വിശാഖപട്ടണം: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആഹ്വാനം തള്ളി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ഈ മഹത്തായ ചടങ്ങ് ബഹിഷ്കരിക്കുന്നത് ജനാധിപത്യത്തിന്റെ യഥാർത്ഥ അന്തസത്തയ്ക്ക് ചേർന്നതല്ലെന്നും ജഗൻ മോഹൻ റെഡ്ഡി ഫേസ്ബുക്കിൽ കുറിച്ചു. പുതിയ മന്ദിരം പൂർത്തിയാക്കിയ പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. തന്റെ പാർട്ടി ചടങ്ങിൽ പങ്കെടുക്കുമെന്നും ആന്ധ്രാ മുഖ്യമന്ത്രി അറിയിച്ചു.
”ഗംഭീരവും വിശാലവുമായ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമർപ്പിച്ചതിന് നരേന്ദ്ര മോദിജിയെ ഞാൻ അഭിനന്ദിക്കുന്നു. ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാർലമെന്റ് നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു, അത് നമ്മുടെ രാജ്യത്തെ ജനങ്ങൾക്കും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവകാശപ്പെട്ടതാണ്. ഇത്തരമൊരു ശുഭകരമായ ചടങ്ങ് ബഹിഷ്കരിക്കുന്നത് ജനാധിപത്യത്തിന്റെ യഥാർത്ഥ മനോഭാവമല്ല. എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങളും മാറ്റിവെച്ച്, ഈ മഹത്തായ ചടങ്ങിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പങ്കെടുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ജനാധിപത്യത്തിന്റെ യഥാർത്ഥ ആത്മാവിൽ, എന്റെ പാർട്ടി ഈ ചരിത്ര സംഭവത്തിൽ പങ്കുചേരും”- ജഗൻ മോഹൻ റെഡ്ഡി കുറിച്ചു.
Also Read- പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് ബിജെഡി
ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ്, ആം ആദ്മി അടക്കം 19 പാർട്ടികൾ വിട്ടുനിൽക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിറക്കിയത്. മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്.
പ്രതിപക്ഷ പാർട്ടികളുടെ പ്രസ്താവനയ്ക്ക് പിന്നാലെ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബിജെഡി വ്യക്തമാക്കിയിരുന്നു. പങ്കെടുക്കുമെന്ന് ബിജെഡി അറിയിച്ചത്. 1.4 ബില്യൺ ജനങ്ങളെ പ്രതിനിധീകരിക്കുന്ന സഭയാണ് പാർലമെന്റ് എന്നും ഭരണഘടനാ സ്ഥാപനങ്ങൾ ഏതൊരു വിഷയത്തിനും മുകളിലായിരിക്കണമെന്ന് വിശ്വസിക്കുന്നുവെന്നും ബിജെഡിയുടെ പ്രസ്താവനയിൽ പറയുന്നു.
കോൺഗ്രസ്, ഡിഎംകെ, ആം ആദ്മി പാർട്ടി, ശിവസേന (യുബിടി), സമാജ്‌വാദി പാർട്ടി, സിപിഐ, സിപിഎം, ജെഎംഎം, കേരള കോൺഗ്രസ് എം, വിടുതലൈ ചിരുതേഗൽ കച്ചി, രാഷ്ട്രീയ ലോക്ദൾ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ (യുണൈറ്റഡ്), എൻസിപി, ആർജെഡി , മുസ്ലിം ലീഗ്, നാഷണൽ കോൺഫറൻസ്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം എന്നീ പാർട്ടികളാണ് ചടങ്ങ് ബഹിഷ്കരിക്കുന്നത്.
Also Read- പുതിയ പാര്‍ലമെന്‍റ് മന്ദിരം അലങ്കരിക്കാന്‍ ‘ചെങ്കോല്‍’ ഉണ്ടാകും; അമിത് ഷാ
പ്രസിഡന്റ് ദ്രൗപതി മുർമുവിനെ മാറ്റി നിർത്തി പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ തീരുമാനം കടുത്ത അപമാനവും ജനാധിപത്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണവുമാണെന്ന് പ്രസ്താവനയിൽ പറയുന്നു.
ജനാധിപത്യത്തിന്റെ ആത്മാവ് പാർലമെന്റിൽ നിന്ന് ഊറ്റിയെടുക്കപ്പെടുമ്പോൾ, ഒരു പുതിയ കെട്ടിടത്തിന് ഒരു വിലയും ഞങ്ങൾ കാണുന്നില്ല. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള ഞങ്ങളുടെ കൂട്ടായ തീരുമാനം തങ്ങൾ പ്രഖ്യാപിക്കുന്നുവെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. കൂടാതെ, ഹിന്ദുത്വ പ്രചാരകന്‍ വി ഡി സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തിലാണ് ചടങ്ങെന്നതും പ്രതിപക്ഷം വിമർശനവിഷയമാക്കുന്നു.
അതേസമയം, പാര്‍ലമെന്റ് ഉദ്ഘാടനത്തിന് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കണമോ എന്ന് അവരവര്‍ക്ക് തീരുമാനിക്കാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. 970 കോടി രൂപാ ചെലവിൽ 64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നിർമാണം. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian Parliament, Narendra modi, New parliament building, YS Jaganmohan Reddy