• HOME
  • »
  • NEWS
  • »
  • india
  • »
  • ജമ്മുകശ്മീരില്‍ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ പരിശീലനം നല്‍കാന്‍ സൈന്യം; 20 പേരെ തിരഞ്ഞെടുത്തു

ജമ്മുകശ്മീരില്‍ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ പരിശീലനം നല്‍കാന്‍ സൈന്യം; 20 പേരെ തിരഞ്ഞെടുത്തു

കംപ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചേര്‍ത്തുള്ള പരിശീലന പരിപാടിയാണ് ഇത്

  • Share this:

ജമ്മുകശ്മീരില്‍ (Jammu Kashmir) തദ്ദേശീയര്‍ക്കായി പുതിയ സംരംഭങ്ങള്‍ ആരംഭിച്ച് സൈന്യം (army). ജമ്മുവിലെ നിര്‍ധന കുടുംബങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 20 പെണ്‍കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ (computer application) പരിശീലനം നല്‍കാന്‍ സൈന്യം തീരുമാനിച്ചതായി ഇന്ത്യന്‍ എക്‌സപ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റംബാന്‍ (Ramban) ജില്ലയിലെ തെരഞ്ഞെടുത്ത കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുക. ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് സൈനികത്തലവന്‍മാര്‍ ഇക്കാര്യം അറിയിച്ചത്.

കംപ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചേര്‍ത്തുള്ള പരിശീലന പരിപാടിയാണ് ഇത്. അടിസ്ഥാന വിവരങ്ങളായ എം.എസ് ഓഫീസ്, ഇന്റര്‍നെറ്റ് (internet) ഉപയോഗിക്കുന്ന രീതി, മറ്റ് ആപ്ലിക്കേഷന്‍(application) ഉപയോഗിക്കുന്ന വിധം തുടങ്ങിയ എല്ലാം കോഴ്‌സില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ (Digital India) പദ്ധതിയുമായി ചേര്‍ന്നുള്ള വിവരങ്ങള്‍ കൂടി കുട്ടികളെ പഠിപ്പിക്കുകയും അതിലൂടെ പുതിയ തൊഴില്‍ സാധ്യതകള്‍ അന്വേഷിക്കാന്‍ അവരെ പ്രാപ്തമാക്കുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു കോഴ്‌സാണിത്. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്ന കോഴ്‌സില്‍ കംപ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാ വിധ കാര്യങ്ങളും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. ആ മേഖലയില്‍ അവര്‍ക്ക് വേണ്ടത്ര പരിജ്ഞാനം ഉണ്ടാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കോഴ്‌സ് പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അംഗീകൃത സര്‍ട്ടിഫിക്കറ്റ് (certificate) നല്‍കുമെന്നും ഇത് അവര്‍ക്ക് ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള ഒരു ചവിട്ടുപടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ സൈനിക ഉദ്യോഗസ്ഥരെയും പരിശീലകരെയും അഭിനന്ദിച്ച് ജമ്മുവിലെ ബനിഹാല്‍ പ്രവിശ്യയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സഹീര്‍ അബ്ബാസ് ഭട്ട് (Zaheer Abass Bhta) രംഗത്തെത്തിയിരുന്നു.

കംപ്യൂട്ടര്‍ വിദ്യാഭ്യാസം പെണ്‍കുട്ടികളെ സംബന്ധിച്ച് പരമപ്രധാനമാണെന്നും പുതിയ കര്‍മ്മമേഖലകള്‍ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ തുറക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇവ പെണ്‍കുട്ടികളെ സ്വയംപര്യാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം അനുച്ഛേദം എടുത്തുകളഞ്ഞത്. തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളും രാജ്യത്തും ആഗോളതലത്തിലും ഉയര്‍ന്നിരുന്നു.

ജമ്മു-കശ്മീരിനെ രണ്ടായി വിഭജിച്ച് ലഡാക്ക്, ജമ്മു കാശ്മീര്‍ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശമാക്കാനായിരുന്നു ബില്ലിലെ തീരുമാനം. കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ഇന്ത്യന്‍ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും ജമ്മു കശ്മീരിന് ബാധകമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. തുടര്‍ന്ന് 2019 ഒക്ടോബര്‍ 31 ന് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ നിലവില്‍ വന്നു.

Summary: Army to give computer training to financially struggling girls from Jammu Kashmir

Published by:user_57
First published: