• HOME
  • »
  • NEWS
  • »
  • india
  • »
  • School | അസമിലെ സര്‍ക്കാര്‍ ഗേൾസ് സ്‌കൂളുകൾ മിക്സഡ് സ്കൂളുകളാക്കും; കണക്കും സയൻസും ഇംഗ്ലീഷില്‍ പഠിപ്പിക്കും

School | അസമിലെ സര്‍ക്കാര്‍ ഗേൾസ് സ്‌കൂളുകൾ മിക്സഡ് സ്കൂളുകളാക്കും; കണക്കും സയൻസും ഇംഗ്ലീഷില്‍ പഠിപ്പിക്കും

ചരിത്ര പശ്ചാത്തലമുള്ള ഏതാനും സ്‌കൂളുകള്‍ ഒഴികെ സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളുകളും മിക്സഡ് സ്‌കൂളുകളാക്കി മാറ്റുമെന്ന് ആസാം വിദ്യാഭ്യാസ മന്ത്രി

  • Last Updated :
  • Share this:
    സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഗേൾസ് സ്‌കൂളുകളും മിക്സഡ് സ്‌കൂളുകളാക്കി (co-educational schools) മാറ്റാന്‍ അസം മന്ത്രിസഭ (assam cabinet) തീരുമാനിച്ചു. ഇതുകൂടാതെ, അസമീസ്, ബോഡോ, ബംഗാളി എന്നീ ഭാഷകള്‍ക്ക് പകരം ഗണിതവും സയന്‍സും ഇംഗ്ലീഷില്‍ (english) പഠിപ്പിക്കാനും തീരുമാനമായി.

    ചരിത്ര പശ്ചാത്തലമുള്ള ഏതാനും സ്‌കൂളുകള്‍ ഒഴികെ സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളുകളും മിക്സഡ് സ്‌കൂളുകളാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി റോണോജ് പെഗു മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 3 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് സയന്‍സും ഗണിതവും ഇംഗ്ലീഷില്‍ പഠിപ്പിക്കുമെന്നും അസമീസ്, ബോഡോ, ബംഗാളി ഭാഷകളില്‍ പഠിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ഇതുകൂടാതെ, സംസ്ഥാനത്തെ ഓരോ ജില്ലകളിലെയും 5-10 സ്‌കൂളുകളില്‍ എല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ പഠിപ്പിക്കും. ഈ സ്‌കൂളുകളിലെ 6 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏത് ഭാഷയാണ് പഠന മാധ്യമമാക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.

    സെക്കന്‍ഡറി സ്‌കൂളുകളില്‍ സാമൂഹ്യശാസ്ത്ര വിഷയത്തിന് പകരം ജോഗ്രഫി, ഹിസ്റ്ററി എന്നീ രണ്ട് വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഫീസ് റെഗുലേറ്ററി അതോറിറ്റിയില്‍ സ്വകാര്യ സ്‌കൂളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. '' ഏകദേശം 6,000 സ്വകാര്യ സ്‌കൂളുകള്‍ സംസ്ഥാനത്ത് ഉണ്ട്. അതില്‍ 1,800 എണ്ണം ഇപ്പോള്‍ ഫീസ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു.

    സംസ്ഥാനത്തിന്റെ പുതിയ ടൂറിസം പോളിസിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. തേയിലത്തോട്ടങ്ങളിലെ പൈതൃക ബംഗ്ലാവുകളുടെ അറ്റകുറ്റപ്പണികള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും, മാനസ് നാഷണല്‍ പാര്‍ക്കില്‍ ടൂറിസ്റ്റ് ഹോട്ടല്‍ സ്ഥാപിക്കുന്നതിനുമായി മന്ത്രിസഭ 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

    ടീ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, എസ്റ്റേറ്റുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി യോഗത്തിന് ശേഷം മന്ത്രി ജയന്ത മല്ല ബറുവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനായി പൈതൃക ബംഗ്ലാവുകളുള്ള 50 തേയില തോട്ടങ്ങള്‍ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതായി ടൂറിസം മന്ത്രി പറഞ്ഞു. 2022-23 ലെ ബജറ്റില്‍ ടീ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

    വിവിധ ടൂറിസം വ്യവസായങ്ങളില്‍ പ്രദേശത്തെ ജനങ്ങളെ നേരിട്ടും അല്ലാതെയും ഉള്‍പ്പെടുത്താനും ഹോം സ്‌റ്റേകളുടെ വികസനത്തെ പിന്തുണയ്ക്കാനും ടൂറിസം, ഗതാഗത മേഖലകളുടെ ഏകോപനത്തിനുമായാണ് പോളിസി ലക്ഷ്യമിടുന്നതെന്നും ബറുവ പറഞ്ഞു. അസമിന്റെ ആദ്യ മുഖ്യമന്ത്രി ലോകപ്രിയ ഗോപിനാഥ് ബൊര്‍ദോലോയിയുടെ ചരമവാര്‍ഷിക ദിനമായ ആഗസ്റ്റ് 5 ന് ലോക് കല്യാണ്‍ ദിവസ് ആയി ആചരിക്കാനും മന്ത്രിസഭയിൽ തീരുമാനിച്ചു.
    Published by:Amal Surendran
    First published: