അഡ്വ. മാത്യൂസ് നെടുമ്പാറയ്ക്ക് സുപ്രീം കോടതിയിൽ ഒരു വർഷം വിലക്ക്; മൂന്നു മാസം തടവുശിക്ഷ പിന്നീട് മരവിപ്പിച്ചു
അഡ്വ. മാത്യൂസ് നെടുമ്പാറയ്ക്ക് സുപ്രീം കോടതിയിൽ ഒരു വർഷം വിലക്ക്; മൂന്നു മാസം തടവുശിക്ഷ പിന്നീട് മരവിപ്പിച്ചു
ജസ്റ്റിസ് രോഹിൻടൺ നരിമാൻ സുപ്രീംകോടതി ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ പിതാവ് ഫാലി നരിമാൻ കോടതിയിൽ ഹാജരാകുന്നതിനെതിരായ പരാമർശവുമായി ബന്ധപ്പെട്ടാണ് കോടതിയലക്ഷ്യം
ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ മലയാളി അഭിഭാഷകൻ മാത്യു നേടുമ്പാറയ്ക്ക് സുപ്രീംകോടതിയിൽ ഹാജരാകുന്നതിന് ഒരു വർഷത്തെ വിലക്ക്. മൂന്ന് മാസം തടവ് ശിക്ഷയും വിധിച്ചെങ്കിലും ഭാവിയിൽ കോടതിയലക്ഷ്യം ആവർത്തിക്കില്ലെന്ന ഉറപ്പിൻമേൽ ഈ ശിക്ഷ മരവിപ്പിച്ചു. ജസ്റ്റിസ് രോഹിൻടൺ നരിമാൻ സുപ്രീംകോടതി ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ പിതാവ് ഫാലി നരിമാൻ കോടതിയിൽ ഹാജരാകുന്നതിനെതിരായ പരാമർശവുമായി ബന്ധപ്പെട്ടാണ് കോടതിയലക്ഷ്യം.
മാത്യൂസ് നെടുമ്പാറയ്ക്കും മറ്റ് മൂന്നുപേർക്കുമെതിരെയാണ് കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചത്. മാർച്ച് 12ന് കോടതിയലക്ഷ്യക്കേസിൽ മാത്യൂസ് നെടുമ്പാറ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. എന്ത് ശിക്ഷ വേണമെന്ന് രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടു. എന്നാൽ കേസ് പരിഗണിച്ചപ്പോൾ ബെഞ്ച് മാറ്റണമെന്ന ആവശ്യം മാത്രമാണ് മാത്യൂസ് നെടുമ്പാറ മുന്നോട്ടുവെച്ചത്. ഈ ആവശ്യം തള്ളിയാണ് കോടതി വിലക്ക് ഏർപ്പെടുത്തിയത്.
നേരത്തെ സീനിയർ അഭിഭാഷക പദവി നൽകുന്നതുമായി ബന്ധപ്പെട്ട ഹർജിയുടെ വാദത്തിനിടെയാണ് കോടതിയലക്ഷ്യത്തിലേക്ക് നയിച്ച സംഭവമുണ്ടായത്. സുപ്രീം കോടതി ജഡ്ജിമാരുടെ മക്കൾക്കുമാത്രമെ സീനിയർ അഭിഭാഷകരെ ലഭിക്കുകയുള്ളുവെന്നും വിവേചനം നിലനിൽക്കുന്നുവെന്നും മാത്യൂസ് നെടുമ്പാറ കോടതിയിൽ വാദിച്ചു. ഇതിന് തെളിവ് ചോദിച്ച ജഡ്ജിമാരോട് അതേ ബെഞ്ചിലുണ്ടായിരുന്ന റോഹിങ്ടൺ നരിമാന്‍റെ അച്ഛൻ ഫാലി നരിമാൻ തന്നെയാണ് ഏറ്റവും വലിയ തെളിവെന്നായിരുന്നു മാത്യൂസ് നെടുമ്പാറയുടെ മറുപടി. ഇതേത്തുടർന്നാണ് ജഡ്ജിമാർ അഭിഭാഷകനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.