• HOME
 • »
 • NEWS
 • »
 • india
 • »
 • Assam | അസമിന് പ്രത്യേക സമയ മേഖല അനുവദിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ

Assam | അസമിന് പ്രത്യേക സമയ മേഖല അനുവദിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ

ചില കണക്കുകൾ പ്രകാരം, സ്വാതന്ത്ര്യത്തിനു ശേഷം, ഇന്ത്യ ഒരൊറ്റ ടൈം സോൺ നിലനിർത്തുന്നതിനാൽ ഉൽപാദനക്ഷമതയിൽ വടക്കുകിഴക്കൻ മേഖലയ്ക്ക് 25 വർഷവും 10 മാസവും നഷ്ടമായി എന്നും 100 വർഷത്തിനുള്ളിൽ, ഈ മേഖല ഉൽപ്പാദനക്ഷമതയിൽ 54 വർഷം പിന്നിലാകുമെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു

 • Share this:
  അസമിന് (Assam) പ്രത്യേക ടൈം സോൺ (Time Zone) അനുവദിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ (Himanta Biswa Sarma). മാർച്ച് 30ന് അസം-മേഘാലയ ഉടമ്പടിയെക്കുറിച്ചുള്ള തന്റെ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “നമുക്ക് പ്രത്യേക ടൈം സോൺ ആവശ്യമാണ്. നിലവിലെ സമയം അനുസരിച്ച് അസമിലെ ആളുകൾ ഉണർന്ന് ജോലിക്ക് പോകുമ്പോഴേക്കും സൂര്യൻ തലയ്ക്ക് മുകളിൽ എത്തും. അതിനാൽ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും സമയ വ്യത്യാസം ആവശ്യമാണ്, എങ്കിൽ മാത്രമേ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കഴിയൂ. മാത്രമല്ല ജനങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുത്താൻ കഴിയും.“ അസം മുഖ്യമന്ത്രി പറഞ്ഞു.

  “നാം ഇപ്പോൾ ജോലി ചെയ്യുന്നത് യഥാർത്ഥത്തിൽ അർദ്ധരാത്രിയിൽ ജോലി ചെയ്യുന്നതിന് തുല്യമാണ്. ടൈം സോണിൽ മാറ്റം വരുത്തിയാൽ നമ്മുടെ ബയോളജിക്കൽ ക്ലോക്കിന് അനുസരിച്ച് ജോലി ചെയ്യാനും ഉറങ്ങാനും സാധിക്കും “ അദ്ദേഹം കൂട്ടിച്ചേർത്തു.

  നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷുകാർ അസമിലെ തേയിലത്തോട്ടങ്ങളിൽ പ്രത്യേക ടൈം സോൺ വിഭാവനം ചെയ്തിരുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും സംസ്ഥാനത്തെ തന്നെ മറ്റ് ആളുകളും അവരുടെ ദൈനംദിന ജോലികൾ ആരംഭിക്കുമ്പോൾ അസമിലെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾ ഒരു മണിക്കൂർ ജോലി പൂർത്തിയാക്കിയിട്ടുണ്ടാകും. തേയിലത്തോട്ടങ്ങളിൽ പിന്തുടരുന്ന "ബഗാൻ സമയം" അഥവാ "പ്രാദേശിക സമയം" സൂര്യോദയത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

  2014ൽ ഒരു ന്യൂ ഇയർ റെസല്യൂഷൻ എന്ന നിലയിൽ, അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി തരുൺ ഗൊഗോയ്, അസമിൽ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തേക്കാൾ (IST) കുറഞ്ഞത് 60 മിനിറ്റെങ്കിലും മുന്നിലുള്ള ഒരു പ്രാദേശിക ടൈം സോൺ നിർദ്ദേശിച്ചിരുന്നു. സംസ്ഥാനത്ത് മികച്ച രീതിയിൽ ഊർജം ലാഭിക്കാൻ സഹായിക്കുന്നതിനും ഡേ ലൈറ്റ് സേവിംഗിനും വേണ്ടിയായിരുന്നു ഇത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയെ ബോംബെ, കൽക്കട്ട, ബഗാൻ എന്നിങ്ങനെ മൂന്ന് സമയ മേഖലകളായി തിരിച്ചിരുന്നുവെന്ന് ഗൊഗോയ് അവകാശപ്പെട്ടിരുന്നു.

  ഗ്രീനിച്ച് സമയത്തേക്കാൾ അഞ്ചര മണിക്കൂർ മുന്നിലാണ് ഐഎസ്ടി (IST). വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ സൂര്യൻ ഉദിക്കുന്നതും പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ സൂര്യൻ ഉദിക്കുന്നതും തമ്മിൽ രണ്ട് മണിക്കൂർ വ്യത്യാസമുണ്ട്. മുമ്പും പലരും നിരവധി ശ്രമങ്ങൾ നടത്തിയിട്ടും, പ്രത്യേക ടൈം സോൺ ആവശ്യം ഒരിക്കലും ഇന്ത്യയിൽ യാഥാർത്ഥ്യമായിട്ടില്ല.

  2017ൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക ടൈം സോൺ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഓഫീസുകൾ വൈകി തുറക്കുകയും സൂര്യൻ നേരത്തെ ഉദിക്കുകയും ചെയ്യുന്നതിനാൽ ജോലി സമയം പാഴാകുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

  വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഒരു പ്രത്യേക ടൈം സോൺ ആവശ്യമാണോയെന്ന് പരിശോധിക്കാൻ രൂപീകരിച്ച പാനൽ, വിവിധ കാരണങ്ങളാൽ ഇതിനെതിരെ ശുപാർശ ചെയ്തു.

  ചില കണക്കുകൾ പ്രകാരം, സ്വാതന്ത്ര്യത്തിനു ശേഷം, ഇന്ത്യ ഒരൊറ്റ ടൈം സോൺ നിലനിർത്തുന്നതിനാൽ ഉൽപാദനക്ഷമതയിൽ വടക്കുകിഴക്കൻ മേഖലയ്ക്ക് 25 വർഷവും 10 മാസവും നഷ്ടമായി എന്നും 100 വർഷത്തിനുള്ളിൽ, ഈ മേഖല ഉൽപ്പാദനക്ഷമതയിൽ 54 വർഷം പിന്നിലാകുമെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു.

  റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് ഒന്നിലധികം ടൈം സോണുകൾ ഉണ്ട്. ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശും ടൈം സോണിൽ 90 മിനിറ്റ് മാറ്റം വരുത്തി. ഫ്രാൻസിന് 12 ടൈം സോണുകളുണ്ട്. യുഎസിന് 11ഉം ഓസ്‌ട്രേലിയയ്ക്ക് എട്ടും ടൈം സോണുകളാണുള്ളത്.
  Published by:Naveen
  First published: