യുനെസ്കോ സമ്മേളനത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവാദത്തിന്റെ ഡിഎൻഎ പേറുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് യുനെസ്കോ സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ച അനന്യ അഗർവാൾ തുറന്നടിച്ചു. പാകിസ്ഥാൻ ഭീകരതയും മതമൗലികതയും ഉൾപ്പെടെയുള്ള ഇരുട്ടിന്റെ കേന്ദ്രമാണെന്നും ഇന്ത്യ വിമർശിച്ചു.
കടക്കെണിയിലായ പാക്കിസ്ഥാന്റെ ജനിതകത്തിൽ തന്നെ ഭീകരതയുണ്ട്. അനുദിനം ദുർബലമായി കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ, ഇടുങ്ങിയ ചിന്താഗതി വച്ചുപുലർത്തുന്ന, വികസനത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന യാഥാസ്ഥിതികമായ സമൂഹം. ഭീകരതയ്ക്കുള്ള വേരോട്ടം തുടങ്ങിയ ഘടകങ്ങൾ പാക്കിസ്ഥാനെ പരാജിത രാഷ്ട്രമാക്കി മാറ്റിയെന്നും ഇന്ത്യ യുനെസ്കോ സമ്മേളനത്തിൽ പറഞ്ഞു.
ആണവശക്തികളായ അയൽക്കാർ പോരാടിയാൽ പരിണിതഫലം അതിർത്തികൾക്കപ്പുറം പ്രതിഫലിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്റെ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനം നടത്തിയ ഇന്ത്യ, യുഎൻ പോലുള്ള വേദിയെ പോലും ആണവ യുദ്ധ ഭീഷണി ഉയർത്താനുള്ള വേദിയാക്കി മാറ്റിയ നേതാവുള്ള രാജ്യമാണ് പാകിസ്ഥാനെന്ന് പരിഹസിച്ചു.
കൊടുംഭീകരരായ ഒസാമ ബിന്‍ ലാദനും അയ്മന് അല്‍ സവാഹിരിയും ജലാലുദ്ദീന്‍ ഹഖാനിയും പാക്കിസ്ഥാനിലെ നായകന്മാരായിരുന്നെന്ന പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ പ്രസ്താവനയും അനന്യ അഗർവാൾ പരാമർശിച്ചു.
ഭീകരർക്കു സഹായം നൽകുന്ന രാജ്യമാണ് പാകിസ്ഥാൻ. ന്യൂനപക്ഷങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും കൊടിയ പീഡനങ്ങൾക്കും ഇരയാകുമ്പോഴും ചെറുവിരൽ അനക്കാതെ രാജ്യാന്തര വേദികളിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കു സംരക്ഷണം നൽകാതെ അവരെ ചേർത്തുപിടിക്കാതെ ഭീകരതയെ നട്ടുനനച്ചു വളർത്തുന്ന പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളും വ്യാജ തെളിവുകളുമായി രംഗത്തു വരികയാണെന്നും അവർ ആരോപിച്ചു.
1947 ൽ പാകിസ്ഥാൻ രൂപീകൃതമായപ്പോൾ 23 ശതമാനത്തോളം ഉണ്ടായിരുന്ന ന്യൂനപക്ഷം ഇന്ന് വെറും മൂന്നു ശതമാനം മാത്രമാണ്. പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയാണെന്നും നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കപ്പെടുകയാണെന്നുള്ളതിനു ഇതിലും വലിയ മറ്റൊരു തെളിവ് ആവശ്യമാണോ എന്നും അനന്യ ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.