• HOME
  • »
  • NEWS
  • »
  • india
  • »
  • 'ഈ വർഷം ആസാമിൽ 300 മദ്രസകൾ കൂടി അടച്ചുപൂട്ടും': മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

'ഈ വർഷം ആസാമിൽ 300 മദ്രസകൾ കൂടി അടച്ചുപൂട്ടും': മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

''ആസാമിൽ ലൗ ജിഹാദ് ഇല്ലാതാക്കാൻ ഞങ്ങൾ ശ്രമങ്ങൾ നടത്തിവരികയാണ്. ഞാൻ മുഖ്യമന്ത്രിയായ ശേഷം ആസാമിൽ 600 മദ്രസകൾ പൂട്ടി'' ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

  • Share this:

    അസമിൽ ഈ വർഷം 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തെലങ്കാന ബിജെപി അധ്യക്ഷനും ലോക്‌സഭാ എംപിയുമായ ബന്ദി സഞ്ജയ് കുമാർ കരിംനഗറിൽ സംഘടിപ്പിച്ച ‘ഹിന്ദു ഏകതാ യാത്ര’യെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീക‍ൃത സിവിൽ കോഡ് (യുസിസി), ‘ലൗ ജിഹാദ്’, മദ്രസകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    ഓൾ-ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസിയോടായി ആയിരുന്നു ഹിമന്ത ബിശ്വ ശർമ സന്ദേശം. ”ആസാമിൽ ലൗ ജിഹാദ് ഇല്ലാതാക്കാൻ ഞങ്ങൾ ശ്രമങ്ങൾ നടത്തിവരികയാണ്. സംസ്ഥാനത്തെ മദ്രസകൾ അടച്ചുപൂട്ടാനും ഞങ്ങൾ പ്രവർത്തനങ്ങൾ നടത്തുന്നു. ഞാൻ മുഖ്യമന്ത്രിയായ ശേഷം ആസാമിൽ 600 മദ്രസകൾ പൂട്ടി. ഈ വർഷം 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് ഒവൈസിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു”, ശർമ പറഞ്ഞു.

    Also Read-കോൺഗ്രസ് ശക്തമാകുന്ന ഇടങ്ങളിൽ പിന്തുണ നൽകും; നിലപാട് വ്യക്തമാക്കി മമത ബാനർജി

    താൻ 600 മദ്രസകൾ അടച്ചുപൂട്ടിയതായും അവയ്ക്കു പകരം കോളേജുകളും സ്കൂളുകളും സർവകലാശാലകളും നിർമിക്കാൻ ആഗ്രഹിക്കുന്നതായും ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു. ”ബംഗ്ലാദേശിൽ നിന്നുള്ള ആളുകൾ ആസാമിൽ വന്ന് നമ്മുടെ നാഗരികതയ്ക്കും സംസ്കാരത്തിനും ഭീഷണി സൃഷ്ടിക്കുന്നു. ഞാൻ 600 മദ്രസകൾ ഇതിനകം അടച്ചുപൂട്ടി. ഞങ്ങൾക്ക് മദ്രസകൾ ആവശ്യമില്ലാത്തതിനാൽ സംസ്ഥാനത്തെ എല്ലാ മദ്രസകളും പൂട്ടാൻ ഞാൻ ഉദ്ദേശിക്കുന്നു. വേണ്ടത് സ്കൂളുകളും കോളേജുകളും സർവ്വകലാശാലകളുമാണ് ”, അദ്ദേഹം കൂട്ടിച്ചേർത്തു.

    രാജ്യത്ത് ഏകീക‍ൃത സിവിൽ കോഡ് നടപ്പിലാക്കണമെന്നും ബഹുഭാര്യാത്വം നിർത്തലാക്കണമെന്നും ആസാം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. “ഇന്ത്യയിൽ ചിലർ നാല് പേരെയൊക്കെ ഭാര്യമാരാക്കാം എന്നാണ് കരുതുന്നത്. പക്ഷേ ഇനിയതൊന്നും പറ്റില്ല എന്ന് ഞാൻ പറയുന്നു. അത്തരം രീതികൾ അവസാനിക്കാൻ പോകുന്നു. ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് വരാൻ പോകുകയാണ്. ഇന്ത്യയെ ഒരു യഥാർത്ഥ മതേതര രാഷ്ട്രമാക്കണം” ശർമ പറഞ്ഞു.

    Also Read-യുപി തദ്ദേശ തെരഞ്ഞെടുപ്പില്‍ 395 മുസ്ലീം സ്ഥാനാര്‍ത്ഥികളെ ബിജെപി അണിനിരത്തി; അൻപതോളം പേര്‍ക്ക് വിജയം

    ബഹുഭാര്യത്വം അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമാണത്തെക്കുറിച്ചു പഠിക്കുന്നതിനായിലെ അസമിൽ ഹിമന്ത് ബിശ്വ ശർമ ഇതിനകം നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. തെലങ്കാനയിൽ ‘രാജ’ഭരണത്തിന് പകരം ‘രാമരാജ്യം’ വരുമെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ പേര് പരാമർശിക്കാതെ ഹിമന്ത് ബിശ്വ ശർമ പറഞ്ഞു. “രാജാവിന് ഇനി അഞ്ച് മാസമേ ബാക്കിയുള്ളൂ. തെലങ്കാനയിൽ രാമരാജ്യം വരണം. അതാണ് ഞങ്ങളുടെ ലക്ഷ്യം. ഹിന്ദു നാഗരികതയുടെ അടിസ്ഥാനത്തിൽ തെലങ്കാനയിൽ രാമരാജ്യം ഉണ്ടാക്കണം” ശർമ കൂട്ടിച്ചേർത്തു. ഈ വർഷം അവസാനമാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

    Published by:Jayesh Krishnan
    First published: