• HOME
  • »
  • NEWS
  • »
  • india
  • »
  • C-section | പ്രസവത്തിന് ഇനി മുഹൂർത്തം കുറിക്കില്ല; തെലങ്കാനയിൽ സിസേറിയന് 'നോ' പറഞ്ഞ് ജ്യോത്സ്യന്‍മാരും

C-section | പ്രസവത്തിന് ഇനി മുഹൂർത്തം കുറിക്കില്ല; തെലങ്കാനയിൽ സിസേറിയന് 'നോ' പറഞ്ഞ് ജ്യോത്സ്യന്‍മാരും

പ്രസവസമയം നിശ്ചയിക്കാനായി തങ്ങളെ സമീപിക്കരുതെന്ന് അഭ്യർഥിച്ച് സ്ഥാപനങ്ങളിലും അമ്പലങ്ങളിലും പോസ്റ്ററുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

പ്രതീകാത്മക ചിത്രം (Credits: Shutterstock)

പ്രതീകാത്മക ചിത്രം (Credits: Shutterstock)

  • Share this:
    പ്രസവത്തിന് മുഹൂർത്തം കുറിച്ച് സിസേറിയനെ പ്രോത്സാഹിപ്പിക്കരുതെന്ന സർക്കാർ നിർദ്ദേശത്തിന് പിന്തുണയുമായി തെലങ്കാനയിലെ കരീം നഗറിലെ ജ്യോതിഷ സമൂഹം. സുഖപ്രസവം പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായുള്ള ജില്ലാ ഭരണകൂടത്തിൻെറ പദ്ധതിക്ക് പൂർണ പിന്തുണയാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്. കരീം നഗർ ജില്ലാ കളക്ടർ കർണൻ വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്.

    "നക്ഷത്രം നോക്കി ഗണിച്ച് പ്രസവത്തിന് നല്ല സമയം കുറിക്കുകയെന്നത് ഇവിടെ സാധാരണ നടക്കുന്ന കാര്യമാണ്. ഇതിനായി പ്രസവത്തിന് മുമ്പ് ജ്യോത്സ്യൻമാരെ കാണും. അവർ കുറിക്കുന്ന സമയത്ത് കുഞ്ഞിനെ പുറത്തെടുക്കുന്നതിനായി സിസേറിയൻ നടത്തുകയാണ് പതിവായി ചെയ്യുന്നത്," കരിം നഗർ ജില്ലാ കളക്ടർ ആർ വി കർണൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ജ്യോത്സ്യന്മാരെയും പണ്ഡിതരെയും സീനിയർ ഗൈനക്കോളജിസ്റ്റുകളെയും കുട്ടികളുടെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്ന പ്രൊജക്ട് ഓഫീസർമാരെയും വിളിച്ച് ചേർത്താണ് കളക്ടർ യോഗം ചേർന്നത്.

    ഡോക്ടർമാരുടെ മേൽനോട്ടത്തിലുള്ള സാധാരണ പ്രസവം പ്രോത്സാഹിപ്പിക്കണമെന്നതായിരുന്നു യോഗത്തിൻെറ പ്രധാന അജണ്ട. "പ്രസവം സങ്കീർണമാവുന്ന തരത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളപ്പോൾ മാത്രമാണ് സിസേറിയൻ നിർദ്ദേശിക്കേണ്ടത്. അതല്ലെങ്കിൽ ഓപ്പറേഷൻെറ യാതൊരു ആവശ്യവുമില്ല. പ്രസവത്തിന് മുഹൂർത്തം നിശ്ചയിക്കുന്ന തരത്തിലുള്ള അശാസ്ത്രീയമായ രീതികൾ പിന്തുടരരുതെന്ന് ജ്യോത്സ്യന്മാരോടും പണ്ഡിതരോടും അഭ്യർഥിച്ചിട്ടുണ്ട്. പ്രസവം വളരെ സാധാരണനിലയിലാണ് നടക്കേണ്ടത്. അതിന് മുഹൂർത്തവും സമയവും നിശ്ചയിക്കുന്നത് ശാസ്ത്രീയമായ രീതിയല്ല," കർണൻ പറഞ്ഞു.

    ചില ഡോക്ടർമാരും സിസേറിയനെ പ്രോത്സാഹിപ്പിക്കുന്നവരാണ്. മുഹൂർത്തം നിശ്ചയിച്ചതിനനുസരിച്ച് പ്രസവം നടക്കാൻ ഓപ്പറേഷനാണ് നല്ലതെന്ന് ഇവർ അമ്മമാരോട് പറയുന്നു. ഇത് ശരിയായ രീതിയല്ലെന്നും കർണൻ വ്യക്തമാക്കി. സുഖപ്രസവത്തെക്കുറിച്ച് സ്ത്രീകളെ ബോധവൽക്കരിക്കുകയാണ് ഡോക്ടർമാർ ചെയ്യേണ്ടത്. സിസേറിയൻെറ ദൂഷ്യഫലങ്ങളെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കണമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.

    കളക്ടറുമായുള്ള യോഗത്തിന് ശേഷം ജ്യോത്സ്യന്മാരും പണ്ഡിതരുമെല്ലാം ചേർന്ന് മറ്റൊരു പ്രത്യേക യോഗവും ചേർന്നു. ഇനി തങ്ങൾ പ്രസവത്തിന് മുഹൂർത്തമോ സമയമോ തീരുമാനിക്കില്ലെന്ന് ഈ യോഗത്തിലാണ് തീരുമാനമെടുത്തത്. പ്രസവസമയം നിശ്ചയിക്കാനായി തങ്ങളെ സമീപിക്കരുതെന്ന് അഭ്യർഥിച്ച് സ്ഥാപനങ്ങളിലും അമ്പലങ്ങളിലും പോസ്റ്ററുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

    "ഏതെങ്കിലും പ്രത്യേക മുഹൂർത്തത്തിൽ പ്രസവിക്കാൻ ഞങ്ങൾ ഇത് വരെ ഒരു സ്ത്രീയോടും ആവശ്യപ്പെട്ടിട്ടില്ല. കുട്ടികളുടെ ജനനം വളരെ സ്വാഭാവികമായി നടക്കേണ്ടതാണ്. അതിൻെറ സമയം ദൈവമാണ് തീരുമാനിക്കുന്നത്. എന്നാൽ ശസ്ത്രക്രിയ നടത്തുന്നതിന് മുഹൂർത്തം കുറിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ തങ്ങളെ സമീപിച്ചാൽ എന്ത് ചെയ്യും?," കരിം നഗറിലെ ജ്യോതിഷ പണ്ഡിതനായ നാഗരാജ ശർമ ചോദിച്ചു.

    നീതി ആയോഗ് പുറത്തുവിട്ട 2021ലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ സിസേറിയനിലൂടെ പ്രസവം നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തെലങ്കാന. സംസ്ഥാനത്തെ 53.51 പ്രസവവും നടക്കുന്നത് ശസ്ത്രക്രിയയിലൂടെയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാണ് ഒന്നാം സ്ഥാനത്തുള്ളത്. 55.15 ശതമാനം പ്രസവങ്ങളും തമിഴ്നാട്ടിൽ ശസ്ത്രക്രിയയിലൂടെയാണ് നടക്കുന്നതെന്ന് കണക്കുകൾ പറയുന്നു.
    Published by:Naveen
    First published: