രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം ശക്തമാകുകയാണ്. ഇതിനിടെ പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് എട്ടുവയസ്സുകാരന് മരിച്ചു. കുട്ടിക്ക് കനത്ത ചൂട് കാരണം അസുഖം ബാധിച്ചതായും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടും രക്ഷിക്കാനായില്ലെന്നും കുടുംബം വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. വേനല്‍ക്കാലത്തിന്റെ തുടക്കം മുതല്‍ ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഇടയ്ക്കിടെ താപനില സാധാരണ നിലയേക്കാള്‍ വളരെ കൂടുതലായിരുന്നു.
2021 ഒക്ടോബറില്‍ പുറത്തിറക്കിയ ദി ലാന്‍സെറ്റ് കൗണ്ട്ഡൗണ്‍ റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ ചൂട് നേരിട്ട ലോകത്തിലെ അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കനത്ത ചൂടിനെ തുടര്‍ന്ന് ഈ വര്‍ഷം മഹാരാഷ്ട്രയില്‍ 25 പേരാണ് മരിച്ചത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 374-ലധികം സൂര്യാഘാത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും കൂടുതലായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2015-2019 കാലയളവില്‍ മൊത്തം 3,775 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (2015- 2,040 മരണങ്ങള്, 2016- 1,111 മരണങ്ങള്, 2017- 384 മരണങ്ങള്, 2018- 25 മരണങ്ങള്, 2018- 215 മരണങ്ങള്). ഇന്റര്ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് വര്‍ക്കിംഗ് ഗ്രൂപ്പ് II , 'Climate Change 2022: Impacts, Adaptation and Vulnerability' എന്ന തലക്കെട്ടില്‍ ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. രക്തചംക്രമണം, ശ്വസന സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, പകര്‍ച്ചവ്യാധികള്‍ എന്നിവയുമായി ബന്ധപ്പെട്ട മരണങ്ങളും ശിശുമരണങ്ങളും ഉയര്‍ന്ന താപനിലയില്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മഴയും താപനിലയും കൂടുന്നത് വയറിളക്ക രോഗങ്ങള്‍, ഡെങ്കിപ്പനി, മലേറിയ എന്നിവയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും തീവ്രമായ ഉഷ്ണതരംഗങ്ങള്‍ ഏഷ്യയില്‍ മരണങ്ങള് വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്.
ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണ്?ഹീറ്റ് ക്രാമ്പ് (Heat Cramp): നിര്‍ജ്ജലീകരണം, ഇലക്ട്രോലൈറ്റ് നഷ്ടപ്പെടല്‍ എന്നിവ മൂലമുണ്ടാകുന്ന പേശിവലിവാണ് ഹീറ്റ് ക്രാമ്പ്. ഇത് സാധാരണയായി ചൂട് കൂടിയ സമയത്ത് കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതു മൂലമാണ് സംഭവിക്കുന്നത്.
ഹീറ്റ് എക്സോഷന്‍ (Heat Exhaustion): മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച്, ചൂട് കൂടുന്നത് മൂലമുണ്ടാകുന്ന മറ്റൊരു അവസ്ഥയാണിത്. ആശയക്കുഴപ്പം, തലകറക്കം, തളര്‍ച്ച, ക്ഷീണം, തലവേദന, പേശിവേദന, ഓക്കാനം, വയറിളക്കം, വിളറിയ ചര്‍മ്മം, അസാധാരണമായ വിയര്‍പ്പ്, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍.
ഹീറ്റ് സ്ട്രോക്ക് (Heat Stroke): അന്തരീക്ഷ താപനില ഒരു പരിധിക്കപ്പുറം കൂടുമ്പോള്‍ ശരീര താപനില 104*F ആകുന്നു. ഇതാണ് സൂര്യാഘാതത്തിന് കാരണമാകുന്നത്. തളര്‍ച്ച, തലകറക്കം, ചൂട് ഉണ്ടായിരുന്നിട്ടും വിയര്‍പ്പിന്റെ കുറവ്, ചുവന്ന് ചൂടായ വരണ്ട ചര്‍മ്മം, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.