ഡൽഹിയിലെ വിജയം ആം ആദ്‌മി സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങൾക്ക് ലഭിച്ച ജനപിന്തുണ മാത്രമല്ല. അത് അരവിന്ദ് കെജ്‌രിവാളിന്‍റെ രാഷ്ട്രീയ മെയ്‌വഴക്കത്തിന് ലഭിച്ച അംഗീകാരം കൂടിയാണ്. സർക്കാരിനെ അഞ്ചുവർഷം നയിച്ചതിനേക്കാൾ രാഷ്ട്രീയ മികവോടെ ആം ആദ്‌മി പാർട്ടിയെ അരവിന്ദ് കെജ്‌രിവാൾ തെരഞ്ഞെടുപ്പിൽ നയിച്ചു. അതുകൊണ്ടാണ് ഈ വിജയത്തിന്‍റെ ക്രഡിറ്റ് അരവിന്ദ് കെജ്‌രിവാളിന്‍റെ രാഷ്ട്രീയതന്ത്രത്തിന് കൂടി നൽകുന്നത്.
ഈ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി പ്രചാരണത്തിന് തുടക്കമിട്ടത് ഭരണനേട്ടങ്ങൾ ഉയർത്തികാട്ടി കൊണ്ടാണ്. അതു മാത്രമായിരുന്നു ആം ആദ്‌മി പാർട്ടിയുടെ പ്രചാരണമന്ത്രം. അഞ്ചുവർഷം കൊണ്ട് നടപ്പിലാക്കിയ വികസനം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ നേട്ടം. കുടിവെള്ളം സൗജന്യമാക്കിയത്. വൈദ്യുതി ചാർജ് കുറച്ചത്. സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയത്. ഇങ്ങനെ നേട്ടങ്ങളുടെ വലിയ പട്ടിക തന്നെ നിരത്തി കെജ്‌രിവാൾ. ആംആദ്‌മി പാർട്ടിയുടെ ഈ വികസന അജണ്ഡയെ പരിഹസിച്ചും
കേന്ദ്രസർക്കാരിന്‍റെ വികസനവാദവും വാഗ്ദാനങ്ങളും നിരത്തിയായിരുന്നു ബിജെപി പ്രചാരണം തുടങ്ങിയത്. പ്രചാരണം ചൂടു പിടിച്ചതോടെയാണ് അമിത്ഷായ്ക്കും സംഘത്തിനും ഡൽഹി രാഷ്ട്രീയത്തിന്‍റെ പോക്ക് തിരിഞ്ഞത്. അങ്ങനെ ബിജെപി തന്ത്രം മാറ്റി. പക്ഷേ, ആ തന്ത്രത്തിൽ കെജ്‌രിവാൾ വീണില്ല.
കോൺഗ്രസിന് ഡൽഹിയിൽ കെട്ടിവെച്ച കാശ് തിരിച്ചു കിട്ടിയത് മൂന്ന് സ്ഥാനാർത്ഥികൾക്ക് മാത്രം !
വികസനത്തിൽ നിന്ന് വിവാദത്തിലേക്ക്
കേന്ദ്രസർക്കാരിന്‍റെ വികസനവാദവും വാഗ്ദാനങ്ങളും ജനം അംഗീകരിച്ചില്ല. കൺമുന്നിൽ കാണുന്നത് വിശ്വാസിക്കാതെ പ്രസംഗത്തിൽ പറയുന്നത് വിശ്വാസിക്കാൻ അവർ തയ്യാറായില്ല. ഇതോടെ വികസനത്തിന്‍റെ പേരിലുള്ള പ്രചാരണം ബിജെപി അവസാനിപ്പിച്ചു. പകരം പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിലും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ തിരിഞ്ഞു. അങ്ങനെയാണ് പൗരത്വ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിലെ പന്തൽ കെട്ടിയുള്ള പ്രതിഷേധം ബിജെപിയുടെ മുഖ്യപ്രചാരണ ആയുധമായത്. ഷഹീൻ ബാഗിലേയും മറ്റു സ്ഥലങ്ങളിലും പ്രതിഷേധക്കാർ അതോടെ രാജ്യദ്രോഹികളായി. കേന്ദ്രമന്ത്രിമാർക്ക് അവര്‍ വെടിവച്ചു കൊല്ലേണ്ടവരുടെ ഗണത്തിൽപെട്ടവരായി.
പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ അമിത്ഷാ ചുക്കാൻ ഏറ്റെടുത്തു. രണ്ടാഴ്ചയ്ക്കിടെ രണ്ടു ഡസനിലധികം പൊതുസമ്മേളനങ്ങളിലും അൻപതിനടുത്ത് റോഡ് ഷോകളിലും അമിത്ഷാ പങ്കെടുത്തു. പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധക്കാരെ വെല്ലുവിളിച്ചു. അവരുടെ പേരിൽ കെജ്‌രിവാളിനെ കടന്നാക്രമിച്ചു. പക്ഷേ, ഈ വെല്ലുവിളിയിലും കടന്നാക്രമണത്തിലും കെജ്‌രിവാൾ വീണില്ല. ആം ആദ്‌മി പാർട്ടി നേതാക്കൾ വീഴാതെ കൈക്ക് പിടിച്ചു നടത്തിക്കുകയും ചെയ്തു. കെജ്‌രിവാളും ആംആദ്‌മി പാർട്ടിയും സർക്കാരിന്‍റെ വികസനത്തിലൂന്നിയുള്ള പ്രചാരണം തുടർന്നു. പൗരത്വ പ്രതിഷേധം ആയുധമാക്കി പിന്നാലെ നടന്ന് ആക്രമിച്ച ബിജെപി നേതൃത്വത്തിന് മറുപടി പറഞ്ഞത് വികസന നേട്ടങ്ങളിലൂന്നി. ഈ രാഷ്ട്രീയ മെയ്‌വഴക്കത്തിന്റെ വിജയമാണ് ഇപ്പോൾ ആംആദ്‌മി പാർട്ടി ആഘോഷിക്കുന്നത്. പ്രചാരണത്തിന്‍റെ ഏതെങ്കിലും ഘട്ടത്തിൽ ബിജെപിയുടെ തന്ത്രത്തിൽ വീണിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ഫലം ഒരുപക്ഷേ ഇതാകുമായിരുന്നില്ല.
ഇരട്ടിയിലധികം സീറ്റും പ്രതിപക്ഷ നേതൃസ്ഥാനവും
എംഎൽഎമാരുടെ എണ്ണം രണ്ടക്കത്തിലെത്തിയിരുന്നെങ്കിൽ ഇതാകുമായിരുന്നു ബിജെപിയുടെ അവകാശവാദം. കഴിഞ്ഞതവണ ലഭിച്ചത് മൂന്ന് സീറ്റ്. ഇത്തവണ അത് എട്ടാക്കി. ഒപ്പം പ്രതിപക്ഷ നേതൃസ്ഥാനവും നേടിയെടുത്തു. ഡൽഹിയിൽ പ്രതിപക്ഷനേതൃസ്ഥാനം ലഭിക്കാൻ ഏഴ് എംഎൽഎമാരാണ് വേണ്ടത്. ഇതിനൊപ്പം വോട്ട് ശതമാനം കൂടി കൂട്ടികുഴച്ച് വൻവിജയം അവകാശപ്പെടുമായിരുന്നു. ഫലം വന്നു തുടങ്ങിയപ്പോൾ അങ്ങനെ ചില വാദങ്ങൾ ബിജെപി നേതൃത്വം പുറത്തെടുത്തെങ്കിലും വേഗത്തിൽ പിൻവാങ്ങി. ദേശീയ വികാരമുയർത്തി പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രചാരണം ശക്തിപ്പെടുത്തിയത് കൊണ്ട് ബിജെപിക്ക് ഗുണമുണ്ടായില്ലെന്ന് പറയാനാകില്ല. വോട്ട് ശതമാനം കൂടിയതിന് പ്രധാനകാരണം ഈ പ്രചാരണം തന്നെ. പക്ഷേ ഡൽഹിയിലെ നഗരങ്ങളും പ്രാന്തപ്രദേശങ്ങളും ഗ്രാമങ്ങളും അത് അപ്പാടെ വിഴുങ്ങിയില്ല. ഉത്തർപ്രദേശോ ഗുജറാത്തോ പോലെ ബിജെപിയെ കണ്ണടച്ചു വിശ്വസിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹി.
മദൻലാല്‍ ഖുറാനയുടെ നാളുകൾക്ക് ശേഷം ഒരിക്കലും ഡൽഹി അത് ചെയ്തിട്ടുമില്ല. മൂന്ന് സീറ്റിൽ നിന്ന് എട്ടു സീറ്റിലേക്ക് കുതിച്ചു ചാടിയില്ലേയെന്ന് വീമ്പു പറയാൻ തുടങ്ങുന്നതിന് മുമ്പ് 2008ൽ ഇരുപത്തി മൂന്ന് സീറ്റുകളും 2013ൽ മുപ്പത്തിനാലു സീറ്റുകളും ഉണ്ടായിരുന്നു എന്നകാര്യം കൂടി ഓർമ്മിക്കുന്നത് നന്ന്. പരമ്പരാഗത വോട്ടു ബാങ്കുകളിൽ ഭൂരിപക്ഷവും ബിജെപിയെ കൈവിട്ടു. ബീഹാറിന്‍റെയും ഉത്തർപ്രദേശിന്‍റെയും പൂർവ്വാഞ്ചൽ പ്രദേശത്ത് നിന്ന് ഡൽഹിയിലേക്ക് കുടിയേറിയ പൂർവ്വാഞ്ചലികൾ എക്കാലത്തും ബിജെപിയുടെ ഉറച്ച വോട്ട് ബാങ്കായിരുന്നു. ഒപ്പം സിഖ് സമുദായവും. ഈ രണ്ട് വിഭാഗങ്ങളും ബിജെപിയിൽ നിന്ന് പൂർണമായും അകന്നിരിക്കുന്നു. ആകെ ആശ്വാസം ഗുജ്ജറുകളിലെ ഒരു വിഭാഗം ഇപ്പോഴും ഒപ്പമുണ്ടെന്നുള്ളതാണ്. പരമ്പരാഗതമായി ഒപ്പമുണ്ടായിരുന്ന കച്ചവടക്കാരും കൈവിട്ടു. ജിഎസ്‌ടി തന്നെ കാരണം. ഇതാണ് ചാന്ദിനി ചൗക്ക് ഉൾപ്പടെയുള്ള കച്ചവട കേന്ദ്രങ്ങളിലെ പരാജയത്തിന് കാരണം.
എട്ടിൽ രണ്ട് കോൺഗ്രസിന്‍റെ സംഭാവന
സ്വയം പരാജയപ്പെട്ട് സംപൂജ്യരായെങ്കിലും കോൺഗ്രസ് രണ്ട് മണ്ഡലങ്ങളിൽ ബിജെപിയെ വിജയിപ്പിച്ചു. കഴിഞ്ഞ തവണ മൂന്ന് മണ്ഡലങ്ങളില്‍ കോൺഗ്രസിന്‍റെ സഹായം ലഭിച്ചെങ്കിൽ ഇത്തവണ രണ്ടിൽ മാത്രമായി ചുരുങ്ങി. പോസ്റ്ററോട്ടിച്ചാൽ ജനം തിരിച്ചറിയുന്ന നേതാക്കൾ കോൺഗ്രസിന് അധികമുണ്ടായിരുന്നില്ല എന്നതാണ് കാരണം. സഖ്യകക്ഷിയായ ആർജെഡിക്ക് വിട്ടു നൽകിയ നാലു സീറ്റുകളൊഴിച്ച് മറ്റെല്ലാ സീറ്റിലും കോൺഗ്രസിന് സ്ഥാനാർത്ഥിയുണ്ടായിരുന്നു. ഇതിൽ മൂന്ന് പേരൊഴിച്ച് മറ്റെല്ലാവർക്കും കെട്ടിവെച്ച കാശു പോയി. കോൺഗ്രസിന്‍റെ 63 സ്ഥാനാർത്ഥികൾക്കാണ് കെട്ടിവെച്ച കാശു പോയത്. ആ കാശു തിരിച്ചുപിടിച്ച മൂന്ന് പേരിൽ മുൻ പിസിസി പ്രസിഡന്‍റ് അർവിന്ദ് സിങ് ലവ്ലിയാണ് ബിജെപിക്ക് ഒരു സീറ്റ് സമ്മാനിച്ചത്. ഗാന്ധിനഗറിൽ ലവ്ലി ഇരുപതിനായിരത്തിലധികം വോട്ട് പിടിച്ചു. ഇവിടെ ആംആദ്‌മി സ്ഥാനാർത്ഥിയെ ബിജെപി തറപറ്റിച്ചത് 5798 വോട്ടിനാണ്. ഇങ്ങനെ ബജെപിയെ സഹായിച്ച രണ്ടാമത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ലക്ഷ്മി നഗറിൽ മത്സരിച്ച ഹരിദത്ത് ശർമയാണ്. ശർമ പിടിച്ചത് 4872 വോട്ട്. ലക്ഷ്മി നഗറിൽ ബിജെപി വിജയിച്ചത് ആയിരത്തിൽ താഴെ വോട്ടിനും. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ഏക സംഭാവന ഇതാണ്. വോട്ട് ശതമാനം 4.26 ആയി.
ലോകസഭ തെരഞ്ഞെടുപ്പിൽ 22.5 ഉം 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 9.8 ശതമാനവുമായിരുന്നു. ലോകസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഡൽഹിയുടെ ചുമതലയിൽ നിന്ന് രാജി പ്രഖ്യാപിച്ച പി.സി.ചാക്കോയ്ക്ക് വീണ്ടും ആ പ്രഖ്യാപനം നടത്താൻ അവസരമൊരുങ്ങി. പിസിസി പ്രസിഡന്‍റ് സുഭാഷ് ചോപ്രയ്ക്കും വേണമെങ്കിൽ അത്തരമൊരു പ്രഖ്യാപനം നടത്താം. അതിൻമേൽ ഹൈക്കമാൻഡിന് അടുത്ത തെരഞ്ഞെടുപ്പ് വരെ ആലോചനയും നടത്താം. അതല്ലാതെ തൽക്കാലം ഒന്നും ചെയ്യാനില്ല. അത്രയ്ക്ക് അകന്നിരിക്കുന്നു കോൺഗ്രസ് ഡൽഹിയിൽ നിന്ന്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arvind kejriwal, Contesting delhi assembly election, Delhi assembly election 2020, Delhi Assembly Election result, Delhi Assembly Election Result 2020 Live Updates, Delhi Election, Delhi Election 2020, Delhi Elections Exit poll, Delhi elections news, Delhi Elections results