ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും മുന്‍പേ ബിജെപിയുടെ തന്ത്രങ്ങളുടെ ചാണക്യന് എന്നായിരുന്നു അരുണ്‍ ജെയ്റ്റ്ലിയുടെ വിശേഷണം. 1989ലെ വിപി സിങ് മന്ത്രിസഭയുടെ കാലം മുതല്‍ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളുടെ കടിഞ്ഞാണ്‍ കയ്യാളിയവരില്‍ ഒരാളായിരുന്നു ജെയ്റ്റ്ലി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അസാധാരണ രാഷ്ട്രീയ സൗഹൃദമാണ് അരുണ്‍ ജെയ്റ്റ്ലിയുടെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടായുള്ള രാഷ്ട്രീയ ജീവിതം. തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും നിര്‍ണായകമായ ധനവകുപ്പ് തന്നെ നല്‍കിയത് പ്രധാനമന്ത്രിക്ക് ജെയ്റ്റ്ലിയില്‍ ഉള്ള വിശ്വാസത്തിന്റെ തെളിവായിരുന്നു.
അമൃത്സറില് അമരീന്ദര്‍ സിങ്ങിനോട് തോറ്റിട്ടും നരേന്ദ്രമോദി മന്ത്രിസഭയിലെ ധനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അരുണ്‍ ജെയ്റ്റ്ലിയായിരുന്നു 2014ന്റെ രാഷ്ട്രീയ അത്ഭുതം. ചിന്തകളിലും പ്രവൃത്തികളിലും ഇരുധ്രൂവങ്ങളില് നിന്ന രണ്ടുപേരുടെ അസാധാരണമായ രാഷ്ട്രീയസൗഹൃദത്തിന്റെ അടയാളമായിരുന്നു അത്.
2002ല്‍ ഗുജറാത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ ജെയ്റ്റ്ലിയാണ് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ജീവിതത്തില്‍ രക്ഷകനായത്. ഗുജറാത്ത് കൂട്ടക്കൊലയുടെ പേരില്‍ മോദിയെ മാറ്റാന്‍ വാജ്പേയി തീരുമാനിച്ചപ്പോള്‍ ജെയ്റ്റ്ലി ഒറ്റയ്ക്കു നടത്തിയ നീക്കങ്ങളാണ് ഫലംകണ്ടത്. ആ സൗഹൃദത്തിന്റെ തുടര്‍ച്ചയായിരുന്നു 2014ലെ മന്ത്രിസഭാ കാലത്തോളം എത്തിയത്. പ്രധാനമന്ത്രി സ്ഥാനാർഥിയായി നരേന്ദ്രമോദിയെ നിര്‍ദേശിച്ചതും നീക്കത്തിനു ചുക്കാന്‍ പിടിച്ചതും ജെയ്റ്റ്ലി ആയിരുന്നു. 2019ൽ മോദി വീണ്ടും അധികാരത്തിലെത്തിയപ്പോൾ തന്നെ, തന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി മന്ത്രിപദവി വേണ്ടെന്ന് ജെയ്റ്റ്ലി നിലപാടെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: A.B. Vajpayee, Arun Jaitley, Bjp, Bjp leader, Finance minister arun jaitley, Narendra modi