ന്യൂഡൽഹി: പുതിയ പാർലമെന്റ് സമുച്ചയത്തിന് മുകളിൽ സ്ഥാപിച്ച അശോകസ്തംഭവുമായി ബന്ധപ്പെട്ട വിവാദത്തിൽ (National Emblem Row)വിശദീകരണവുമായി ശിൽപി. സുനിൽ ദിയോറ എന്ന ശിൽപിയുടെ മേൽനോട്ടത്തിലാണ് അശോകസ്തംഭം സ്ഥാപിച്ചത്. സ്തംഭത്തിലെ സിംഹങ്ങൾക്ക് രൗദ്രഭാവമാണെന്ന വാദം ശിൽപി തള്ളിക്കളഞ്ഞു.
സിംഹങ്ങൾക്ക് രൗദ്രഭാവം തോന്നുന്നത് വൈഡ് ആങ്കിളിൽ നോക്കുന്നതു കൊണ്ടാണെന്നും സാരാനാഥിലെ സ്തംഭം താഴെ നിന്ന് നോക്കിയാൽ പാർലമെന്റിലെ സ്തംഭം പോലെ കാണപ്പെടുമെന്നുമാണ് ശിൽപിയുടെ വാദം. ഇന്ത്യൻ എക്സ്പ്രസിനോടാണ് ശിൽപി സുനിൽ ദിയോറയുടെ പ്രതികരണം. വ്യത്യസ്ത ആങ്കിളിൽ നോക്കുമ്പോൾ സിംഹങ്ങൾക്ക് വ്യത്യസ്ത ഭാവം തോന്നുന്നതാണെന്നും ശിൽപി പറയുന്നു.
യഥാർത്ഥ ശിൽപത്തിന്റെ ഉയരം 3 മുതൽ 3.5 അടിയാണ്. എന്നാൽ പുതിയ ശിൽപത്തിന്റേത് 21.3 അടിയാണ്. കൃത്യമായ അനുപാതം സൂക്ഷിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. 3 മുതൽ മൂന്നര വരെ അടി ഉയരമുള്ള സ്തംഭത്തിന്റെ സമാനരൂപം 21.3 അടിയിലേക്ക് മാറ്റുക എന്നത് അങ്ങേയറ്റം ശ്രമകരമായ ജോലിയായിരുന്നുവെന്നും ശിൽപി പറയുന്നു.
Also Read-
16,000 കിലോഗ്രാം, ശുദ്ധമായ വെങ്കലം; പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലുള്ള ദേശീയ ചിഹ്നത്തിന്റെ പ്രത്യേകതകൾ
ദേശീയ ചിഹ്നത്തിലെ സിംഹങ്ങൾക്ക് സൗമ്യഭാവമാണെന്നും എന്നാൽ പുതിയ സ്തംഭത്തിൽ രൗദ്രഭാവമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അശോകസ്തംഭത്തിലെ ശിൽപങ്ങൾക്ക് സർക്കാർ ഭയാനകമായ രൂപം നൽകുകയും ദേശീയ ചിഹ്നത്തെ അപമാനിച്ചുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ പ്രധാനമന്ത്രിയെ ലക്ഷ്യംവെച്ചുള്ള പ്രതിപക്ഷത്തിന്റെ മറ്റൊരു ഗൂഢാലോചനയാണിതെന്നാണ് ബിജെപിയുടെ വാദം.
പാർലമെന്റിലെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് ഈ വർഷാവസാനം പുതിയ കെട്ടിടം തുറക്കുന്നതിന് മുന്നോടിയായാണ് വെങ്കലത്തിൽ നിർമിച്ച അശോകസ്തംഭം അനാച്ഛാദനം ചെയ്തത്.
സാരനാഥ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന അശോക സ്തൂപത്തിൽ നിന്നുള്ള രൂപാന്തരമാണ് ദേശീയ ചിഹ്നം. സ്തൂപത്തിൽ നാല് സിംഹങ്ങളെ വൃത്താകൃതിയിലുള്ള അബാക്കസിൽ ഘടിപ്പിച്ചിരിക്കുന്നു. ധർമ്മചക്രങ്ങൾ ഉപയോഗിച്ച് വേർപെടുത്തിയ ആന, കുതിക്കുന്ന കുതിര, കാള, സിംഹം എന്നിവയുടെ ശിൽപങ്ങളാൽ ഇവ അലങ്കരിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.