ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (Guinness World Record) സ്വന്തമാക്കി തുംകുരുവിലെ സിദ്ധഗംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എസ്ഐടി) എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി (Engineering Student). ഈശ്വര്‍ എന്‍ എന്ന വിദ്യാര്‍ത്ഥിയാണ് റാക്കറ്റ് ഉപയോഗിച്ച് ടേബിള്‍ ടെന്നീസ് ബോള്‍ (Table Tennis Ball) നിയന്ത്രിച്ചുകൊണ്ട് ഏറ്റവും വേഗത്തിൽ ഒരു മൈൽ ദൂരം താണ്ടി പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 6 മിനിറ്റ് 16.53 സെക്കന്‍ഡ് സമയം കൊണ്ടാണ് ഈശ്വർ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. സ്പെയിനിലെ യുങ്കോസിന്റെ ക്രിസ്റ്റ്യന്‍ റോബര്‍ട്ടോ ലോപ്പസ് റോഡ്രിഗസിന്റെ പേരിലുള്ള, 6 മിനിറ്റ് 24.69 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് ഈശ്വര്‍ മറികടന്നത്.
അഞ്ചാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് ഈശ്വര്‍. വര്‍ഷങ്ങളായി ഈശ്വര്‍ ടേബിള്‍ ടെന്നീസ് കളിക്കുന്നുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ബെംഗളൂരുവിലെ എം എസ് രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സുസ്മിത്ത് രാജേന്ദ്ര ബരിഗിദാദാണ് ഈശ്വറിന്റെ പ്രചോദനം. ബെലഗാവിയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി (വിടിയു) നടത്തിയ നിരവധി ടൂര്‍ണമെന്റുകളില്‍ ഈശ്വറും സുസ്മിത്തും വിജയിച്ചിട്ടുണ്ട്. എന്നാല്‍ കാഴ്ചക്കുറവിനെ തുടര്‍ന്ന് കണ്ണട വെയ്ക്കേണ്ടി വന്നതിനാല്‍ അന്ന് ഗിന്നസ് റെക്കോര്‍ഡ് നേടുന്നതില്‍ നിന്ന് ഈശ്വര്‍ വിട്ടുനിൽക്കുകയായിരുന്നു.
തുംകുരു ബാഡ്മിന്റണ്‍ അക്കാദമിയില്‍ ഒരു വര്‍ഷത്തോളം മണിക്കൂറുകളോളം കഠിന പരിശീലനം നടത്തി റെക്കോഡ് സ്ഥാപിക്കാന്‍ ഈശ്വര്‍ സ്വയം തയ്യാറെടുത്തു. ''കുട്ടിക്കാലം മുതലേ കായിക വിനോദങ്ങളിൽ താത്പര്യം ഉണ്ടായിരുന്നതിനാൽ ടേബിള്‍ ടെന്നീസില്‍ എന്തെങ്കിലും പ്രത്യേക നേട്ടം സ്വന്തമാക്കാൻ ഞാന്‍ ആഗ്രഹിച്ചിരുന്നു. ടേബിള്‍ ടെന്നീസ് ദേശീയ മത്സരങ്ങളിൽ വിജയിക്കാനാകും ഞാൻ ഇനി പരിശ്രമിക്കുക'', ഈശ്വര്‍ പറഞ്ഞു.
നേരത്തെ, ഒഡീഷയിലെ പുരിയില്‍ നിന്നുള്ള 28കാരനായ യുവാവ് വീല്‍ചെയറില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച് പുതിയ ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 24 മണിക്കൂറു കൊണ്ട് 215 കിലോമീറ്റര്‍ വീല്‍ചെയറില്‍ സഞ്ചരിച്ച്, ഏറ്റവും കൂടുതല്‍ ദൂരം വീല്‍ചെയറില്‍ സഞ്ചരിച്ചതിനുള്ള റെക്കോര്‍ഡാണ് ഈ 28കാരന് സ്വന്തമാക്കിയത്. ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നിര്‍മ്മിച്ച നിയോഫൈ വീല്‍ചെയറില്‍ യാത്ര ചെയ്താണ് കമല കാന്ത് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 2007ല്‍ പോര്‍ച്ചുഗലിലെ മരിയോ ട്രിനിഡാഡ് എന്ന വ്യക്തി വില്ല റിയല്‍ സ്റ്റേഡിയത്തില്‍ വെച്ച് 24 മണിക്കൂര്‍ കൊണ്ട് 182 കിലോമീറ്റര്‍ താണ്ടി റെക്കോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഈ റെക്കോര്‍ഡ് തകര്‍ത്താണ് കമല കാന്തിന്റെ മുന്നേറ്റം.
ഐഐടി മദ്രാസിന്റെ ടിടികെ സെന്റര്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡിവൈസ് ഡെവലപ്മെന്റും അതിന്റെ സ്റ്റാര്‍ട്ടപ്പായ നിയോമോഷനും സംയുക്തമായാണ് കഴിഞ്ഞ വര്‍ഷം ഭിന്നശേഷിക്കാര്‍ക്കായി മോട്ടോര്‍ ഘടിപ്പിച്ച വീല്‍ചെയര്‍ വികസിപ്പിച്ചത്. നിയോബോള്‍ട്ട് എന്നറിയപ്പെടുന്ന ഈ വീല്‍ചെയര്‍ സ്വന്തമായി യാത്ര ചെയ്യാന്‍ ഭിന്നശേഷിക്കാരെ സഹായിക്കാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. മോട്ടോര്‍ ഘടിപ്പിച്ച മെഷീന് വീല്‍ചെയറില്‍ നിന്ന് ആവശ്യമെങ്കില്‍ വേര്‍പെടുത്തി ഉപയോഗിക്കാനും സാധിക്കും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.