• HOME
 • »
 • NEWS
 • »
 • india
 • »
 • Chinese Nationals | രാജ്യത്ത് അനധികൃതമായി താമസിക്കുന്ന മുപ്പതോളം ചൈനീസ് പൗരന്മാരെ കണ്ടെത്തി; ആശങ്ക

Chinese Nationals | രാജ്യത്ത് അനധികൃതമായി താമസിക്കുന്ന മുപ്പതോളം ചൈനീസ് പൗരന്മാരെ കണ്ടെത്തി; ആശങ്ക

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ ചൈനീസ് പൗരന്മാര്‍ അനധികൃതമായി താമസിക്കുന്നു എന്ന തരത്തില്‍ നിരവധി കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്

ssb

ssb

 • Last Updated :
 • Share this:
  ഡല്‍ഹിയില്‍ (delhi) നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ മുപ്പതോളം ചൈനീസ് (chinese) പൗരന്മാരെ (citizens) കണ്ടെത്തിയത് ഇപ്പോള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ (agencies) ഉറക്കം കെടുത്തിയിരിക്കുകയാണ്. ഇവര്‍ ചാര പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് (report) ഉണ്ടെങ്കിലും ഇതുവരെ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ ചൈനീസ് പൗരന്മാര്‍ അനധികൃതമായി താമസിക്കുന്നു എന്ന തരത്തില്‍ നിരവധി കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കോവിഡ് മഹാമാരിയ്ക്ക് ശേഷമാണ് ഇത്തരം കേസുകള്‍ വര്‍ദ്ധിച്ചത്. ഇവരില്‍ പലര്‍ക്കും വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളതായും ഏജന്‍സികള്‍ സംശയിക്കുന്നു.

  നോയിഡയിലെ ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ല. നിരവധി ആളുകള്‍ അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നുണ്ട്. ഇത് നുഴഞ്ഞുകയറ്റക്കാരെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. വിസ കാലാവധി കഴിഞ്ഞ് ഇന്ത്യയില്‍ താമസിക്കുന്ന ആളുകളെ കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍, അതിര്‍ത്തികള്‍ വഴി നുഴഞ്ഞു കയറുന്നവരെ കണ്ടെത്തുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. അത്തരത്തിലുള്ള ഒരു കേസ് സശാസ്ത്ര സീമ ബാല്‍ (SSB) അടുത്തിടെ കണ്ടെത്തിയിരുന്നു.

  ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ചൈനീസ് പൗരന്മാര്‍ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് ആധാര്‍, ഇന്ത്യന്‍ പാസ്പോര്‍ട്ട് തുടങ്ങിയവ ഉണ്ടാക്കുന്നതും അധികൃതര്‍ക്ക് തലവേദനയായിട്ടുണ്ട്.

  ഇന്ത്യന്‍ അതിര്‍ത്തികളിലൂടെയുള്ള ചൈനീസ് പൗരന്മാരുടെ കടന്നുകയറ്റവും ഇന്ത്യന്‍ നഗരങ്ങളിലെ താമസവും വളരെ എളുപ്പത്തില്‍ സാധ്യമാകുന്ന കാര്യമാണ്. ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

  ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ചൈനീസ് പൗരന്മാരെ കണ്ടെത്തുന്നതിനായി ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇവരെ കണ്ടെത്തുന്നത് അത്ര എളുപ്പമല്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നു.

  'ചൈനക്കാര്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറുകയും ഇവിടെ താമസമാക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ ഇത്തരക്കാരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഇവരെ കണ്ടെത്താനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത്' ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  അന്വേഷണം

  ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് നോയിഡയില്‍ അനധികൃതമായി താമസിച്ചിരുന്ന രണ്ട് ചൈനീസ് പൗരന്മാരെ അതിര്‍ത്തി സേന പിടികൂടിയതാണ് സംഭവങ്ങളുടെ തുടക്കം. ശേഷം നടന്ന തെരച്ചലിലാണ് 30ഓളം പേര്‍ അനധികൃതമായി താമസിക്കുന്നതായി മനസ്സിലായത്.

  ജൂണ്‍ 11ന് അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയ രണ്ട് പേരെ സേന ബീഹാര്‍ പൊലീസിന് കൈമാറിയിരുന്നു. ചോദ്യം ചെയ്യലിലാണ് ഇവര്‍ നോയിഡയില്‍ തങ്ങുകയായിരുന്നു എന്ന് കണ്ടെത്തിയത്. വ്യാജ പാസ്പോര്‍ട്ട് കൈവശം വെച്ചിട്ടുള്ള ഷ്യൂ ഫെയ് എന്ന മറ്റൊരാള്‍ക്കൊപ്പമാണ് ഇരുവരും 15 ദിവസമായി താമസിച്ചിരുന്നത്. ബംഗാളില്‍ നിന്നാണ് ഇയാള്‍ക്ക് വ്യാജ പാസ്പോര്‍ട്ട് ലഭിച്ചത്. ഫെയ് നോയിഡയില്‍ ഒരു ക്ലബ്ബ് നടത്തിപ്പുകാരനാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ ചാര പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഒന്നും കണ്ടെത്തിയിട്ടില്ല.

  കഴിഞ്ഞ മാസം 13ന് 14 ചൈനീസ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും ഒരു സ്വകാര്യ കമ്പനിയുമായി ബന്ധപ്പെട്ടവരായിരുന്നു. എല്ലാവര്‍ക്കും പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇവരുടെ വിസ കാലാവധി അവസാനിച്ചിരുന്നു.

  നോയിഡ മാത്രമല്ല പ്രധാന കേന്ദ്രം

  മാര്‍ച്ചില്‍ വാങ് യാനം എന്ന ചൈനീസ് പൗരനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിസ കാലാവധി കഴിഞ്ഞിട്ടും ഇയാള്‍ രാജ്യം വിട്ടിരുന്നില്ല. അതുപോലെ, ഈ മാസം ഹിമാചല്‍ പൊലീസ് ഒരു ചൈനീസ് വനിതയെ അറസ്റ്റ് ചെയ്തിരുന്നു. ശരിയായ പാസ്‌പോര്‍ട്ടും വിസയും ഇല്ലാതെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ ഇന്ത്യയില്‍ താമസിക്കുകയായിരുന്നു. ഇവരെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

  പ്രധാന വെല്ലുവിളികള്‍

  ഒരു മുതിര്‍ന്ന ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, അനധികൃമായി ചൈനീസ് പൗരന്മാരടക്കമുള്ളവര്‍ ഇന്ത്യയില്‍ താമസിക്കുന്നതിനെക്കുറിച്ച് നിരന്തരം സംസ്ഥാനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാറുണ്ട്. എന്നാല്‍ അവര്‍ വേണ്ട വിധം നടപടി എടുക്കാറില്ല. ബീഹാറില്‍ നിന്ന് രണ്ട് പേരെ പിടികൂടിയതിന് ശേഷമാണ് നോയ്ഡയിലും സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്. നിരന്തരം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ഒരു നടിപടിയും ഉണ്ടാകാറില്ലെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.

  അതേസമയം കേന്ദ്ര ഏജന്‍സികള്‍ മതിയായ വിവരങ്ങള്‍ കൈമാറുന്നില്ല എന്നാണ് സംസ്ഥാന പൊലീസിന്റെ പരാതി. അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് ഏജന്‍സികള്‍ നല്‍കുന്നത്. മേല്‍വിലാസം മാറുന്ന വിദേശ പൗരന്മാരെ കണ്ടെത്താന്‍ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. 'കേന്ദ്ര ഏജന്‍സികളും ഞങ്ങളും സംസ്ഥാനത്ത് താമസിക്കുന്ന വിദേശികളുടെ വിവരങ്ങള്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ അവര്‍ താമസം മാറുമ്പോള്‍ കണ്ടൈത്താന്‍ ബുദ്ധിമുട്ടാകുന്നുണ്ട്. ജില്ലാ പൊലീസും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികളാണ്. അതിന് നിരന്തരമായ നിരീക്ഷണം ആവശ്യമാണ്' ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

  അതിര്‍ത്തി പ്രദേശങ്ങളിലൂടെ ചൈനക്കാര്‍ ഇന്ത്യയിലേയ്ക്ക് പ്രവേശിക്കുന്നത് കണ്ടെത്താന്‍ എളുപ്പമല്ല. അവര്‍ പിടിക്കപ്പെട്ട് കഴിയുമ്പോഴാണ് പലപ്പോഴും അനധികൃതമായി വന്നവരാണെന്ന് മനസ്സിലാകാറുള്ളത്.

  'ഇന്ത്യയിലേയ്ക്കും ഇവിടെ നിന്ന് നേപ്പാളിലേയ്ക്കും കടക്കുന്നവരെ ഞങ്ങള്‍ പരിശോധിക്കാറുണ്ട്. പക്ഷേ അതിര്‍ത്തിയില്‍ പൂര്‍ണ്ണമായും വേലി കെട്ടിയിട്ടില്ലെങ്കില്‍ എല്ലാവരെയും തടയാന്‍ സാധിക്കില്ല. അതിനാല്‍ പരിശോധനയില്‍ പിഴവുകള്‍ ഉണ്ടാകാറുണ്ട്' ഒരു മുതിര്‍ന്ന എസ്എസ്ബി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

  വിസ

  വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2021 ഡിസംബര്‍ 2 വരെ തൊഴില്‍ വിസയില്‍ 20,607 വിദേശികള്‍ ഇന്ത്യയില്‍ താമസിച്ചിരുന്നു. 2020 ജനുവരി 1 നും 2021 നവംബര്‍ 30 നും ഇടയില്‍ 41,51,758 വിദേശികള്‍ ഇന്ത്യയില്‍ നിന്ന് പുറത്തേയ്ക്ക് പോയിട്ടുണ്ട്. 2016 മുതല്‍ 2021 വരെ സ്റ്റുഡന്റ് വിസ അനുവദിച്ച ചൈനീസ് പൗരന്മാരുടെ എണ്ണം 2,953 ആണ്. അതുപോലെ, 2021 ഡിസംബര്‍ വരെ 1,783 ചൈനീസ് പൗരന്മാര്‍ക്ക് തൊഴില്‍ വിസ നല്‍കിയിട്ടുണ്ട്. 2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ വിസ അനുവദിക്കുന്ന കാര്യത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

  സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2019-ന് മുമ്പ് മുതല്‍ 2021 ഡിസംബര്‍ 31 വരെ, ചൈനീസ് പൗരന്മാരുള്‍പ്പെടെ അധികമായി 3,93,431 വിദേശികളാണ് ഇന്ത്യയില്‍ തങ്ങിയത്.

  കേന്ദ്ര നടപടികള്‍

  2019നും 2021നും ഇടയില്‍ 81 ചൈനീസ് പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ ഇന്ത്യ നോട്ടീസ് നല്‍കിയിരുന്നു. മറ്റ് 117 പേരെ വിസ വ്യവസ്ഥകള്‍ ലംഘിച്ചതിനും നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തിയതിനുമായി നാടുകടത്തുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സാധുവായ യാത്രാ രേഖകളുമായി ഇന്ത്യയില്‍ പ്രവേശിക്കുന്ന ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെയുള്ള വിദേശികളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ സൂക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
  Published by:Anuraj GR
  First published: