുമായി അമൃത്പാല്‍ സിംഗ് സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിക്കാനെത്തിയിരുന്നു. കൂടാതെ ജനങ്ങളില്‍ സിഖ് മതം പ്രചരിപ്പിക്കുന്നതിനായി പാന്തിക് വഹീര്‍ എന്നൊരു ജാഥയും അദ്ദേഹം സംഘടിപ്പിച്ചിരുന്നു.

    പത്ത് വര്‍ഷത്തിന് ശേഷമാണ് അമൃത്പാല്‍ സിംഗ് പഞ്ചാബിലെത്തുന്നത്. ശേഷം സംസ്ഥാനത്തെ എല്ലാവീടും കയറിയിറങ്ങി തന്റെ വിഘടനവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഇദ്ദേഹം. സുരക്ഷാ ഏജന്‍സികള്‍ സദാ നിരീക്ഷിക്കുന്ന ഒരു വ്യക്തി കൂടിയാണ് അമൃത്പാല്‍ സിംഗ്.

    അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ചും അമൃത്പാല്‍ സിംഗ് രംഗത്തെത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അതേ വിധിയായിരിക്കും അമിത് ഷായ്ക്ക് എന്നായിരുന്നു ഭീഷണി.

    ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെ വളര്‍ന്നുവരാന്‍ അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. അത് തന്നെയാണ് ഇന്ദിരാ ഗാന്ധിയും പറഞ്ഞത്. നിങ്ങളും ഇതുതന്നെയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും,’ എന്നായിരുന്നു അമൃത്പാല്‍ സിംഗ് പറഞ്ഞത്.

    ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെ പരസ്യമായി പിന്താങ്ങിക്കൊണ്ടാണ് അമൃത്പാല്‍ സിംഗ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്.

    സിഎന്‍എന്‍ ന്യൂസ് 18- പ്രത്യേക റിപ്പോര്‍ട്ട്

    അമൃത്പാല്‍ സിംഗും ഐഎസ്‌ഐയുമായുള്ള ബന്ധത്തെക്കുറിച്ച് ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ച് വരികയാണെന്ന് ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചാബിനെ ശിഥിലമാക്കാനുള്ള ഐഎസ്‌ഐ പദ്ധതി ഏറ്റെടുത്തിരിക്കുകയാണ് അമൃത്പാല്‍ സിംഗ് എന്നാണ് കരുതേണ്ടതെന്ന് ഉന്നതവൃത്തങ്ങള്‍ സംശയിക്കുന്നു. അമൃത്പാല്‍ സിംഗിന്റെ ദസ്തര്‍ബന്ദി ചടങ്ങില്‍ (ടര്‍ബന്‍ കെട്ടുന്ന ചടങ്ങ്) ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കേട്ടിരുന്നു.

    കൂടാതെ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് അമൃത്പാല്‍ സിംഗ് ജോര്‍ജിയയില്‍ പോയിരുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

    ഭിന്ദ്രന്‍വാലയുടെ ഗ്രാമമായ റോഡ് ഗ്രാമത്തിലേക്കുള്ള അമൃത്പാല്‍ സിംഗിന്റെ സന്ദര്‍ശനവും ഖാലിസ്ഥാന്‍ അനുകൂല പ്രസംഗങ്ങളും രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

    അമൃത്സറില്‍ സംഭവിച്ചത് എന്ത്?

    കപൂര്‍ത്തല ജില്ലയിലെ ദില്‍വാന്‍ ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ നിന്നാണ് അമൃത്പാല്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. പൊലീസ് ഈ സംഘത്തെ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ അനുയായിയായ തൂഫാന്‍ സിംഗിനെ വിട്ട് നല്‍കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് അമൃത്പാല്‍ സിംഗ് പറഞ്ഞത്.

    റൂപാനഗര്‍ സ്വദേശിയായ ബരീന്ദര്‍സിംഗിനെ മര്‍ദ്ദിച്ച്, തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന കേസിലാണ് സിംഗ് ഉള്‍പ്പെടെയുള്ള 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ചംകര്‍ സാഹിബ് സ്വദേശിയായ ബരീന്ദര്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. അജ്ഞാതമായ ഒരിടത്തേക്ക് തന്നെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ബരിന്ദര്‍ സിംഗ് തന്റെ പരാതിയില്‍ പറയുന്നത്.

    അതേസമയം, അജ്‌നാലയിലേക്ക് പ്രതിഷേധവുമായി എത്തുന്നതിന് മുമ്പ് ദില്‍വാന്‍ ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ വന്‍ പ്രതിഷേധമാണ് അമൃത്പാല്‍ സിംഗും അനുയായികളും നടത്തിയത്. പിന്നീട് അജ്‌നാല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ പൊലീസ് ഇവരെ അനുവദിച്ചു. മാര്‍ച്ചില്‍ അമൃത്സര്‍-ഡല്‍ഹി ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

    തുടര്‍ന്ന് അജ്‌നാലയിലെത്തിയ അമൃത്പാല്‍ സിംഗും സംഘവും പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത സംഘം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയും ചെയ്തു. തൂഫാന്‍ സിംഗിനെ വിട്ടയ്ക്കാതെ പൊലീസ് സ്റ്റേഷന്‍ വിട്ടുപോകില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

    തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനിലെത്തുകയും അമൃത്പാല്‍ സിംഗുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും വെള്ളിയാഴ്ചയോടെ തൂഫാന്‍ സിംഗിനെ വിട്ടയയ്ക്കുമെന്നും അമൃത്സര്‍ പൊലീസ് സൂപ്രണ്ട് സതീന്ദര്‍ സിംഗ് പറഞ്ഞു. അതിന് ശേഷം മാര്‍ച്ച് പ്രതിഷേധ മാര്‍ച്ച് അവസാനിപ്പിക്കുന്നുവെന്ന് അമൃത്പാല്‍ സിംഗ് അറിയിച്ചു. എന്നാല്‍ തൂഫാന്‍ സിംഗിനെ വിട്ടയയ്ക്കുന്നത് വരെ തങ്ങള്‍ എല്ലാവരും അജ്‌നാല നഗരത്തിനുള്ളില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    Published by:user_57
    First published: