ടെലിവിഷൻ താരം നിതേഷ് പാണ്ഡേ (51) അന്തരിച്ചു. മഹാരാഷ്ട്രയിലെ ഇഗത്പുരിയിലുള്ള ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി യാത്രയിലായിരുന്നു നിതേഷ് എന്നും, ഇഗത്പുരിയിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്ന് പുലർച്ചെ രണ്ടു മണിയോടെ മരണപ്പെടുകയായിരുന്നുവെന്നും സുഹൃത്തും സഹപ്രവർത്തകനുമായ നിർമാതാവ് ജെ ഡി മജേത്തിയ അറിയിച്ചു.
സ്റ്റാർ പ്ലസ് സംപ്രേക്ഷണം ചെയ്ത സൂപ്പർഹിറ്റ് സീരിയൽ അനുപമയിൽ ധീരജ് എന്ന കഥാപാത്രത്തെ നിതേഷ് അവതരിപ്പിച്ചിരുന്നു. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരിക്കുന്നത്. പൊലീസ് സംഘം ഹോട്ടലിലെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പോസ്റ്റു മോർട്ടം റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ല. ഹോട്ടൽ ജീവനക്കാരെയും നിതേഷിനോട് അടുപ്പമുണ്ടായിരുന്നവരെയും ചോദ്യം ചെയ്തുവരികയാണ്.
Also read-ബോളിവുഡ് നടൻ നിതേഷ് പാണ്ഡെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
25 വർഷമായി അഭിനയരംഗത്ത് സജീവമാണ് നിതേഷ് പാണ്ഡേ. ടെലിവിഷൻ, നാടകം, സിനിമ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 90കളുടെ ആദ്യകാലത്ത് നാടക നടനായി കരിയർ ആരംഭിച്ച നിതേഷ്, തുടർന്ന് ധാരാളം ടെലിവിഷൻ സീരിയലുകളിൽ വേഷമിട്ടു. തേജസ്, മൻസിലേൻ അപ്‌നി അപ്നി, സായ, അസ്തിത്വ ഏക് പ്രേം കഹാനി, ജസ്തജൂ, ദുർഗേഷ് നന്ദിനി എന്നിങ്ങനെ അനവധി സീരിയലുകളുടെ ഭാഗമായിട്ടുണ്ട്.
സിനിമാ നിർമാണ മേഖലയിലും സജീവമായിരുന്നു നിതേഷ്. സ്വന്തമായി പ്രൊഡക്ഷൻ കമ്പനിയും നടത്തിയിരുന്നു. ബദായി ദോ, ഓം ശാന്തി ഓം, ഖോസ്ലാ കാ ഘോസ്ല എന്നീ സിനിമകൾ നിർമിച്ചിട്ടുണ്ട്. അനുപമയ്ക്കു പുറമേ, പ്യാർ കാ ദർദ് ഹേ മീഠാ മീഠാ പ്യാരാ പ്യാരാ എന്ന സീരിയലിലാണ് അവസാനമായി അഭിനയിച്ചത്.
കരിയറിൽ അധികവും ഹാസ്യ താരമായായിരുന്നു നിതേഷ് അഭിനയിച്ചിരുന്നത്. തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടേറിയത് കോമഡി കൈകാര്യം ചെയ്യാനാണെന്ന് നേരത്തേ ഇന്ത്യൻ എക്‌സ്പ്രസിനു നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ”കോമഡി ചെയ്യാൻ അസാധ്യ ടൈമിംഗ് വേണം. സഹതാരങ്ങളുമായി ഒരു സിങ്ക് ഉണ്ടാവണം. ആളുകളെ ചിരിപ്പിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി”, എന്നാണ് അദ്ദേഹം ആ അഭിമുഖത്തിൽ പറഞ്ഞത്.
സഹപ്രവർത്തകരും സുഹൃത്തുക്കളും നിതേഷിന്റെ മരണത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് വാർത്തയറിഞ്ഞതെന്ന് അഭിനേതാവും CINTAA അംഗവുമായ അമിത് ഭേൽ പറഞ്ഞു. നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും, കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
”ഇത് സത്യമാകരുതേ എന്നാണ് ആഗ്രഹം. സുഹൃത്തും സഹപ്രവർത്തകനും കഴിവുറ്റ അഭിനേതാവുമായ നിതേഷ് പാണ്ഡേ അന്തരിച്ചിരിക്കുന്നു” , എന്ന് ദേവൻ ഭോജാനി ട്വിറ്ററിൽ കുറിച്ചു. ”നിതേഷ് പാണ്ഡേ, ഈ പോക്ക് വളരെ നേരത്തെയായിപ്പോയി”, എന്ന് അഭിനേതാവായ രാജേശ്വരി സച്ച്‌ദേവ് പ്രതികരിച്ചു.
നിതേഷിൻ്റെ ഭൗതികശരീരം അന്ത്യകർമങ്ങൾക്കായി മുംബൈയിൽ എത്തിക്കും. അർപ്പിത പാണ്ഡേ ആണ് ഭാര്യ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bollywood actor, Film news