• HOME
  • »
  • NEWS
  • »
  • india
  • »
  • Assam | പത്താം ക്ലാസിലെ കൂട്ടതോല്‍വി; 34 സ്‌കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ആസം സര്‍ക്കാര്‍

Assam | പത്താം ക്ലാസിലെ കൂട്ടതോല്‍വി; 34 സ്‌കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ആസം സര്‍ക്കാര്‍

ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ നാല് ലക്ഷം ഉദ്യോഗാര്‍ത്ഥികളില്‍ 56.49% മാത്രമാണ് വിജയിച്ചത്. 2018ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിജയ ശതമാനമാണിത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    2022 മാര്‍ച്ചില്‍ നടന്ന പത്താം ക്ലാസ് സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷയില്‍ (class x state board exam) സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ തോല്‍വിക്കു പിന്നാലെ ആസം സര്‍ക്കാര്‍ (assam govt) 34 സ്‌കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു (shut down). സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള 1,000 വിദ്യാര്‍ത്ഥികളില്‍ ഒറ്റ വിദ്യാര്‍ത്ഥികള്‍ പോലും വിജയിച്ചില്ലെന്നും വിജയശതമാനം കുറഞ്ഞ സ്‌കൂളുകള്‍ക്കായി നികുതിദായകരുടെ പണം ചെലവഴിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നും വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞു.

    'വിദ്യാഭ്യാസം നല്‍കുക എന്നതാണ് സ്‌കൂളുകളുടെ പ്രാഥമിക ഉത്തരവാദിത്വം. ഒരു സ്‌കൂളിന് അവിടുത്തെ വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കുമെന്ന് ഉറപ്പു വരുത്താന്‍ കഴിയുന്നില്ലെങ്കില്‍ ഈ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല, ''പെഗു പറഞ്ഞു. വിജയ ശതമാനം പൂജ്യത്തില്‍ നില്‍ക്കുന്ന സ്‌കൂളുകള്‍ക്കായി പൊതു പണം ചെലവഴിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ നാല് ലക്ഷം ഉദ്യോഗാര്‍ത്ഥികളില്‍ 56.49% മാത്രമാണ് വിജയിച്ചത്. 2018ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിജയ ശതമാനമാണിത്. 68 സ്‌കൂളുകളില്‍ വിജയശതമാനം 10 ശതമാനത്തില്‍ താഴെയാണ്.

    '' വിജയശതമാനം തീരെയില്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാനാണ് തീരുമാനം. എന്നാല്‍ ഈ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് അവര്‍ക്ക് അടുത്തുള്ള ഹൈസ്‌കൂളുകളില്‍ ചേരാന്‍ അവസരം നല്‍കും'' ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോവിഡ് മഹാമാരി മൂലമുണ്ടായ തടസങ്ങളും മിക്ക സ്‌കൂളുകളിലെ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ വേണ്ടത്ര ശ്രദ്ധിക്കാത്തതുമാണ് മോശം പ്രകടനത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി.

    അതേസമയം, സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം രാഷ്ട്രീയ പാര്‍ട്ടികളില്‍ കോളിളക്കം സൃഷ്ടിച്ചു. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ഇതിനൊരു പരിഹാരമല്ലെന്നും നമുക്ക് രാജ്യത്തുടനീളം നിരവധി പുതിയ സ്‌കൂളുകള്‍ തുറക്കേണ്ടതുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. അടച്ചുപൂട്ടുന്നതിനു പകരം സ്‌കൂളുകളും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

    അടുത്തിടെ, സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരെ പരിശീലിപ്പിക്കാന്‍ ഐഐടി ഗുവാഹത്തി ഫാക്കല്‍റ്റി അംഗങ്ങളുടെ സഹായം അസം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. '' ഈ അധ്യയന വര്‍ഷത്തോടെ മികച്ച പ്രകടനം കാഴ്ച വെയ്ക്കാത്ത എല്ലാ സ്‌കൂളുകളും സമീപത്തുള്ള സ്‌കൂളുകളുമായി സംയോജിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഇത്തരം മോശം റിസൾട്ടുകൾക്ക് ശേഷവും ഈ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിൽ അർത്ഥമില്ല,'' സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടര്‍ മമത ഹോജയ് പറഞ്ഞു. അത്തരത്തിലുള്ള നാല് സ്‌കൂളുകള്‍ സംയോജിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അടുത്തുള്ള സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് മാറ്റുമെന്നും ഹോജയ് പറഞ്ഞു. ഇതിനായി ഓരോ ജില്ലയിലെയും സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
    Published by:Anuraj GR
    First published: