ഹൈദരാബാദ്: ഉപമുഖ്യമന്ത്രിയായിരിക്കെ പെൺകുഞ്ഞിന് ജന്മം നൽകിയെന്ന നേട്ടവുമായി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പമുല പുഷ്പ ശ്രീവാനി. ഉപമുഖ്യമന്ത്രിസ്ഥാനത്ത് ഇരിക്കെ കുഞ്ഞിന് ജന്മം നൽകുന്ന രാജ്യത്തെ ആദ്യ വനിതയെന്ന നേട്ടവും അവർക്ക് സ്വന്തമായി. വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഗോത്രക്ഷേമ വകുപ്പ് വഹിക്കുന്ന 34 കാരിയായ ശ്രീവാനിയെ മുഖ്യമന്ത്രിയും മന്ത്രിസഭയിലെ സഹപ്രവർത്തകരും വൈ എസ് ആർ കോൺഗ്രസ് പാർട്ടി (വൈ എസ് ആർ സി പി) നേതാക്കളും അഭിനന്ദിച്ചു.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഉപമുഖ്യമന്ത്രിമാരിൽ ഒരാളായ ശ്രീവാനിക്കും അവരുടെ ഭർത്താവ് സത്രുചാർല പരിക്ഷിത്ത് രാജുവിനും ഇത് ആദ്യ കുട്ടിയാണ്. 2019 ൽ വൈ. എസ്. ആർ. സി. പി അധികാരത്തിൽ വന്നപ്പോൾ ജഗൻ മോഹൻ റെഡ്ഡി ശ്രീവാനിയെ അഞ്ച് ഉപമുഖ്യമന്ത്രിമാരിൽ ഒരാളായി തിരഞ്ഞെടുത്തു. ജഗൻ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് അവർ.
വിജയനഗരം ജില്ലയിലെ കുറുപം (എസ് ടി) നിയോജകമണ്ഡലത്തിലെ ആദിവാസി നേതാവ് തുടർച്ചയായി രണ്ടാം തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2019 ലെ തെരഞ്ഞെടുപ്പിൽ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) നരസിംഹ പ്രിയ തത്രാജിനെ 26,000 വോട്ടുകൾക്കാണ് പുഷ്പ ശ്രീവാനി പരാജയപ്പെടുത്തിയത്.
Also Read-
'വീട്ടിലേക്ക് തിരിച്ചു വരൂ, പക വീട്ടി തീർക്കാനുണ്ട്' - ജയിൽ ചാടിയ പ്രതി മലാലയെ ഭീഷണിപ്പെടുത്തിയത് ഇങ്ങനെ
പശ്ചിമ ഗോദാവരി ജില്ലയിലെ ബുത്തായഗുഡെം മണ്ഡലത്തിലെ ഡോറാമമിഡി ഗ്രാമത്തിൽപ്പെട്ട അവർ രാഷ്ട്രീയത്തിൽ എത്തുന്നതിന് മുമ്പ് അദ്ധ്യാപികയായിരുന്നു. 2014 ൽ സത്രുചാർല പരിക്ഷിത്ത് രാജുമായുള്ള വിവാഹത്തിന് ശേഷം അവർ വിജയനഗരം ജില്ലയിലേക്ക് മാറുകയായിരുന്നു. ശ്രീവാനി 2014 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വിവാഹം നടന്നത്. കുറുപത്തിൽ നിന്ന് ആന്ധ്രാപ്രദേശ് നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവർക്ക് 26 വയസ്സായിരുന്നു.
പ്രകൃതി സംരക്ഷണം, കൃഷിയുടെ പ്രാധാന്യം എടുത്തുകാട്ടുന്നതിനായി ഒരു തെലുങ്ക് സിനിമയിൽ അഭിനയിച്ചതിന് ശ്രീവാനി നേരത്തെ വാർത്തകളിൽ ഇടംനേടിയിരുന്നു. 'അമൃത ഭൂമി' എന്ന ചിത്രത്തിൽ ടീച്ചറുടെ വേഷത്തിലാണ് അവർ അഭിനയിച്ചത്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ പ്രശംസിക്കുന്ന ഗാനത്തിനായി ടിക് ടോക്കിൽ സെൽഫി വീഡിയോ പോസ്റ്റ് ചെയ്തതും വൈറലായിരുന്നു.
'റായലസീമ മുദ്ദുബിദ്ദ മന ജഗൻ അന്ന' എന്ന തെലുങ്ക് ഗാനമാണ് ശ്രീവാനി തന്നെ വീഡിയോയ്ക്ക് പോസ് ചെയ്തത്. ഈ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2019 ൽ മുഖ്യമന്ത്രിയായ ശേഷമാണ് ജഗൻ ഈ ഗാനം നിർമ്മിച്ചത്,
ശ്രീവാനി വടക്കൻ തീരദേശ ആന്ധ്രയിൽ നിന്നുള്ളയാളാണെങ്കിലും, റായലസീമയുടെ വികസനത്തെ പ്രശംസിച്ചുകൊണ്ട് പാട്ടിനൊപ്പം വീഡിയോ പോസ്റ്റ് ചെയ്തു. ഇപ്പോഴത്തെ തലസ്ഥാനമായ അമരാവതിയിലെ കർഷകരെ പ്രകോപിപ്പിച്ച ജഗന്റെ മൂന്ന് മൂലധന നിർദ്ദേശത്തെ തുടർന്നാണ് ടിക് ടോക്ക് വീഡിയോ പോസ്റ്റ് ചെയ്തത്. ജഗൻ വിശാഖപട്ടണത്തെ (വടക്കൻ തീരദേശ ആന്ധ്രയിൽ) ഭരണ തലസ്ഥാനമായും കർണൂലിനെ (റായലസീമയിൽ) ജുഡീഷ്യൽ തലസ്ഥാനമായും മാറ്റിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.