• HOME
  • »
  • NEWS
  • »
  • india
  • »
  • ബംഗ്ലാദേശി ഭീകരസംഘടനയുമായി ബന്ധമുള്ള യുവതി പിടിയിൽ; ജിഹാദി ലഘുലേഖകൾ പിടിച്ചെടുത്തു

ബംഗ്ലാദേശി ഭീകരസംഘടനയുമായി ബന്ധമുള്ള യുവതി പിടിയിൽ; ജിഹാദി ലഘുലേഖകൾ പിടിച്ചെടുത്തു

യുവതി ഉപയോഗിച്ചിരുന്ന ഫോണിൽ ചില ആക്ഷേപകരമായ കണ്ടന്‍റുകൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജിഹാദികൾ പരസ്പരം ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന അതേ ഡാർക്ക് നെറ്റ് ആപ്പുകളും ഫോണിലുണ്ട്...

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ബംഗ്ലാദേശിലെ ഭീകര സംഘടനകളുമായി ബന്ധമുള്ള യുവതി ആസമിൽ പിടിയിലായി. പൊലീസ് നടത്തിയ പരിശോധനയിൽ ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകര സംഘടനയായ അൻസറുല്ല ബംഗ്ലാ ടീമിലെ (എബിടി) അംഗത്തെ ബിലാസിപാറയിൽ നിന്നാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്.

    ബിലാസിപാറ സ്വദേശിയായ സഹുറ ഖാത്തൂൻ (20) ആണ് അറസ്റ്റിലായത്. മോറിഗാവിലെ മൊയ്‌രാബാരിയിൽ ജിഹാദി ലഘുലേഖകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് പോലീസ് തിരച്ചിൽ നടത്തുന്ന മറ്റൊരു പ്രധാന പ്രതിയായ മൈരാബാരിയിലെ അബു തല്ലയുടെ ഭാര്യയാണ് അവർ. ഇരുവരും ബംഗ്ലാദേശ് ആസ്ഥാനമായ എബിടിയുടെ അംഗങ്ങളാണെന്ന് പൊലീസ് സംശയിക്കുന്നു. അബു തല്ല ബംഗ്ലാദേശ് പൗരനാണെന്നാണ് സംശയം.

    “സഹുറ ഖാത്തൂൻ ഉപയോഗിച്ചിരുന്ന ഫോണിൽ ചില ആക്ഷേപകരമായ കണ്ടന്‍റുകൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജിഹാദികൾ പരസ്പരം ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന അതേ ഡാർക്ക് നെറ്റ് ആപ്പുകളും ഫോണിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. അവൾ ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും എൻക്രിപ്റ്റ് ചെയ്ത സംഭാഷണങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന വളരെ അപൂർവമായ ചില ആപ്പുകൾ ഉപയോഗിക്കുന്നു. സംശയിക്കപ്പെടുന്ന മറ്റ് ജിഹാദികൾക്ക് അവൾ പണം അയച്ചതായി ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ വളരെ വ്യക്തമാണ്. അതിനാൽ ഞങ്ങൾ അവളെ അറസ്റ്റ് ചെയ്തു" - സിഎൻഎൻ ന്യൂസ് 18-നോട് സംസാരിച്ച എസ്പി അഭിജിത് ഗൗരവ് പറഞ്ഞു,

    “അവളുടെ ഭർത്താവ് അബു തല്ല മറ്റൊരു പ്രധാന പ്രതിയാണ്, അയാളെ ഞങ്ങൾ പിടികൂടാൻ ശ്രമിക്കുന്നു. സഹുറ ഖാത്തൂൻ ചോദ്യം ചെയ്യുന്നത് അവൻ എവിടെയാണെന്ന് അറിയാനും സഹായിക്കും. രാജ്യത്തിന്റെ ഈ ഭാഗത്ത് മതത്തിന്റെ പേരിലുള്ള തീവ്രവൽക്കരണം വ്യാപകമാണ്. അവരുടെ പ്രവർത്തനങ്ങൾ ഞങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നു, ”എസ്.പി കൂട്ടിച്ചേർത്തു.

    1999-ൽ ഹർകത്ത്-ഉൽ-മുജാഹിദ്ദീൻ സെൽ പിടികൂടിയപ്പോഴാണ് അസം പോലീസ് ആദ്യമായി ഒരു ഭീകരസംഘത്തെ തകർത്തത്. അതിനുശേഷം, ഹർകത്ത്-ഉൽ-ജിഹാദ് അൽ-ഇസ്‌ലാമി, ജമാത്ത്-ഉൽ-മുജാഹിദ്ദീൻ ബംഗ്ലാദേശ്, ഹിസ്ബുൾ മുജാഹിദ്ദീൻ, അൻസറുല്ല ബംഗ്ലാ ടീം എന്നിവയുടെ പ്രവർത്തകരെ പിടികൂടുകയും ലഘുലേഖകൾ പിടിച്ചെടുക്കുകയും ചെയ്തു.

    നിലവിൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന അൻസറുല്ല ബംഗ്ലാ ടീമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സജീവമായുള്ളത്. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് എബിടിയുടെ അഞ്ച് ലഘുലേഖകളും ഭീകരപ്രവർത്തകരെയും പിടികൂടിയിട്ടുണ്ട്. അസം പോലീസും കേന്ദ്ര ഏജൻസികളും ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സംഘങ്ങളെ പിടികൂടിയത്. തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ എബിടിയെ ബംഗ്ലാദേശിൽ നിരോധിച്ചിട്ടുണ്ട്.
    Published by:Anuraj GR
    First published: