HOME /NEWS /India / Exclusive | ബിഹാറിലെ ഭൂമി കുംഭകോണം: 100 കോടിയോളം രൂപയുടെ ഇടപാട് നടന്നിരിക്കാമെന്ന് CBI

Exclusive | ബിഹാറിലെ ഭൂമി കുംഭകോണം: 100 കോടിയോളം രൂപയുടെ ഇടപാട് നടന്നിരിക്കാമെന്ന് CBI

CBI

CBI

ലാലു പ്രസാദ് യാദവ് റെയിൽവെ മന്ത്രിയായിരിക്കെ ആണ് ക്രമക്കേട് നടന്നത്.

 • Share this:

  ബിഹാറിലെ (Bihar) ഭൂമി കുംഭകോണം (Land-for-Jobs Scam) നിസ്സാര തട്ടിപ്പല്ലെന്ന് സിബിഐ ഉദ്യോ​ഗസ്ഥരുടെ കൈവശമുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. ഭൂമിക്ക് പകരം ജോലി നൽകുന്നതുമായി ബന്ധപ്പെട്ട് 100 കോടിയോളം രൂപയുടെ ഇടപാട് നടന്നിരിക്കാമെന്നാണ് സിബിഐയുടെ (CBI) വിലയിരുത്തൽ. ഈ വർഷം മെയ് മുതൽ ഓഗസ്റ്റ് വരെ നടത്തിയ റെയ്ഡുകളിൽ 250 ഓളം ഭൂമി കൈമാറ്റ രേഖകളും (deeds) കണക്കിൽപെടാത്ത പണവും അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ലാലു പ്രസാദ് യാദവ് ( Lalu Prasad Yadav) റെയിൽവെ മന്ത്രിയായിരിക്കെ ആണ് ക്രമക്കേട് നടന്നത്. ഈ കാലയളവിൽ റെയിൽവേയിൽ ജോലി ലഭിക്കാൻ വേണ്ടി ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനോ കൂട്ടാളികൾക്കോ ​​ഭൂമി വിൽക്കുകയോ സമ്മാനിക്കുകയോ ചെയ്‌ത ഉദ്യോഗാർത്ഥികളുടേതാണ് ഈ രേഖകൾ.

  “സിബിഐ പതിനാറോളം ഭൂമി കൈമാറ്റ രേഖകൾ ഇതിനകം പരിശോധിച്ചു. എഫ്‌ഐആറിൽ പേരുള്ള കുറ്റാരോപിതർക്കും ഉദ്യോ​ഗാർത്ഥികൾക്കും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് ഇതിൽ നിന്നും കണ്ടെത്തിയത് . ഇത്തരം 250 ഭൂമി കൈമാറ്റ രേഖകൾ കൂടി സൂക്ഷ്മപരിശോധനയിലാണ്," അന്വേഷണത്തെക്കുറിച്ച് അറിയാവുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ ന്യൂസ് 18 നോട് പറഞ്ഞു.

  2004 മുതൽ 2009 വരെ, ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത്, തന്റെ കുടുംബാംഗങ്ങളുടെ പേരിൽ ഭൂസ്വത്ത് സമ്പാദിച്ചതായും വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായും സിബിഐ പറയുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തു‌ടർന്ന് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ ഏജൻസി കേസെടുത്തു. ഭൂമിയ്ക്ക് പകരമായി ആളുകൾക്ക് ജോലി നൽകിയെന്നാണ് എഫ്ഐആറിൽ ആരോപിക്കുന്നത്. റെയിൽവേയുടെ വിവിധ സോണുകളിൽ ഗ്രൂപ്പ് ഡി തസ്തികകളിലേക്കായിരുന്നു നിയമനം. പാട്‌ന നിവാസികളായ പകരക്കാരെയോ, അല്ലെങ്കിൽ ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളുടെയോ പേരിൽ ഭൂമി സ്വന്തമാക്കിയതായാണ് സിബിഐ എഫ്‌ഐആറിൽ ആരോപിക്കുന്നത്.

  Also Read- ജസ്റ്റിസ് യു.യു ലളിത് 49-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

  "ലാലു പ്രസാദ് യാദവ് നിയമസഭാ സാമാജികനായിരിക്കെ പ്രതിനിധികരിച്ചിരുന്ന ഛപ്ര, പട്‌ന, ഗോപാൽഗഞ്ച്, ദർഭംഗ, സിവാൻ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ് ഈ അഴിമതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗവും. ഉദ്യോഗാർത്ഥികൾക്ക് ജോലിയ്ക്ക് വേണ്ടി ഭൂമി നൽകാൻ കഴിയുന്നില്ലെങ്കിൽ പകരം പണം നൽകാനാണ് ആവശ്യപ്പെട്ടിരുന്നത്, ഒരു ജോലിക്ക് 7 ലക്ഷം രൂപയായിരുന്നു നിരക്ക്", ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഒരു കുടുംബത്തിലെ രണ്ട് പേർക്ക് ജോലി ലഭിക്കണമെങ്കിൽ, രണ്ട് പ്ലോട്ട് ഭൂമി നൽകണം അല്ലെങ്കിൽ 14 ലക്ഷം രൂപ ആണ് ആവശ്യപ്പെട്ടിരുന്നത്.

  ഒരു പ്രൊഫഷണൽ കോർപ്പറേറ്റ് സംവിധാനം പോലെയാണ് മുഴുവൻ റാക്കറ്റും പ്രവർത്തിച്ചിരുന്നതെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. കോൾ സെന്റർ പോലുള്ള സജ്ജീകരണത്തോടു കൂടി പരിശീലനം ലഭിച്ച വ്യക്തികൾ ഇതിനായി പ്രത്യേക സ്ഥാപിച്ച സെൽ പ്രവർത്തിപ്പിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. “അന്നത്തെ റെയിൽവേ മന്ത്രിയുടെ വസതിയിൽ ഇതിനായി ഒരു പ്രത്യേക സെൽ സ്ഥാപിച്ചിരുന്നു, പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് ഇത് നിയന്ത്രിച്ചിരുന്നത്” ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.

  Also Read- നോയിഡയിലെ ഫ്ലാറ്റ് പൊളിക്കലിന് ഇനി മണിക്കൂര്‍ മാത്രം; കാരണങ്ങളും അനന്തരഫലങ്ങളും

  കൈക്കൂലി നൽകി കഴിഞ്ഞാൽ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും ഇന്റർവ്യൂ പരിശീലനവും മറ്റെല്ലാ സഹായങ്ങളും നേടാൻ വേണ്ട സഹായം ഉദ്യോ​ഗാർത്ഥിക്ക് നൽകുക എന്നതായിരുന്നു പ്രവർത്തന രീതിയെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ വ്യാജ സ്കൂൾ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയിരുന്നു. ചില സ്‌കൂളുകൾ ഉദ്യോഗാർത്ഥികൾക്ക് പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റുകൾ വ്യാജമായി നൽകാൻ തയ്യാറായിരുന്നു. എന്നാൽ, മറ്റ് ചില സ്‌കൂളുകൾ തങ്ങളുടെ പേരുകൾ ഉപയോഗിക്കുന്നതായി അറിയില്ലെന്നാണ് വ്യക്തമാക്കിയതെന്ന് അധികൃതർ പറഞ്ഞു.

  വൻ ഭൂമി തട്ടിയെടുപ്പ്

  2004 നും 2009 നും ഇടയിൽ പട്‌നയിലും പരിസരപ്രദേശങ്ങളിലുമായുള്ള നിരവധി സ്ഥലങ്ങൾ യാദവ് കുടുംബത്തിന്റെയോ അവരുടെ കൂട്ടാളികളുടേയോ പേരിൽ കുറഞ്ഞ വിലയ്ക്ക് വിറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചില കേസുകളിൽ യാദവ് കുടുംബത്തിന് ഭൂമി കൈമാറിയതിന്റെ നേരിട്ടുള്ള തെളിവുകൾ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മറ്റ് ചില കേസുകളിൽ അവരുടെ അടുത്ത കൂട്ടാളികളുടെ പേരുകളാണ് ഉയർന്നുവന്നിരിക്കുന്നത്.

  ഇപ്പോൾ അഴിമതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നവരുടെ പേരിൽ ആദ്യം ഭൂമി കൈക്കലാക്കുകയും പിന്നീട് എഫ്‌ഐആറിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ പേരിലേക്ക് ഭൂമി കൈമാറുകയും ചെയ്യുകയായിരുന്നു രീതി. 2014 അവസാനത്തോടെ, ഒരു ഉദ്യോ​ഗാർത്ഥി പ്രതിയുടെ ഒരു കൂട്ടാളിക്ക് വിറ്റ ഭൂമി എഫ്‌ഐ‌ആറിൽ പേരുള്ള പ്രതിക്ക് കൈമാറിയത് ഇതിന് ഒരു ഉദാഹരണമാണ്” ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

  വാങ്ങുന്നതോ സമ്മാനമായി ലഭിക്കുന്നതോ ആയ ഭൂമിയുടെ തൊട്ടടുത്തുള്ള ഭൂമിയും പ്രതികൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ആ ഭൂമിയും തട്ടിയെടുത്തിരുന്നു. ഇതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. “ചിലപ്പോൾ തൊട്ടടുത്ത പ്ലോട്ടിന്റെ ഉടമയെ അവരുടെ ഭൂമി കൂടി വിട്ടുനൽകാൻ ഉദ്യോ​ഗാർത്ഥികൾ നിർബന്ധിച്ചിരുന്നു. മറ്റ് സന്ദർഭങ്ങളിൽ ബലപ്രയോ​ഗവും നടത്തിയിരുന്നു," ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

  പട്‌നയിൽ ഒരു മാൾ നിർമ്മിക്കുന്നതിനായി വാങ്ങിയ ഈ ഭൂമി എല്ലാം കൂടി ഒന്നിച്ചു ചേർക്കുകയായിരുന്നുവെന്നാണ് സിബിഐ കരുതുന്നത്. എന്നാൽ, ബിഹാറിലെ ഭരണമാറ്റം ഈ മാൾ നിർമ്മാണത്തിനുള്ള ശ്രമങ്ങൾ തടസ്സപ്പെടുത്തിയെന്നും തുടർന്ന് പദ്ധതി ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് മാറ്റിയെന്നും ആരോപണമുയർന്നിട്ടുണ്ട്. ഗുരുഗ്രാമിലെ സെക്ടർ 71ൽ നിർമാണത്തിലിരിക്കുന്ന അർബൻ ക്യൂബ്‌സ് മാളിൽ ഏജൻസി തിങ്കളാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഭൂമി കുംഭകോണ കേസിലെ വരുമാനം ഉപയോ​ഗിച്ചാണ് മാൾ നിർമ്മിച്ചിരിക്കുന്നതെന്ന് സംശയിക്കുന്നതായി സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.

  തട്ടിപ്പിലൂടെ റെയിൽവേയിൽ ജോലി നേടിയതായി ആരോപിക്കപ്പെടുന്ന ആയിരത്തോളം വ്യക്തികളുടെ വിവിരങ്ങളാണ് ഏജൻസി പരിശോധിക്കുന്നത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതു മുതൽ റെയിൽവേയിലെ ജോലികൾക്കായി കൈക്കൂലി നൽകിയവരെക്കുറിച്ച് സിബിഐയ്ക്ക് വിവിധ ഇടങ്ങളിൽ നിന്ന് നിരവധി വിവരങ്ങൾ ലഭിച്ചിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

  ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതി, മറ്റ് കുടുംബാംഗങ്ങൾ എന്നിവരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ടെന്നാണ് സിബിഐ വൃത്തങ്ങൾ അറിയിച്ചു. കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ച് ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് ലാലുവിനെതിരായ പുതിയ അഴിമതി കേസ് ഉയർന്നു വന്നത്.

  First published:

  Tags: Bihar, Lalu Prasad Yadav, Land scam