• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV
 • Year Ender 2018

മൃതദേഹത്തോടും മാന്യത കാട്ടണം; തൂക്കിനോക്കി വിമാന കൂലി നിശ്ചയിക്കുന്നതിനെതിരെ അഷ്‌റഫ് താമരശേരി കോടതിയിലേക്ക്


Updated: June 12, 2018, 9:53 PM IST
മൃതദേഹത്തോടും മാന്യത കാട്ടണം; തൂക്കിനോക്കി വിമാന കൂലി നിശ്ചയിക്കുന്നതിനെതിരെ അഷ്‌റഫ് താമരശേരി കോടതിയിലേക്ക്

Updated: June 12, 2018, 9:53 PM IST
#എം. ഉണ്ണികൃഷ്ണന്‍
(അസിസ്റ്റന്റ് ന്യൂസ് കോ-ഓഡിനേറ്റര്‍, ന്യൂസ് 18 കേരളം)

ന്യൂഡെല്‍ഹി: എണ്ണിപ്പെറുക്കിയെടുത്ത ആ നാണയത്തുട്ടുകളില്‍ കണ്ണീരിന്റെ നനവുണ്ടായിരുന്നു. അതുപോലെ ഇനിയൊരായിരം നാണയങ്ങള്‍ കൂട്ടിവച്ചാലും ത്രിച്ചി സ്വദേശിയായ ആ സ്ത്രീയുടെ കണ്ണീര്‍ മായില്ല. ഭര്‍ത്താവിന്റെ മരണത്തില്‍ തകര്‍ന്നുപോയ അവരെ കൂടുതല്‍ തളര്‍ത്തിയത് ഗള്‍ഫില്‍നിന്ന് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ പണം തികയില്ലല്ലോയെന്ന തിരിച്ചറിവാണ്. മരിച്ചു പോയ ഭര്‍ത്താവിന്റെ ഭാരത്തിന് ആനുപാതികമായി നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള തുകയും ഉയരുമെന്നറിഞ്ഞതോടെ എല്ലാ വഴികളും അടഞ്ഞെന്നു കരുതി. മൃതദേഹം തൂക്കി നോക്കിയാണ് തുക നിശ്ചയിക്കുന്നതെന്ന് ഒപ്പമുണ്ടായിരുന്നയാള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അറിഞ്ഞത്. ആകെയുള്ള 32 ദിര്‍ഹവുമായി അവര്‍ അജ്മനിലെ അഷ്‌റഫ് താമരശേരിക്കു മുന്നിലെത്തി. ഇതുപോലെ ആയിരങ്ങളുടെ കണ്ണീര്‍ കണ്ട അഷ്റഫ് അവര്‍ക്കും സഹായിയായി. നടപടികള്‍ പൂര്‍ത്തിയാക്കി 640 ദിര്‍ഹമടച്ച് സെല്‍വരാജിന്റെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയച്ചു.
Loading...

ഗള്‍ഫില്‍ മരിച്ചാല്‍ ശരീരഭാരം സാമ്പത്തിക ഭാരമാകുമെന്നു സെല്‍വരാജിന്റെ ഭാര്യയെപ്പോലെ പലര്‍ക്കും ഇപ്പോഴും അറിയില്ല. കഠിനാധ്വാനത്തിലൂടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന പ്രവാസികള്‍ക്ക് മൃതദേഹത്തിന്‍ മേലുള്ള ഈ വിലപേശല്‍ അസഹനീയമായ അനുഭവമാണ്. അച്ഛന്റെ മൃതദേഹം കണ്മുന്നില്‍ തൂക്കി നോക്കി കൂലിയുറപ്പിക്കുന്നത് കണ്ട  മകന്‍ പൊട്ടിക്കരഞ്ഞു.

പതിനെട്ടു വര്‍ഷമായി നടക്കുന്ന ഈ നീതിനിഷേധത്തിന് പരിഹാരം കാണാന്‍ അഷറഫ് താമരശ്ശേരി ഇടപെടുകയാണ്. അതിനായി ഇന്ത്യയിലെ പരമോന്നത നീതി പീഠത്തിന്റെ വാതിലിലാണ്അഷ്‌റഫ് മുട്ടുന്നത്.18 വര്‍ഷത്തിനിടെ 38 രാജ്യങ്ങളിലെ 4700 മൃതദേഹങ്ങളാണ് അഷ്റഫ് കയറ്റി അയച്ചത്. ചലചിത്ര താരം ശ്രീദേവിയുടെ മൃതശരീരവും അഷറഫിന്റെ കൈകളിലൂടെയാണ് ഇന്ത്യയിലേക്കെത്തിയത്. ഇതുവരെ ഒരാളില്‍ നിന്നു പോലും പണം ചോദിച്ചു വാങ്ങിയിട്ടില്ല. എന്നാല്‍ അഷ്റഫ് ചെയ്യുന്ന നന്മയുടെ ചെറു കണം പോലും നമ്മുടെ ഭരണകൂടങ്ങള്‍ക്കില്ലെന്നതാണ് യാഥാര്‍ഥ്യം.

തൂക്കത്തിന് ഈടാക്കുന്നത് ഒരു ലക്ഷത്തിലധികം രൂപ

'ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മൃതദേഹം കയറ്റി അയക്കുമ്പോള്‍ മരിച്ചയാളുടെ ഭാരത്തിന് ആനുപാതികമായാണ് വിമാനക്കൂലി കണക്കാക്കുക. പാര്‍സല്‍ തൂക്കുന്ന അതേയിടത്തു വച്ച് മൃതദേഹം തൂക്കി നോക്കും. ഒരാള്‍ക്ക് 98 കിലോ ഭാരം ഉണ്ടെന്ന് കരുതുക. പെട്ടി സഹിതമാണ് തൂക്കുക. അപ്പോള്‍ അകെ ഭാരം 150 കിലോ വരും. അതിനനുസരിച്ചു തുക നല്‍കണം. കേരളത്തിലേക്ക് സാധാരണ ഭാരമുള്ള ഒരാളുടെ മൃതദേഹം കൊണ്ടുവരാന്‍ ചുരുങ്ങിയത് ഒരുലക്ഷത്തില്‍ കൂടുതല്‍ നല്‍കണം. എയര്‍ ഇന്ത്യ പോലും ഈ രീതി മാറ്റാന്‍ തയ്യാര്‍ ആകുന്നില്ല, അതാണ് ഏറെ ദുഖകരം.'

ഈ അനീതി അവസാനിപ്പിച്ച് മൃതദേഹത്തോട് മാന്യതയോടെ പെരുമാറാന്‍ നമ്മുടെ സംവിധാനങ്ങളെ പ്രാപ്തമാക്കുകയുമാണ് അഷ്റഫ് തന്റെ പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ലക്ഷ്യമിടുന്നത്. തൂക്കി തിട്ടപ്പെടുത്തി പണം വാങ്ങുന്നതല്ലാതെ മൃതദേഹം മാന്യമായി കൊണ്ടുപോകാന്‍ പോലും സംവിധാനമില്ല. പച്ചക്കറികള്‍ക്കും മറ്റു പാര്‍സല്‍ വസ്തുക്കള്‍ക്കും ഒപ്പമാണ് ശവപ്പെട്ടിയും വിമാനത്തില്‍ കയറ്റുക. പച്ചക്കറി ഒരു കിലോ കൊണ്ട് പോകാന്‍ രണ്ടു ദിര്‍ഹമേ ചിലവ് വരൂ. എന്നാല്‍ മൃതദേഹത്തിന് കിലോയ്ക്ക് 19 ദിര്‍ഹം വീതം നല്‍കണം.

വിലപേശല്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് അപേക്ഷിച്ചതാണ്. പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് കൂടിയായ അഷറഫ് അഹമ്മദാബാദില്‍ വച്ച് നടന്ന പ്രവാസി ഭാരതീയ ദിവസിലാണ് പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിച്ചത്. 'തിരക്കുകള്‍ കാരണം അദ്ദേഹം അത് വിട്ടുപോയിട്ടുണ്ടാകും. കേരളത്തിലെ എംപി മാരോടും പറഞ്ഞു. തുടര്‍ നടപടി  ഉണ്ടായില്ല. ഇതോടെയാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്'- അഷ്റഫ് പറയുന്നു.

പണമില്ലാത്തതിന് പുറമെ വിസയില്ലാത്തവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ വേറെ. 'അടുത്തിടെ മലയാളിയായ ഭാര്യയും ഭര്‍ത്താവും ഒരേ ദിവസം മരിച്ചു. ഇരുവര്‍ക്കും വിസ ഇല്ലായിരുന്നു. കോണ്‍സുലേറ്റില്‍ അറിയിച്ച് എല്ലാവരും പരിശ്രമിച്ചതോടെ ഒടുവില്‍ ഔട്ട് പാസ് കൊടുത്തു. അങ്ങനെയാണ് മൃതദേഹം നാട്ടില്‍ എത്തിക്കാനായത്. ഇന്ത്യന്‍ അസോസിയേഷനിലെ ബിജു സോമന്‍, ബയ്യ റഹീം, ഖാന്‍ തുടങ്ങിയവരാണ് പലഘട്ടങ്ങളിലും സഹായിച്ചത്.'

കേസ് വാദിക്കുന്നത് ദീപക് പ്രകാശ്

എന്‍ഡോസള്‍ഫാന്‍ കേസ് ഉള്‍പ്പെടെ നിരവധി നിയമ പോരാട്ടങ്ങള്‍ നടത്തിയ സുപ്രീം കോടതി  അഭിഭാഷകന്‍ ദീപക് പ്രകാശ്, നിയമ മന്ത്രി എ.കെ ബാലന്റെ മകനും അഭിഭാഷകനുമായ നിഖില്‍ ബാലന്‍ എന്നിവരാണ് ഹര്‍ജിക്ക് അന്തിമ രൂപം നല്‍കിയത്. മൃതദേഹം തൂക്കി നോക്കി തുക നിശ്ചയിക്കുന്ന മനുഷ്യത്വരഹിതമായ നടപടി അവസാനിക്കണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. വിദേശത്ത് ജോലിക്കിടെ മരിക്കുന്ന പ്രവാസികളുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം നല്‍കണം. ആഘോഷ വേളകളില്‍ അമിത നിരക്ക് ഈടാക്കുന്ന വിമാനകമ്പനികളുടെ രീതി നിയന്ത്രിക്കണം എന്നീ ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്. സുപ്രീം കോടതി വേനലവധിക്ക് ശേഷം ജൂലൈയില്‍ തുറക്കുമ്പോള്‍ ഹര്‍ജി പരിഗണനയ്ക്ക് എത്തിക്കാനാണ് ശ്രമം.

മാന്യമായി മരിക്കാനും അവകാശമുണ്ട്

ഓരോ രാജ്യത്തും മൃതദേഹങ്ങള്‍ കയറ്റി അയക്കാന്‍ വ്യത്യസ്ത വ്യവസ്ഥകളാണ് നിലവിലുള്ളത്. ചിലയിടങ്ങളില്‍ ഇതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് ബാധകമായ മാര്‍ഗ രേഖ പുറപ്പെടുവിക്കാന്‍ കോടതി തയാറായാല്‍ അത് എല്ലാവര്‍ക്കും സഹായകരമാകുമെന്ന് അഷറഫ് ചൂണ്ടിക്കാട്ടുന്നു. 'മാന്യമായി ജീവിക്കാന്‍ വ്യക്തികള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശം പോലെ മാന്യമായി മരിക്കാനും അവകാശമുണ്ട്. മരണാനന്തരം മൃതദേഹത്തോടും നമ്മള്‍ മാന്യത കാണിക്കണം. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളെ ആധാരമാക്കിയാണ് ഹര്‍ജിയെന്ന് അഡ്വക്കേറ്റ് ദീപക് പ്രകാശ് പറയുന്നു. നിലവില്‍ സെന്റിമെന്റല്‍ കാര്‍ഗോ എന്ന വിഭാഗത്തിലാണ് മൃതദേഹങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് കൃത്യമായ ചട്ടങ്ങള്‍ കൊണ്ടുവന്നാല്‍ ഈ അനീതി അവസാനിപ്പിക്കനാകും.നമ്മള്‍ ജീവിക്കാന്‍ വേണ്ടി ജീവിക്കുമ്പോള്‍ അഷ്റഫ് താമരശേരി മരിച്ചവര്‍ക്കു വേണ്ടിയാണ് ജീവിക്കുന്നത്. മരണത്തോടെ എല്ലാം കഴിഞ്ഞെന്ന് കരുതുന്നവര്‍ക്ക് അതിനു ശേഷമുള്ള കനിവിന്റെ പാഠങ്ങള്‍ പകരാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് അഷറഫ് താമരശേരിക്ക് ഇപ്പോഴത്തെ ഇടപെടലും. 'എന്റെ ഭാരം ഏതാണ്ട് 99 കിലോ വരും. എന്നെ കൊള്ളുന്ന പെട്ടിയുടെ ഭാരം അമ്പത് കിലോയും. ഞാന്‍ മരിച്ചാല്‍ 150 കിലോയുടെ പണം വിമാന കമ്പനികള്‍ ഈടാക്കും. മരണം എല്ലാവരും ഒരുനാള്‍ നേരിടേണ്ട യാഥാര്‍ഥ്യമാണ്. അതുകൊണ്ട് തന്നെ നമ്മള്‍ ഓരോരുത്തര്‍ക്കും വേണ്ടിയാണ് ഈ പോരാട്ടം.' പരമോന്നത നീതിപീഠവും അഷറഫിന്റെ ഈ വികാരം തിരിച്ചറിയുമെന്നു പ്രതീക്ഷിക്കാം.
First published: June 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍