• HOME
  • »
  • NEWS
  • »
  • india
  • »
  • 'ഭാര്യയോട് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നതിന് അർത്ഥം വേലക്കാരിയായി കാണുന്നു എന്നല്ല': ബോംബെ ഹൈക്കോടതി

'ഭാര്യയോട് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നതിന് അർത്ഥം വേലക്കാരിയായി കാണുന്നു എന്നല്ല': ബോംബെ ഹൈക്കോടതി

വിവാഹശേഷം സ്ത്രീ വീട്ടുജോലികൾ ചെയ്യാൻ തയ്യാറല്ലെങ്കിൽ അത് വരനെയോ വരൻെറ വീട്ടുകാരെയോ നേരത്തെ തന്നെ അറിയിക്കണമെന്ന് ബോംബെ ഹൈക്കോടതി

court

court

  • Share this:
    വിവാഹിതയായ സ്ത്രീയോട് വീട്ടിലെ ജോലികൾ ചെയ്യാൻ പറയുന്നത് ഗാർഹിക പീഡനത്തിൻെറ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹശേഷം സ്ത്രീ വീട്ടുജോലികൾ ചെയ്യാൻ തയ്യാറല്ലെങ്കിൽ അത് വരനെയോ വരൻെറ വീട്ടുകാരെയോ നേരത്തെ തന്നെ അറിയിക്കണം. അങ്ങനെയാണെങ്കിൽ വിവാഹവുമായി മുന്നോട്ട് പോവുന്നതിനെപ്പറ്റി അവർക്ക് കൂടുതൽ ആലോചിക്കാൻസാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

    ഭർത്താവിനും ഭർത്താവിൻെറ അമ്മയ്ക്കും മൂത്ത സഹോദരിക്കുമെതിരെ യുവതി നൽകിയ പരാതി പരിഗണിക്കവേയാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ഡിവിഷൻ ബെഞ്ചിൻെറ വിവാദ പരാമർശം. വീട്ടിലെ വേലക്കാരിയെ പോലെയാണ് തന്നോട് പെരുമാറിയതെന്നാണ് സ്ത്രീ പരാതിയിൽ പറയുന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസം ആയപ്പോഴാണ് ഇവർ ഭർത്താവിൻെറ വീട്ടുകാർക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

    Also Read-ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങളുമായി നോട്ടുകൾ ഇറക്കണം; കെജ്രിവാൾ പ്രധാനമന്ത്രിയോട്

    “കുടംബത്തിന് വേണ്ടി, വിവാഹിതയായ ഒരു സ്ത്രീയോട് വീട്ടുജോലികൾ ചെയ്യാൻ പറഞ്ഞാൽ അവരെ വീട്ടുവേലക്കാരിയായി കണക്കാക്കി എന്ന് പറയാൻ സാധിക്കില്ല. അവർക്ക് വീട്ടിലെ ജോലികൾ ചെയ്യാൻ താൽപര്യം ഇല്ലായിരുന്നുവെങ്കിൽ അത് നേരത്തെ തന്നെ അറിയിക്കണമായിരുന്നു. വിവാഹശേഷം ആണെങ്കിൽ പോലും ഇക്കാര്യത്തിൽ പെട്ടെന്ന് തന്നെ ഒരു തീരുമാനം എടുക്കുന്നതാണ് ഉചിതം,” കോടതി വ്യക്തമാക്കി.

    ഐപിസി സെക്ഷൻ 323, 504, 506, 34 എന്നീ വകുപ്പുകൾ ചേർത്താണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കാർ വാങ്ങുന്നതിന് വേണ്ടി ഭർത്താവ് തന്നോട് നാല് ലക്ഷം രൂപ ആവശ്യപ്പെട്ടതായും സ്ത്രീ പരാതിയിൽ പറയുന്നുണ്ട്. എന്നാൽ ഇത് നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഭർത്താവ് ശാരീരികമായും മാനസികമായും തന്നെ ഉപദ്രവിച്ചെന്നും അവർ പറഞ്ഞു. എത്രയും പെട്ടെന്ന് കുട്ടി വേണമെന്നാവശ്യപ്പെട്ട് ഭർത്താവിൻെറ അമ്മയും സഹോദരിയും തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.

    സ്ത്രീയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രതിഭാഗം വക്കീൽ വാദിച്ചു. തൻെറ മുൻ ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീ സമാനമായ പരാതി നൽകിയിരുന്നുവെന്ന് അഭിഭാഷകൻ വ്യക്തമാക്കി. തൻെറ സ്വന്തം കയ്യിലെ പണം ഉപയോഗിച്ചാണ് ഭർത്താവ് കാർ വാങ്ങിച്ചതെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും കേസ് എടുക്കേണ്ട കാര്യമില്ലെന്നും പ്രതിഭാഗം വക്കിൽ കൂട്ടിച്ചേർത്തു.

    Also Read-കോയമ്പത്തൂർ സ്ഫോടനം; ജമേഷ് മുബീൻ പലതവണ കേരളത്തിലെത്തി; രാസവസ്തുക്കൾ വാങ്ങിയത് ഓൺലൈനിൽ

    പ്രതിഭാഗത്തിൻെറ വാദം അംഗീകരിച്ച് കേസ് തള്ളിക്കളയാൻ കോടതി തീരുമാനിച്ചു. “ഭർത്താവിൻെറ വീട്ടിൽ സ്ത്രീക്ക് ബുദ്ധിമുട്ടുകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. അവരുടെ രക്ഷിതാക്കളും ബന്ധുക്കളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വേലക്കാരിയെ പോലെ ആരും യുവതിയോട് പെരുമാറിയിട്ടില്ല. ഇക്കാര്യത്തിൽ അവ്യക്തമായ ആരോപണം മാത്രമാണ് സ്ത്രീ ഉന്നയിച്ചിരിക്കുന്നത്. തെളിവുകൾ ഹാജരാക്കാനും അവർക്ക് സാധിച്ചിട്ടില്ല,” കോടതി പറഞ്ഞു. ഭർത്താവിനും വീട്ടുകാർക്കുമെതിരായ എഫ്ഐആർ ഒഴിവാക്കാൻ കോടതി ആവശ്യപ്പെട്ടു. ഗാർഹിക പീഡനം നടന്നുവെന്ന് തെളിയിക്കാൻ വാദിഭാഗത്തിന് സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ ഭർത്താവിനോടും വീട്ടുകാരോടും വിചാരണ നേരിടാൻ ആവശ്യപ്പെടുന്നത് ശരിയല്ലെന്നും കോടതി കൂട്ടിച്ചേർത്തു.
    Published by:Jayesh Krishnan
    First published: