അംബേദ്കർ നഗർ (ഉത്തർപ്രദേശ്): പ്രധാനമന്ത്രി പദത്തിലേക്കുള്ള തന്റെ മോഹം മറച്ചുവെക്കാതെ ബി എസ് പി അധ്യക്ഷ മായാവതി. എല്ലാം നല്ല രീതിയിൽ പോകുകയാണെങ്കിൽ ഉത്തർപ്രദേശിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് അവർ പ്രഖ്യാപിച്ചു. പാർലമെന്റിന് മുന്നിൽ 'പ്രധാനമന്ത്രി മായാവതി' എന്ന അടിക്കുറിപ്പോയെുള്ള ഭീമാകാരമായ കട്ടൗട്ട് സ്ഥാപിച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ നടത്തിയ പൊതുറാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് മായാവതി പറഞ്ഞത് ഇങ്ങനെ- 'എല്ലാം നല്ല രീതിയിൽ പോയാൽ ഇവിടെ നിന്ന് മത്സരിക്കും. കാരണം ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പാത അംബേദ്കർ നഗറിലൂടെയാണല്ലോ'.
'നമോ നമോ'യുടെ കാലം കഴിഞ്ഞുവെന്നും ഇനി 'ജയ് ഭീം' എന്ന് മുദ്രാവാക്യം വിളിക്കുന്നവരുടെ സമയമാണെന്നും അവർ കൂട്ടിച്ചേർത്തു. 1989. 1998, 1999, 2004 എന്നീ വർഷങ്ങളിലായി നാല് തവണ മായാവതി അംബേദ്കർ നഗറിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്. മായാവതി പ്രധാനമന്ത്രിയാകുമെന്ന തരത്തിലുള്ള അഖിലേഷ് യാദവിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് മായാവതി തന്റെ നിലപാട് വ്യക്തമാക്കിയത്. 'മഹാസഖ്യം രാജ്യത്തിന് അടുത്ത പ്രധാനമന്ത്രിയെ സംഭാവന ചെയ്യും. അത് ജനസംഖ്യയുടെ മറുപകുതി യിൽ നിന്നാണെങ്കിൽ (സ്ത്രീകൾ) എനിക്ക് ഏറെ സന്തോഷകരം. അത് സംഭവിച്ചാൽ സമാജ് വാദി പാർട്ടി പൂർണ പിന്തുണ നൽകും'- ഇതായിരുന്നു അഖിലേഷിന്റെ പ്രഖ്യാപനം.
പ്രധാനമന്ത്രിയാകാനുള്ള മോഹം മായാവതി പരസ്യമാക്കുന്നത് ഇതാദ്യമല്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മാർച്ചിൽ പ്രഖ്യാപിച്ച മായാവതി, എന്നാൽ പാർട്ടി പ്രതീക്ഷ കൈവെടിയരുതെന്നും വ്യക്തമാക്കിയിരുന്നു. '1995ൽ ആദ്യമായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായപ്പോൾ ഞാൻ നിയമസഭാ അംഗമായിരുന്നില്ല. ഇതുപോലെ കേന്ദ്രത്തിലും പാർലമെന്റ് അംഗമല്ലാത്തവർക്ക് ആറുമാസം വരെ പ്രധാനമന്ത്രിയോ മന്ത്രിയോ ആകാം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന എന്റെ തീരുമാനത്തിന്റെ പേരിൽ ആരും നിരാശരാകേണ്ട'- മായാവതി അന്ന് ട്വീറ്റ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 Loksabha Election, Akhilesh, Mayawati, Prime Minister