ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ (Shah Rukh Khan) മകൻ ആര്യൻ ഖാൻ (Aryan Khan) ഉൾപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷിച്ച രണ്ടു നാർകോട്ടിക് കൺട്രോൾ ബ്യൂറോ (Narcotics Control Bureau (NCB) ) ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എൻസിബിയുടെ വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഉദ്യോഗസ്ഥരായ വിശ്വ വിജയ് സിങ്, ആശിഷ് രഞ്ജൻ പ്രസാദ് എന്നിവരെ സസ്പെൻഡ് ചെയ്തത്.
കേസിലെ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥരിൽ ഉൾപ്പെട്ടവരായിരുന്നു വിശ്വ വിജയ് സിങ്ങും, ആശിഷ് രഞ്ജൻ പ്രസാദും. ഇരുവരും സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. എൻസിബിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്ഞാനേശ്വർ സിങ്ങാണ് അന്വേഷണം നടത്തിയത്. എന്നാൽ, ആര്യൻ ഖാൻ ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ടല്ല ഇരുവരുടെയും സസ്പെൻഷൻ എന്ന് എൻസിബി വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിൽ മുംബൈയിലെ ഇന്റർനാഷനൽ ക്രൂയിസ് ടെർമിനലിൽ എൻ.സി.ബി നടത്തിയ പരിശോധനയിലാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ആര്യൻ ഖാനൊപ്പം അന്ന് 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മൂന്നാഴ്ച നീണ്ട ജയിൽവാസത്തിനു ശേഷം ബോംബെ ഹൈക്കോടതി ഒക്ടോബർ 28 ന് ആര്യൻ ഖാന് ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയ്ക്കും ആൾജാമ്യത്തിലുമാണ് മൂവർക്കും ജാമ്യം അനുവദിച്ചത്. ആര്യൻ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം നിന്നത് ഷാരൂഖിന്റെ സഹതാരവും അടുത്ത സുഹൃത്തുമായ ജൂഹി ചൗളയാണ്.
മകനെ സ്വീകരിക്കാൻ ഷാരൂഖ് ഖാൻ നേരിട്ട് ആർതർ റോഡ് ജയിലിൽ എത്തിയിരുന്നു. ഷാരൂഖിന്റെ 'മന്നത്ത്' എന്ന വസതിക്ക് മുന്നിൽ താരത്തിനും കുടുംബത്തിനും പിന്തുണയുമായി ആരാധകരും തടിച്ചു കൂടിയിരുന്നു. ആര്യൻ ഖാന്റെ പ്ലക്കാർഡുകളുമായാണ് ആരാധകർ എത്തിയത്.
ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എൻ.സി.ബി. പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നത് അന്വേഷണ സംഘം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് പിടിച്ചില്ല. റെയ്ഡ് നടപടികൾ ചിത്രീകരിച്ചില്ല. മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പാടില്ലായിരുന്നു. ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന് രാജ്യാന്തര ലഹരി മരുന്ന് സംഘവുമായുള്ള ബന്ധം തെളിയിക്കാനായില്ലെന്നും ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കണ്ടെത്തിയിരുന്നു. രണ്ട് മാസത്തിനകം ഡൽഹിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും.
ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബൈ ഹൈക്കോടതിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ആര്യന്റെ വാട്സ്ആപ്പ് ചാറ്റുകളിൽ ഗൂഢാലോചന നടന്നതായുള്ള തെളിവുകൾ ഇല്ലെന്ന് കോടതി പുറത്തിറക്കിയ ജാമ്യ ഉത്തരവിലാണ് വ്യക്തമാക്കിയിരുന്നത്. തെളിവുകൾ ഹാജരാക്കാൻ എൻസിബിയ്ക്ക് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.