ബുര്‍ഖയ്ക്ക് പകരം ജീന്‍സ് ധരിച്ചതിന് 22 കാരിയായ പെണ്‍കുട്ടിയെ അസമിലെ ഒരു കടയുടമ കൈയ്യേറ്റം ചെയ്യുകയും വാക്കാല്‍ അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പരാതി. പെണ്‍കുട്ടി മുസ്ലീം ആയതിനാല്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് ഇയാള്‍ പറഞ്ഞതായും പരാതിയില്‍ പരാമർശിക്കുന്നു. തന്റെ മകളെ അധിക്ഷേപിച്ചത് ചോദ്യം ചെയ്യാൻ എത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ കടയുടമയും മകനും ചേര്‍ന്ന് മര്‍ദിച്ചതായും ആരോപണമുണ്ട്. കടയുടമയെയും അദ്ദേഹത്തിന്റെ യുവാവായ മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ 25 നായിരുന്നു സംഭവം. അസമിലെ ബിശ്വനാഥ് ചരളിയിലുള്ള ഷോപ്പില്‍ നിന്ന് ഹെഡ്ഫോണ് വാങ്ങാനായിരുന്നു പെണ്‍കുട്ടി എത്തിയത്.
കടയുടമയായ നൂറുല്‍ അമീന് എന്ന ആള് ബിശ്വനാഥ് ചരളിയില്‍ ഇലക്ട്രോണിക് ആക്സസറീസ് കട നടത്തുകയാണ്. തൊട്ടടുത്തുള്ള ഇയാളുടെ വസതിയിലും കടയിലെ സാധനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. പോലീസ് പറയുന്നതനുസരിച്ച്, പെണ്‍കുട്ടി ഇയാളുടെ വസതിയില്‍ നിന്ന് ഒരു ജോടി ഹെഡ്ഫോണ് വാങ്ങാന്‍ പോയി. അവിടെ ബുര്‍ഖ ധരിക്കാതെ ജീന്‍സ് ധരിച്ച് എത്തിയതിന് അമീന് പെണ്‍കുട്ടിയെ അസഭ്യം പറയുകയും തള്ളുകയും ചെയ്തു. മുസ്ലീമായതിനാല്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് പറയുകയും പെൺകുട്ടിക്ക് നേരെ അയാള്‍ അധിക്ഷേപങ്ങള്‍ ചൊരിയുകയും ചെയ്തു. കൂടാതെ പെണ്‍കുട്ടിയെ തെരുവ് വേശ്യയെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തു.
കണ്ണീരോടെ വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം പിതാവിനോട് പറഞ്ഞതായി പോലീസ് പറഞ്ഞു. പ്രകോപിതനായ അവളുടെ പിതാവ്, അമീനോട് തന്റെ മകളോടുള്ള അധിക്ഷേപകരമായ പെരുമാറ്റത്തെക്കുറിച്ച് ചോദിക്കാന്‍ എത്തുകയും അമീനുമായി തര്‍ക്കത്തിലാവുകയും ചെയ്തു. തുടര്‍ന്ന് അമീന്റെ മകന് റഫീഖുല്‍ തന്റെ പിതാവിനെ ചോദ്യം ചെയ്തതിന് പെണ്‍കുട്ടിയുടെ പിതാവിനെ പരസ്യമായി മര്‍ദിച്ചു. ഒടുവില്‍ യുവതിയുടെ വീട്ടുകാര്‍ ബിശ്വനാഥ് ചരളി പോലീസ് സ്റ്റേഷനില്‍ നൂറുല്‍ അമീനെതിരെയും റഫീഖുലിനെതിരെയും പരാതി നല്‍കിയെന്ന് പോലീസ് പറഞ്ഞു. അറുപതുകാരനായ നൂറുല്‍ അമീന് പല സ്ത്രീകളോടും ഇത്തരത്തില്‍ പെരുമാറിയതായി പരാതിയുണ്ട്.
''ഞാന്‍ ഒരു ജോടി ഇയര്‍ഫോണ്‍ വാങ്ങാനായി അയാളുടെ വീട്ടില്‍ പോയി. അയാള്‍ എന്നെ ശാസിച്ചുകൊണ്ട് ആക്രോശിക്കുന്നത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. എന്താണ് പ്രശ്നമെന്ന് എനിക്ക് ആദ്യം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എന്നിട്ട് അയാള്‍ എന്നോട് പൊട്ടിത്തെറിച്ചു, ഞാന്‍ ജീന്‍സ് ധരിക്കേണ്ടതില്ലെന്ന് പറഞ്ഞു. ഞാന്‍ സല്‍വാര്‍ കമീസ്, ജീന്‍സ് തുടങ്ങിയ എല്ലാത്തരം വസ്ത്രങ്ങളും ധരിക്കാറുള്ള വ്യക്തിയാണ്. ബുര്‍ഖയോ ഹിജാബോ ധരിക്കുന്നത് മോശമായ കാര്യമാണെന്ന് ഞാന്‍ പറയുന്നില്ല, പക്ഷെ അയാള്‍ക്ക് എന്റെമേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ അവകാശമില്ല'' ന്യൂസ് ലൈവ് ടിവിയോട് സംസാരിക്കവെ യുവതി പറഞ്ഞു. ''എന്റെ സ്വഭാവത്തെ നിര്‍വചിക്കുന്നത് ഞാൻ ധരിക്കുന്ന വസ്ത്രങ്ങളല്ല,'' എന്നും അവർ കൂട്ടിച്ചേര്‍ത്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കടയുടമയ്ക്കും മകനുമെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബിശ്വനാഥ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദത്തിന് പഠനം നടത്തുകയാണ് യുവതിയെന്ന് പോലീസ് പറഞ്ഞു. ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ പ്രതിയുമായി സമാനമായ ഏറ്റുമുട്ടലുണ്ടായതായി പ്രദേശത്തെ മറ്റ് സ്ത്രീകളും പരാതിപ്പെട്ടിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assam, Burqa Issue, Muslim, Woman