• HOME
  • »
  • NEWS
  • »
  • india
  • »
  • Laws | നിയമങ്ങൾ വെറും ഭം​ഗിവാക്ക് ആകരുത്; കേന്ദ്രത്തോട് സുപ്രീം കോടതി

Laws | നിയമങ്ങൾ വെറും ഭം​ഗിവാക്ക് ആകരുത്; കേന്ദ്രത്തോട് സുപ്രീം കോടതി

ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നതിനിടെ ജസ്റ്റിസ് ഉദയ് യു ദലിത് അധ്യക്ഷനായ ബഞ്ചിന്റേതാണ് നിരീക്ഷണം

സുപ്രീം കോടതി

സുപ്രീം കോടതി

  • Share this:
    നിയമനിർമാണങ്ങൾ (Law) കേവലം ഭം​ഗിവാക്കുകൾ ആകരുതെന്ന് സർക്കാരിനോട് സുപ്രീം കോടതി (Supreme Court). ഗാർഹിക പീഡനത്തിൽ (domestic violence) നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തിന്റെ (Domestic Violence Act, 2005) ഫലപ്രാപ്തി പരിശോധിക്കുന്നതിനിടെ ജസ്റ്റിസ് ഉദയ് യു ദലിത് (Uday U Lalit) അധ്യക്ഷനായ ബഞ്ചിന്റേതാണ് നിരീക്ഷണം. നിയമപ്രകാരം നൽകപ്പെടുന്ന പ്രൊട്ടക്ഷൻ ഓഫീസർമാർ പര്യാപ്തമല്ലെന്നും റവന്യൂ ഓഫീസർമാരോട് ഇവരുടെ ജോലി കൂടി ചെയ്യാൻ ആവശ്യപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടി 'വീ ദി വിമൻ ഓഫ് ഇന്ത്യ' (We the Women of India) എന്ന എൻജിഒ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

    നിലവിലെ നിയമപ്രകാരം പീഡനത്തിനിരയായ സ്ത്രീക്കും കോടതിക്കും ഇടയിൽ ഒരു സഹായിയായാണ് പ്രൊട്ടക്ഷൻ ഓഫീസർമാർ പ്രവർത്തിക്കുന്നത്. ഇതു കൂടാതെ മെഡിക്കൽ സഹായം, കൗൺസിലിങ്ങ്, സുരക്ഷിത പാർപ്പിടം എന്നിവ നേടുന്നതിനുള്ള സഹായം നൽകുന്നതിനും പരാതികൾ ഫയൽ ചെയ്യുന്നതിനും കോടതിക്ക് മുമ്പാകെ ആശ്വാസം തേടുന്നതിനും പരാതിക്കാരെ സഹായിക്കുകയും ചെയ്യുന്നു.
    നിയമനം നടന്നാലും ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് സംരക്ഷണം, നഷ്ടപരിഹാരം, നിയമപ്രകാരം വിഭാവനം ചെയ്യുന്ന മറ്റ് സഹായങ്ങൾ എന്നിവയ്ക്കായി അവരെ സമീപിക്കാൻ ഒരു വിവരവും ലഭ്യമല്ലെന്ന് എൻജിഒയെ പ്രതിനിധീകരിച്ച് അഭിഭാഷകയായ ശോഭ ഗുപ്ത കോടതിയെ അറിയിച്ചു.

    ''എപ്പോളൊക്കെ ഒരാളുടെ അവകാശങ്ങൾ സംബന്ധിച്ച
    ഒരു നിയമനിർമ്മാണം നിങ്ങൾ (കേന്ദ്രം) കൊണ്ടുവരുന്നോ അപ്പോഴൊക്കെ അതിനുള്ള ഫണ്ടുകൾക്കായി ക്രമീകരണങ്ങൾ ചെയ്യുകയും നിങ്ങളുടെ മനസ്സിൽ സാമ്പത്തിക ചെലവുകളെക്കുറിച്ചുള്ള ബോധ്യം ഉണ്ടാകുകയും വേണം. വിദ്യാഭ്യാസ അവകാശം നിയമം (RTE Act) ഒരു മികച്ച ഉദാഹരണമാണ്. നിയമം നിർമിച്ചു, എന്നാൽ സ്കൂളുകൾ എവിടെ? സംസ്ഥാനങ്ങൾക്ക് അധ്യാപകരെ എവിടെ നിന്ന് ലഭിക്കും? ആവശ്യത്തിന് സ്‌കൂളുകളോ അധ്യാപകരോ ഇല്ല'', സുപ്രീം ‌കോടതി ബഞ്ച് നിരീക്ഷിച്ചു.

    നിയമപ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കേണ്ടതുണ്ടെന്നും അതിനുശേഷം, എത്ര ഉദ്യോഗസ്ഥരെ ആവശ്യമുണ്ട് എന്നതിനെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളും ഫണ്ടിങ്ങിനെക്കുറിച്ചുള്ള കണക്കുകളും തയ്യാറാകണമെന്നും കോടതി പറഞ്ഞു.

    ആറ് മുതൽ പതിന്നാല് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക്‌ സൗജന്യ അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമം (RTE ACT) സംബന്ധിച്ചും കോടതി നീരീക്ഷണങ്ങൾ നടത്തി. ''ചില സംസ്ഥാനങ്ങളിൽ ശിക്ഷാ മിത്രങ്ങൾ പോലുള്ള സംവിധാനങ്ങൾ ഉണ്ട്. താത്കാലിക അധ്യാപകർക്ക് ₹5,000 രൂപ മാത്രമേ ലഭിക്കൂ. തുടർന്ന് സ്ഥിര അധ്യാപകർക്കു ലഭിക്കുന്ന വേതനവുമായി താരതമ്യപ്പെടുത്തി വിവാദങ്ങൾ ഉണ്ടാകുകയും അവരുടെ സേവനങ്ങൾ ക്രമപ്പെടുത്താൻ ആവശ്യം ഉയരുകയും ചെയ്യുന്നു. ഞങ്ങൾ സംസ്ഥാനങ്ങളോട് ചോദിക്കുമ്പോൾ, പണമില്ലെന്ന് അവർ മറുപടി നൽകുന്നു. നിങ്ങൾ ഒരു നിയമം രൂപപ്പെടുത്തുമ്പോൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ, അത് വെറും പൊള്ളവാക്കായി മാറുന്നു'', കോടതി പറഞ്ഞു.
    Published by:user_57
    First published: