നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Jai Bhim ഫെയിം ജസ്റ്റിസ് ചന്ദ്രു കോടതിയ്ക്കെതിരേ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരേ ആന്ധ്രാപ്രദേശ് ഹൈക്കോടതി

  Jai Bhim ഫെയിം ജസ്റ്റിസ് ചന്ദ്രു കോടതിയ്ക്കെതിരേ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരേ ആന്ധ്രാപ്രദേശ് ഹൈക്കോടതി

  ജസ്റ്റിസ് ചന്ദ്രുവിന്റെ ഈ പരാമ‍‍ർശങ്ങളിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് ബട്ടു ദേവാനന്ദ് കടുത്ത അതൃപ്തി രേഖപ്പെടുത്തി.

  ജസ്റ്റിസ് ചന്ദ്രു

  ജസ്റ്റിസ് ചന്ദ്രു

  • Share this:
   രമണകുമാർ പി വി

   അമരാവതി: "ജയ് ഭീം" ( Jai Bhim) എന്ന സിനിമയിലൂടെ പ്രശസ്തനായ മദ്രാസ് ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് ചന്ദ്രു (Justice Chandru) ആന്ധ്രാപ്രദേശ് ഹൈക്കോടതിയ്ക്കെതിരെ നടത്തിയ പരാമർശം വിവാദമായി മാറി. മറ്റ് മേഖലകൾക്ക് ഉള്ളതുപോലെ കോടതികൾക്കും ചില പരിധികൾ ഉണ്ടെന്നും എന്നാൽ ആന്ധ്രപ്രദേശ് ഹൈക്കോടതി ( Andhra Pradesh High Court) ആ പരിധികൾ മറികടന്നു എന്നുമാണ്ചന്ദ്രു പറഞ്ഞത്. ഈ പരാമർശത്തിൽ ജസ്റ്റിസ് ബട്ടു ദേവാനന്ദ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

   കോടതി അലക്ഷ്യമായി കണക്കാക്കാവുന്ന പരാമർശങ്ങളാണ് ജസ്റ്റിസ് ചന്ദ്രു നടത്തിയത്. ഹേബിയസ് കോർപ്പസ് കേസുകളിൽ സർക്കാർ വിശദീകരണം നൽകാതിരുന്നാൽ കോടതികൾക്ക് സർക്കാരുകളിൽ നിന്ന്പിഴ ചുമത്താം. എന്നാൽ അതിനപ്പുറം പോകാൻ കഴിയില്ലെന്നാണ് ചന്ദ്രു പറഞ്ഞത്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും ജനങ്ങളെ സേവിക്കുകയും ചെയ്യുക എന്നതായിരിക്കണം കോടതികളുടെ ആത്യന്തിക ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. കോടതികൾ ശരിയായ ദിശയിലല്ല പോകുന്നതെന്നും ജസ്റ്റിസ് ചന്ദ്രു ആരോപിച്ചു. ചില ജഡ്ജിമാർ തങ്ങളുടെ ചില വിധികൾ തെറ്റാണെന്ന് പൊതുവേദികളിൽ തുറന്ന് സമ്മതിച്ചിട്ടുള്ളതായും ചന്ദ്രു വ്യക്തമാക്കിയിരുന്നു.

   സോഷ്യൽ മീഡിയ കമന്റുകളുടെ അടിസ്ഥാനത്തിൽ കോടതികൾ സിബിഐ അന്വേഷണം ആവശ്യപ്പെടുകയും വിദേശരാജ്യങ്ങളിലേക്ക് തിരച്ചിൽ സംഘത്തെ അയയ്ക്കുകയും ചെയ്യുന്നതിലും ജസ്റ്റിസ് ചന്ദ്രു പ്രതിഷേധം രേഖപ്പെടുത്തി. ഭരണഘടനയെ ആയുധമാക്കിപണം സമ്പാദിക്കാതെ ഇരകളെയും ജനങ്ങളെയും സേവിച്ചുകൊണ്ട് അഭിഭാഷകർക്ക് സന്തോഷകരമായി പ്രവ‍‍ർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

   ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പ്രതിപക്ഷ പാർട്ടികൾക്ക് പകരം കോടതിയോട് പോരാടേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വിജയവാഡയിൽ എ.പി.സി.എൽ.സി.യും കുലവിവക്ഷ വ്യതിരേക സമര സമിതിയും സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇത്തരം ചില പരാമർശങ്ങൾ നടത്തിയത്.

   ആന്ധ്രപ്രദേശിന്റെ മൂന്ന് തലസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കേസ് അമരാവതിയിൽ ഭൂമി സ്വന്തമായുള്ള ജഡ്ജിമാരിൽ നിന്ന് മറ്റ് ജഡ്ജിമാ‍‍‍ർക്ക് കൈമാറാൻ ആന്ധ്രാ സർക്കാർ ആവശ്യപ്പെട്ട സാഹചര്യത്തിൽ നീതി ലഭിക്കില്ലെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ചന്ദ്രുവിന്റെ ഈ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചർച്ചയാവുകയും ചെയ്തു.

   ജസ്റ്റിസ് ചന്ദ്രുവിന്റെ ഈ പരാമ‍‍ർശങ്ങളിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് ബട്ടു ദേവാനന്ദ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇത്തരം പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയുടെയും കോടതികളുടെയും പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ജനശ്രദ്ധയാകർഷിക്കാൻ ചിലർ ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തിയേക്കാം, ചില തെറ്റുകളുടെ പേരിൽ മുഴുവൻ ജുഡീഷ്യറിയെയും കുറ്റപ്പെടുത്തരുതെന്നും ജസ്റ്റിസ് ദേവാനന്ദ് പറഞ്ഞു.

   ജസ്റ്റിസ് ചന്ദ്രുവിന്റെ പരാമർശങ്ങൾ മനുഷ്യാവകാശങ്ങളെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാകാം. എന്നാൽ ഇത് കോടതിയുടെ പ്രതിച്ഛായ തകർത്തു കൊണ്ടാകരുത്. ജയ് ഭീം സിനിമയിലെ സുപ്രധാന കഥാപാത്രത്തെ കണ്ടപ്പോൾ ജസ്റ്റിസ് ചന്ദ്രുവിനോട് തനിക്ക് ബഹുമാനമുണ്ടായിരുന്നുവെന്നും എന്നാൽ വിജയവാഡയിലെ അദ്ദേഹത്തിന്റെ പ്രസം​ഗം കേട്ടതോടെ അത് നഷ്ടപ്പെട്ടുവെന്നും ദേവാനന്ദ് പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം മനസ്സിലാക്കാതെ മുഴുവൻ കോടതിയെയും നീതിന്യായ വ്യവസ്ഥയെയും ഇകഴ്ത്തുന്ന ജസ്റ്റിസ് ചന്ദ്രുവിന്റെ പരാമർശങ്ങളോട് വിയോജിക്കുന്നതായും അദ്ദേഹം പറഞ്ഞു.

   "ജഡ്ജിമാരെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നതിൽ എന്താണ് തെറ്റ്? ജുഡീഷ്യറി ജനങ്ങൾക്കുള്ളതാണ്, അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ബില്ലുകൾ തീ‍ർപ്പാക്കാത്തതിന്റെ പേരിൽ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ ആത്മഹത്യ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജനങ്ങൾക്ക് വേണ്ടിയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. കോടതികളെ ഇത്തരത്തിൽ കുറ്റപ്പെടുത്തുന്നത് ശരിയല്ല", അദ്ദേഹം കൂട്ടിച്ചേർത്തു.

   ജസ്റ്റിസ് ചന്ദ്രുവിന്റെ സാമൂഹിക നില, സമൂഹത്തോടുള്ള പ്രതിബദ്ധത, പ്രായം എന്നിവ കണക്കിലെടുക്കുന്നതിനാലാണ് അദ്ദേഹത്തിനെതിരെ സ്വമേധയാക്രിമിനൽ കേസ് എടുക്കണമെന്ന ആവശ്യവുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് താൻ കത്തെഴുതാത്തതെന്നും ജസ്റ്റിസ് ദേവാനന്ദ് പറഞ്ഞു.

   Related News- Jai Bhim | സൂര്യയുടെ ജയ് ഭീമും 1993ലെ തമിഴ്നാട് കടലൂർ സംഭവവും തമ്മിലുള്ള ബന്ധമെന്ത്? സിനിമയ്ക്ക് ഇതിവൃത്തമായ സംഭവപരമ്പര
   Published by:Rajesh V
   First published: