പാട്ന: ഡൽഹിയിലെ ഷഹീൻ ബാഗിലെ പൗരത്വ നിയമഭേദഗതി പ്രതിഷേധ വേദിയിൽ വിവാദപ്രസംഗം നടത്തിയ ജെ എൻ യു മുൻ വിദ്യാർഥി ഷർജീൽ ഇമാമിനെ രാജ്യദ്രോഹക്കേസിൽ അറസ്റ്റ് ചെയ്തു. ബിഹാറിലെ ജെഹാനബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിയെയും പൗരത്വ രജിസ്റ്ററിനെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്.
ഡൽഹി പൊലീസ് കേസ് എടുത്തതിനെ തുടർന്ന് ദേശീയ ഏജൻസികളും ജെഹാനബാദ് പൊലീസും ഞായറാഴ്ച ഷർജീലിനായ തിരച്ചിൽ ആരംഭിച്ചിരുന്നു. ബിഹാറിലെ ഷർജീലിന്‍റെ വീട്ടിൽ തിരച്ചിൽ നടത്തിയ സംഘം ബന്ധുക്കളെ തടങ്കലിലാക്കുകയും ചെയ്തിരുന്നു. അതേസമയം, ഷഹീൻബാഗിൽ ഉൾപ്പെടെ നടക്കുന്ന സമരങ്ങളുടെ സംഘാടകൻ എന്ന നിലയിൽ കൂടിയാണ് ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ഷർജീൽ ഒളിവിൽ ആയിരുന്നു.
പ്രതിഷേധ വേദികളിൽ എല്ലാം ഷർജീൽ ഇമാം നടത്തിയിട്ടുള്ള പ്രസംഗങ്ങൾ രാജ്യദ്രോഹക്കുറ്റമായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചുള്ള 12 എ വകുപ്പുകൾ ഉൾപ്പെടെയാണ് ചുമത്തിയിട്ടുള്ളത്. അസമിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്ന തരത്തിലുള്ള പ്രസംഗങ്ങൾ പല വേദികളിലായി ആവർത്തിക്കുകയും ചെയ്തിരുന്നു. ഈ പ്രസംഗങ്ങൾ എല്ലാം തന്നെ വൈറലാണ്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇതെല്ലാം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നേരത്തെ തന്നെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു. അതേസമയം, സമാനമായ പ്രസംഗത്തിൽ അസം പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യു എ പി എ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.