ന്യൂഡല്‍ഹി: സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ളവരുമായി സംസാരിക്കാന്‍ 'അപ്നി ബാത് രാഹുല്‍ കെ സാതു'മായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മന് കി ബാത്തിനു മറുപടിയുമായാണ് രാഹുലിന്റെ പുതിയ സംവാദ പരിപാടി. എന്നാല്‍ മന് കി ബാത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് 'അപ്നി ബാത് രാഹുല്‍ കേ സാത്'.
മോദിയുടെ മന് കി ബാത്ത് ഇങ്ങോട്ട് പറയുന്നത് കേള്‍ക്കാതെ മോദി മാത്രം സംസാരിക്കുന്നതാണെങ്കില്‍ രാഹുല്‍ ഗാന്ധി സംവാദം നടത്താനാണ് ഉദേശിക്കുന്നതെന്ന് കോണ്‍ഗ്രസ് ഐടി സെല്‍ അദ്ധ്യക്ഷ ദിവ്യ സ്പന്ദന പറഞ്ഞു. 'പ്രധാന മന്ത്രിയുടേത് മോണോ ലോഗ് ആണെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റേത് സംഭാഷണമാണ്' ദിവ്യ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ആദ്യ സംവാദം പരിപാടി കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ ഒരു റസ്റ്റോറന്റില്‍ നടന്നു. വ്യത്യസ്ത സ്കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത ഏഴു വിദ്യാര്ത്ഥികളുമായായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ സംവാദം. രാജ്യത്തുടനീളം ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം
ചലച്ചിത്ര താരങ്ങളായ സ്വര ഭാസ്ക്കര്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന് എന്നിവരുമായും രാഹുല്‍ ഗാന്ധി ചര്‍ച്ചകള്‍ നടത്തും. സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണല്‍സ് ഓഫീസ് ജോലിക്കാര്‍ എന്നിവരുമായും രാഹുലിന്റെ സംവാദം ഉണ്ടാകും. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം വഴിയും രാഹുലുമായി തത്സമയ സംവാദത്തിനുള്ള അവസരങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.